മതംമാറ്റത്തെപ്പറ്റി പറയും മുമ്പ്...
'മതപരിവര്‍ത്തനവും മനുഷ്യാവകാശവും' എന്ന വിഷയത്തെക്കുറിച്ച് ഒരു വനിതാസംഘടന സംഘടിപ്പിച്ച സംവാദത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, നിലമ്പൂര്‍ സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകയുടെ അനുഭവവിവരണം മനസ്സില്‍ത്തട്ടുന്നതായിരുന്നു. സവര്‍ണജാതിക്കാരനായ യുവാവിനെ വിവാഹം കഴിച്ച അവര്‍ണവിxഭാഗത്തില്‍പ്പെടുന്ന യുവതി പറഞ്ഞ കാര്യങ്ങളാണ് ആ സാമൂഹ്യപ്രവര്‍ത്തക വിവരിച്ചത്.
''കേരളത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങളില്ലെന്നു പല രാഷ്ട്രീയനേതാക്കളും പ്രസംഗവേദിയില്‍ വീമ്പിളക്കാറുണ്ടല്ലോ. ഉത്തരേന്ത്യയെപ്പോലെയല്ല കേരളമെന്നും ജാതീയമായ വിവേചനത്തിന്റെ പേരില്‍ മതംമാറാന്‍ വിധിക്കപ്പെട്ട അവസ്ഥ ഇപ്പോഴില്ലെന്നും അവര്‍ വാദിക്കുന്നുണ്ട്. എന്നാല്‍, എന്നെപ്പോലുള്ളവര്‍ ജാതിവിവേചനത്തിന്റെ പേരില്‍ എത്രമാത്രം കണ്ണീരു കുടിക്കുന്നുണ്ട് എന്നറിയാമോ.''
വിവാഹം കഴിഞ്ഞു വര്‍ഷമേറെ കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ തനിക്കു കഴിയുന്നില്ലെന്നാണ് ആ യുവതി പറയുന്നത്. ഭര്‍ത്താവ് സ്‌നേഹസമ്പന്നനാണ്. തന്റെ വീട്ടില്‍ താമസിക്കാമെന്ന് അദ്ദേഹം നിര്‍ബന്ധിക്കാറുമുണ്ട്. അതനുസരിച്ച് അവിടെപ്പോയി താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തന്നെ കാണുമ്പോള്‍ കടന്നല്‍ കുത്തിയ മുഖഭാവത്തോടെയാണു ഭര്‍ത്തൃവീട്ടുകാര്‍ പെരുമാറാറുള്ളതെന്നാണത്രെ ആ യുവതി പറഞ്ഞത്.
ഭര്‍ത്താവ് കേള്‍ക്കാതിരിക്കാന്‍ പരസ്യമായി ഒന്നും പറഞ്ഞെന്നു വരില്ല. പക്ഷേ, തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റമായിരിക്കും. പാത്രങ്ങള്‍ എത്ര വൃത്തിയായി കഴുകിയാലും 'എന്തെങ്കിലും വൃത്തിയില്‍ ചെയ്ത ശീലിച്ച പാരമ്പര്യമുണ്ടെങ്കിലല്ലേ' എന്ന കുറ്റപ്പെടുത്തലായിരിക്കും കേള്‍ക്കേണ്ടിവരുന്നത്. നേരത്തെ ഉണര്‍ന്നെഴുന്നേറ്റാലും എഴുന്നേറ്റില്ലെങ്കിലും മുറ്റമടിച്ചാലുമില്ലെങ്കിലും എവിടേയ്‌ക്കെങ്കിലും അണിഞ്ഞൊരുങ്ങി ഇറങ്ങിയാലും വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചില്ലെങ്കിലും കേള്‍ക്കേണ്ടിവരുന്നതു മുള്ളും മുനയും വച്ച വാക്കുകളായിരിക്കും.
കുട്ടികളുണ്ടായിട്ടും ഭര്‍ത്തൃവീട്ടുകാരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. കുട്ടികള്‍ക്കുകൂടി കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടെന്നു കരുതി ഇപ്പോള്‍ ചെറിയൊരു വാടകവീട്ടിലേയ്ക്കു താമസം മാറിയിരിക്കുകയാണ് ആ കുടുംബം. ഇപ്പോള്‍ താമസിക്കുന്നത് അഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശത്താണ്. ''ഇവിടെയാകുമ്പോള്‍ ആരുടെയും കുറ്റപ്പെടുത്തലില്ല. ഏതു വിട്ടിലും പ്രവേശനം കിട്ടും. വെറുതെയല്ല, അവര്‍ണജാതിക്കാര്‍ മതംമാറുന്നത്.'' എന്നായിരുന്നു ആ യുവതിയുടെ വാക്കുകള്‍.
ഇനി നേരിട്ടുണ്ടായ മറ്റൊരു അനുഭവം ഇവിടെ വിവരിക്കട്ടെ. ഒരു ബന്ധുവീട്ടില്‍ കഴിഞ്ഞദിവസം പോയിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് മരണം നടന്ന വീടാണ്. ഗൃഹനാഥന്റെ ഭാര്യയുടെ അടുത്തബന്ധു അവിടെയുണ്ടായിരുന്നു. അദ്ദേഹം ആറു വര്‍ഷംമുമ്പ് സി.ബി.ഐയില്‍നിന്നു ഡി.വൈ.എസ്.പിയായി വിരമിച്ചയാളാണ്. ആളെ കണ്ടാല്‍ അത്രയും മുമ്പ് വിരമിച്ചയാളാണെന്നു തോന്നില്ല. അക്കാര്യം തുറന്നുപറയുകയും ചെയ്തു.
''നിങ്ങള്‍ പറഞ്ഞതു ശരിയാണ്. വിരമിക്കല്‍ പ്രായമായിട്ടു വിരമിച്ചയാളല്ല ഞാന്‍. സ്വമേധയാ വിരമിച്ചതാണ്. കുറച്ചുനാള്‍കൂടി കാത്തിരുന്നെങ്കില്‍ എസ്.പിയായി പ്രമോഷനാകുമായിരുന്നു.'' അദ്ദേഹം പറഞ്ഞു.
''അതായിരുന്നില്ലേ നല്ലത്. സി.ബി.ഐയിലെ ജോലി വളരെ അഭിമാനമുള്ളതല്ലേ. പെന്‍ഷനിലും കാര്യമായ വ്യത്യാസമുണ്ടാകുമായിരുന്നില്ലേ.''.. സ്വാഭാവികമായ കൗതുകത്തോടെ ചോദിച്ചു.
''എസ്.പി തസ്തികയേക്കാളും പെന്‍ഷന്‍ വര്‍ധനയേക്കാളും വലുതല്ലേ.., അഭിമാനം.''
ഇത്രയും പറഞ്ഞ് അദ്ദേഹം 'അഭിമാനക്ഷത'ത്തിന്റെ കാര്യം വിശദീകരിച്ചു. അതിങ്ങനെയാണ്. ദീര്‍ഘകാലം ഈ ഉദ്യോഗസ്ഥന്റെ കീഴ്ജീവനക്കാരനായി ജോലി ചെയ്ത ഒരു ദലിത് ഉദ്യോഗസ്ഥന്‍ സംവരണാനുകൂല്യത്തിന്റെ ഭാഗമായി ഉയര്‍ന്ന തസ്തികയിലെത്തി. തന്നെ സല്യൂട്ട് ചെയ്തവനെ താന്‍ സല്യൂട്ട് ചെയ്യേണ്ട അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാന്‍ കഴിഞ്ഞില്ല. കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനായി ചുമതലയെടുക്കുന്ന ദിവസം രാജിവച്ചു സി.ബി.ഐയോടു സല്യൂട്ട് പറഞ്ഞുവെന്നാണ് 'ജാത്യഭിമാനി'യായ അദ്ദേഹം അഭിമാനത്തോടെ പറഞ്ഞത്.
അതു കഴിഞ്ഞ് അദ്ദേഹം ജാതിഭേദത്തിനു കാരണമായ സംസ്‌കാരഭേദത്തെക്കുറിച്ചു പറയാന്‍ തുടങ്ങി. താഴ്ന്നജാതിക്കാരോടു വിരോധമുള്ളതുകൊണ്ടല്ല അവര്‍ ഉന്നതമായ സാംസ്‌കാരികതലത്തിലേയ്ക്കു ഉയരാത്തതുകൊണ്ടാണു കുറ്റപ്പെടുത്തേണ്ടിവരുന്നതെന്നായിരുന്നു ന്യായീകരണം. സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും അവര്‍ണര്‍ക്ക് ഉന്നതനിലവാരം പുലര്‍ത്താന്‍ കഴിയില്ലെന്നു ബോധ്യമായതുകൊണ്ടല്ലേ അവര്‍ക്കു സംവരണം ഏര്‍പ്പെടുത്തേണ്ടിവന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. സംവരണം ഏര്‍പ്പെടുത്തിയതുകൊണ്ടു മാത്രം സംസ്‌കാരവും നിലവാരവും ഉയരില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഇത്രയും പറഞ്ഞത് ആരെയെങ്കിലും കുറ്റപ്പെടുത്താനല്ല. ജാതിവിവേചനം നിയമം മൂലം നിരോധിക്കപ്പെട്ട ഈ രാജ്യത്തു ജനങ്ങളുടെ മനസ്സില്‍ ജാതിവിവേചനമനോഭാവത്തിന്റെ അടിവേരുകള്‍ എത്ര ശക്തമായി നിലനില്‍ക്കുന്നുവെന്നു ബോധ്യപ്പെടുത്താനാണ്. മകനോ മകളോ അടുത്തബന്ധുവോ വിവാഹം കഴിച്ച അവര്‍ണവിഭാഗത്തില്‍പ്പെട്ടയാളെ അംഗീകരിക്കാനാവാത്തവരും ജാതിയില്‍ത്താണവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് ഉദ്യോഗം വലിച്ചെറിയുന്നതാണെന്നു വിശ്വസിക്കുന്നവരും ഇന്നും കേരളത്തില്‍പ്പോലും വേണ്ടത്രയുണ്ട്.
പ്രസംഗവേദിയില്‍ ഒരുപക്ഷേ, നിങ്ങള്‍ക്കതു കാണാനോ കേള്‍ക്കാനോ കഴിയില്ല. പ്രസംഗത്തിലും എഴുത്തിലും മിക്കവരും പുരോഗമനവാദികളായിരിക്കും. പക്ഷേ, അത്തരക്കാരില്‍ ഉറഞ്ഞുകിടക്കുന്ന ജാതിചിന്ത ബോധ്യപ്പെടണമെങ്കില്‍ അടുത്തറിയണം. അണ്ടിയോടടുക്കുമ്പോഴാണു മാങ്ങയുടെ പുളിയറിയുക എന്നാണല്ലോ ചൊല്ല്. ഇതിന്റെ പ്രതിഫലനമാണു കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജാവിധികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട അവര്‍ണശാന്തിക്കാരില്‍ ചിലര്‍ക്കു നേരേ ഉയര്‍ന്നുവന്ന ഒളിയമ്പുകള്‍. അവര്‍ണന്‍ പൂജ നടത്തുന്ന ക്ഷേത്രങ്ങള്‍ പരോക്ഷമായി ബഹിഷ്‌കരിക്കാന്‍പോലും ഭാവിയില്‍ ശ്രമം നടന്നാല്‍ അത്ഭുതപ്പെടാനില്ല. ശ്രീനാരായണഗുരു പ്രതിഷ്ഠനടത്തിയ ക്ഷേത്രങ്ങളെ തന്ത്രൂപൂര്‍വം അവഗണിച്ച ജാതീക്കോമരങ്ങളുടെ നാടാണല്ലോ ഇത്.
കേരളത്തില്‍ മതംമാറ്റം വ്യാപകമായി നടന്നത് അതിഭീകരമായ ജാതിവിവേചനത്തിന്റെ അനന്തരഫലമായാണെന്നതു ചരിത്രയാഥാര്‍ഥ്യമാണല്ലോ. പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ തടസ്സമില്ലാത്ത വഴിയിലൂടെ അവര്‍ണനു നടക്കാന്‍ അനുവാദമില്ലാതിരുന്ന കാലമുണ്ടായിരുന്നു. അവര്‍ണനു മനുഷ്യാവകാശമുണ്ടെന്ന് അംഗീകരിക്കാത്ത കാലമുണ്ടായിരുന്നു. അതൊക്കെയാണ്, വിവേചനമില്ലാത്ത, സമത്വവും മനുഷ്യാവകാശവും അംഗീകരിക്കുന്ന മതങ്ങളിലേയ്ക്ക് അവര്‍ണര്‍ മാറാന്‍ വഴിയൊരുക്കിയത്.
ഇന്നു ഹിന്ദു അഭിമാനത്തിന്റെ പേരില്‍ മറ്റു മതങ്ങള്‍ക്കെതിരേ കുതിരകയറാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടതെന്താണ്. ജാതിവിവേചനത്തിന്റെ ഭാഗമായി തെളിഞ്ഞും ഒളിഞ്ഞും നടക്കുന്ന പോര്‍വിളികള്‍ക്കെതിരേ രംഗത്തുവരണം. മതം വ്യക്തിനിഷ്ഠമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അധികാരമില്ല. എന്നാല്‍, ജാതീയത സാമൂഹ്യമായ തിന്മയാണ്. അതിനെ ന്യായീകരിക്കാനല്ല, ഇല്ലായ്മ ചെയ്യാനാണു മനുഷ്യനന്മയില്‍ വിശ്വസിക്കുന്നവരെല്ലാം ശ്രമിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."