പ്രകാശം പരത്തുന്ന പെണ്‍കുട്ടി
ഒരു ഗാനം നന്നായോ എന്നു വിധിക്കേണ്ടതു ശ്രോതാക്കളാണ്. അത്തരമൊരു വിലയിരുത്തല്‍ നടത്തിയാല്‍ നൂറുശതമാനം വിജയം നേടിയ പാട്ടുകാരിയാണ് പതിനൊന്നുകാരി ഫാത്തിമ അന്‍ഷി. കാഴ്ചയുള്ളവരെയെല്ലാം തോല്‍പ്പിച്ച പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ഒരിക്കലും നിലക്കാത്ത ഗാനവീചികള്‍ തന്നെയാണ് അന്‍ഷിയ്ക്കു ചുറ്റും വെളിച്ചമേകുന്നത്.
കണ്ണില്‍ ഇരുട്ടായി ജനിച്ച അന്‍ഷി ലോകം മുഴുവന്‍ കാണുന്നതു കാഴ്ചയുടെ ഉടുപ്പണിയാത്ത പാട്ടുകളിലൂടെയാണ്. റിയാലിറ്റി ഷോകളിലെ മിന്നുംതാരമായ ഈ പെണ്‍കുട്ടി സംഗീതത്തിലൂടെ ജൈവികമായ പരിമിതികളെ മറികടക്കുന്നു. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം അവള്‍ മധുരിതമായ ശബ്ദത്തിലൂടെ പങ്കുവയ്ക്കുന്നു.
നാലാം ക്ലാസില്‍ തുടക്കം
സംഗീതത്തില്‍ അന്‍ഷിയുടെ പ്രതിഭ തൊട്ടറിഞ്ഞ സംഗീതാധ്യാപകന്‍ നിസാര്‍ തൊടുപുഴ തന്നെയാണ് അവള്‍ക്കു മുന്നോട്ടുള്ള വഴി തെളിയിച്ചുകൊടുത്തത്. നിസാറിന്റെ നിര്‍ദേശപ്രകാരം പിതാവ് മേലാറ്റൂര്‍ എടപ്പൊറ്റ തൊടുകുഴിക്കുന്നുമ്മല്‍ അബ്ദുല്‍ ബാരിയും ഉമ്മ ഷംലയും മകള്‍ക്കു വെളിച്ചമായി നിന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ച അന്‍ഷി സ്‌കൂള്‍ കലോത്സവങ്ങളിലെ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും കഥാപ്രസംഗത്തിലും ദേശഭക്തിഗാനത്തിലും പലവട്ടം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
നാലാം ക്ലാസ് മുതല്‍തന്നെ സ്‌കൂള്‍തല മത്സരങ്ങളില്‍ അന്‍ഷി സമ്മാനങ്ങള്‍ വാരിക്കൂട്ടിത്തുടങ്ങിയിരുന്നു. മലപ്പുറം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തില്‍ ഏഴാം ക്ലാസിലാണ് അന്‍ഷി ഇപ്പോള്‍ പഠിക്കുന്നത്. സ്‌കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം മുന്‍പന്തിയിലുണ്ട് അവള്‍.
റിയാലിറ്റി ഷോയും ബ്രാന്‍ഡ് അംബാസഡറും
ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ സെമിഫൈനല്‍ വരെ എത്തിയ ഈ മിടുക്കിയിപ്പോള്‍ കുട്ടിപ്പട്ടുറുമാല്‍ റിയാലിറ്റി ഷോയില്‍ മത്സരരംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.
പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം കരുവാരകുണ്ടിന്റെ വരികള്‍ക്കു സ്വന്തമായി ഈണം നല്‍കിയാണ് അന്‍ഷി മത്സരത്തില്‍ ഫൈനല്‍ റൗണ്ടിലെത്തിയിട്ടുള്ളതെന്നത് ഈ കൊച്ചുമിടുക്കിയുടെ കഴിവിന്റെ തെളിവാണ്. യൂടൂബില്‍ അന്‍ഷിയുടെ പാട്ടുകള്‍ക്കു കാഴ്ചക്കാര്‍ ലക്ഷങ്ങളാണ്. ഹൃദയം തൊടുന്ന അവളുടെ പാട്ടുകള്‍ ഒരു നിമിഷം നമുക്കകത്തു ഭാവലയതാളം തീര്‍ക്കും.
ഏതൊരു പാട്ടും ഒരൊറ്റ മാത്രയില്‍ കേട്ടാല്‍ മതി, അതിന്റെ രാഗം അന്‍ഷി പറയും. ഇപ്പോള്‍ ശാസ്ത്രീയ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സ്‌കൂളിലെ അധ്യാപികയായ സജ്‌നയാണു ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നത്. വ്യത്യസ്തമായ വൈകാരികാനുഭൂതി പകരുന്നതാണ് അന്‍ഷിയുടെ ഗാനാലാപനം. തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന മൃദുനാദമല്ല. കാതുകളെ ഇക്കിളികൂട്ടുന്ന ശബ്ദവുമല്ല. മഞ്ചാടിക്കുരുവിന്റെ പരുപരുപ്പുള്ള, കുട്ടിത്തമുള്ള ശബ്ദം. ഏതു ഭാവവും വന്നുനിറയുന്നു അതില്‍. ഒരു ചിത്രത്തില്‍ പിന്നണി ഗായികയായിട്ടുമുണ്ട് അവള്‍.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹോദരന്‍ ജോര്‍ജ് കണ്ണന്താനം നേതൃത്വം നല്‍കുന്ന 'അന്ധതയില്‍നിന്നു വെളിച്ചത്തിലേക്ക്' എന്ന സന്ദേശത്തിലുള്ള 'പ്രൊജക്ട് വിഷന്‍' പദ്ധതിയുടെ കേരള ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അന്‍ഷി. ഇന്റര്‍നെറ്റ് വഴി ലോകസംഗീതങ്ങള്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്ന ഇവള്‍ക്ക് ഏറെ ഇഷ്ടം റഷ്യന്‍ സംഗീതമാണ്. 12 ലോകഭാഷകള്‍ ഇതിനകം പഠിച്ചുകഴിഞ്ഞു.
ഉമ്മയെ കണ്ണോടെ കാണണം
ഉമ്മയും ഉപ്പയുമാണ് അന്‍ഷിയുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍. ഉമ്മയെക്കുറിച്ചാണ് അവള്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളതും. ഒരിക്കല്‍ കാഴ്ചയുടെ സൗഭാഗ്യലോകത്തേക്ക് എത്തുമെന്നു തന്നെയാണ് അന്‍ഷിയുടെ വിശ്വാസം. കാണാത്ത ഉമ്മയുടെ മനോഹരമായ ചിരി കാണണം. അന്‍ഷിയുടെ പ്രാര്‍ഥനയാണത്.
കാഴ്ചയില്ലായ്മയുടെ ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് ഒരുനിമിഷം മനസുകൊണ്ട് മടങ്ങിപ്പോകുമ്പോള്‍ ഇനിയും കാണാത്ത ഉമ്മയുടെ അമൂര്‍ത്തമായ മുഖം തെളിയും. വെളിച്ചത്തിന്റെ വെളിച്ചമായ ഉമ്മയുടെ കൈവിരലുകളാല്‍ ലോകം തന്നെ പൊതിയുന്നതായി അന്‍ഷിക്ക് തോന്നും.
സിവില്‍ സര്‍വിസില്‍ കയറിപ്പറ്റണമെന്നാണു സ്വപ്നം. വെറും സ്വപ്നമല്ല, അതിനായി ഇപ്പോള്‍ തന്നെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു ഈ മിടുക്കി. നിരന്തര പരിശീലനങ്ങള്‍... മുടങ്ങാത്ത വായനകള്‍.. പഠനങ്ങള്‍.. മനനങ്ങള്‍... അങ്ങനെയങ്ങനെ.
കണ്ണില്ലാത്ത മകളെക്കുറിച്ചോര്‍ത്ത് ഏറെ സങ്കടപ്പെട്ടിരുന്ന രക്ഷിതാക്കള്‍ മകളുടെ കഴിവില്‍ അഭിമാനം കൊണ്ട് അതീവ സന്തുഷ്ടരാണിപ്പോള്‍. ഏകമകള്‍ക്കായാണ് അവരുടെ ജീവിതം തന്നെ. പാട്ടില്‍ മാത്രമല്ല മനോഹരമായി കീബോര്‍ഡ് വായനയിലും അന്‍ഷി മിടുക്കിയാണ്. ആകാശവാണിയിലും നിരവധി ടെലിവിഷന്‍ പരിപാടികളിലും നിറസാന്നിധ്യമായ അവളെ മലയാള ഗാനരംഗത്തെ കുലപതി യേശുദാസും സംഗീതസംവിധായകന്‍ എം. ജയചന്ദ്രനും അംഗീകാരങ്ങളും പ്രശംസകളും കൊണ്ടു മൂടിയിട്ടുണ്ട്.
ഒരര്‍ഥത്തില്‍ ഈ അംഗീകാരം തന്നെയല്ലേ ഒരു ഗായികയ്ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിഫലവും! സംഗീതത്തിന്റെ സ്‌നേഹത്തണലിലിരുന്ന് ഫാത്തിമ അന്‍ഷി പുതിയ ലോകങ്ങള്‍ കീഴടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."