അനാവശ്യഹരജി: ആരോഗ്യ സര്‍വകലാശാലക്ക് സുപ്രിംകോടതി 20,000 രൂപയുടെ പിഴചുമത്തി
ന്യൂഡല്‍ഹി: ആറുസ്വാശ്രയ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കേരളാ ആരോഗ്യസര്‍വകലാശാലയ്ക്ക് സുപ്രിംകോടതി 20,000 രൂപ പിഴശിക്ഷ വിധിച്ചു. നിയമനടപടികള്‍ ദുരുപയോഗംചെയ്തതിനാണ് പിഴശിക്ഷ.
ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. പിഴസംഖ്യയായ 20,000 രൂപ രണ്ടാഴ്ചയ്ക്കകം സുപ്രിംകോടതി ലീഗല്‍ സര്‍വീസസ് സമിതിക്കു കൈമാറാനും രണ്ടംഗബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ അനാവശ്യ ഹരജി സമര്‍പ്പിച്ചതിന് ആരോഗ്യസര്‍വകലാശാലയെ സുപ്രിംകോടതി വിമര്‍ശിക്കുകയുംചെയ്തു. ഇതിനു പിന്നാലെയാണ് കോടതിയുടെ സമയം പാഴാക്കിയതിന് പിഴയടക്കണമെന്ന് രണ്ടംഗബെഞ്ച് ഉത്തരവിട്ടത്.
വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആറുകോളജുകള്‍ക്ക് അംഗീകാരം നിഷേധിച്ചത്. ഇതില്‍ മതിയായ രോഗികള്‍ ഇല്ലെന്ന കാരണ ചൂണ്ടിക്കാട്ടി അംഗീകാരം തടഞ്ഞുവച്ച ഗുരു എജുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള മൂന്ന് നഴ്‌സിങ് കോളജുകള്‍ ആരോഗ്യസര്‍വകലാശാലയുടെ നടപടി ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പെട്ടെന്നൊരുദിവസം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുസ്ഥാപനത്തിന് അംഗീകാരം നിഷേധിക്കാനാവില്ലെന്ന ഗുരു എജുക്കേഷന്‍ ട്രസ്റ്റിന്റെ വാദം മുഖവിലക്കെടുത്ത ഹൈക്കോടതി, ഒരിക്കല്‍കൂടി പരിശോധനനടത്താനും സ്ഥാപനങ്ങളിലെ ഇതുവരെയുള്ള രേഖകള്‍ അവലോകനംചെയ്യാനും ഉത്തരവിട്ടു.
എന്നാല്‍, ഈ മാസം 15നകം പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു മുമ്പ് ഒരിക്കല്‍കൂടി പരിശോധനനടത്തി രേഖകള്‍ അവലോകനം ചെയ്യാന്‍ സമയമില്ലെന്നും ചൂണ്ടിക്കാട്ടി ആരോഗ്യസര്‍വകലാശാല സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്കായി സാവകാശം നല്‍കിയാല്‍ മാനേജ്‌മെന്റുകള്‍ക്ക് വ്യാജരേഖകള്‍ നിര്‍മിക്കാന്‍ അവസരം ലഭിക്കുമെന്നും സര്‍വകാശാല വാദിച്ചു. എന്നാല്‍ ഈ വാദത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് നരിമാന്റെ ബെഞ്ച്, ആരോഗ്യസര്‍വകലാശാലയുടെ ഹരജി പിഴവിധിച്ചു തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."