ജി.എസ്.ടി നിരക്ക് കുറച്ചതിനു കാരണം രാഹുലിന്റെ 'പടയൊരുക്കം': കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ജി.എസ്.ടി നിരക്കുകള്‍ കുറച്ച സര്‍ക്കാര്‍ നടപടിക്കു കാരണമായത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെന്ന് കോണ്‍ഗ്രസ്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവിടെ രാഹുല്‍ഗാന്ധി നടത്തുന്ന കാംപയിനിലെ ജനപങ്കാളിത്തവും പിന്തുണയുമാണ് സര്‍ക്കാരിനെ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്നും ഗുജറാത്തിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അശോക് ഗെലോട്ട് പറഞ്ഞു.
178 ഇനങ്ങളുടെ ജി.എസ്.ടി നികുതി കുറച്ചും ഹോട്ടല്‍ ഭക്ഷണത്തിന്റേതടക്കമുള്ള നികുതി മൂന്നിലൊന്നായി താഴ്ത്തിയും കഴിഞ്ഞ ദിവസമാണ് ജി.എസ്.ടിയില്‍ സമഗ്ര അഴിച്ചുപണി നടത്തിയിരുന്നത്. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ജി.എസ്.ടി വലിയ ബുദ്ധിമുട്ടുണ്ടാക്കിയതോടെ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയും വിവിധ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത് ആയുധമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
ജി.എസ്.ടിക്കെതിരേ ശക്തമായി രംഗത്തെത്തിയിരുന്ന രാഹുല്‍ ഗാന്ധി, ജി.എസ്.ടിയിലൂടെ ജനത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ നീക്കിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നിലുണ്ടാകുമെന്നും ഭരിക്കുന്ന ബി.ജെ.പിക്ക് അതിനു കഴിഞ്ഞില്ലെങ്കില്‍ അക്കാര്യം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തില്‍ വന്‍ ജനപിന്തുണ നേടിയാണ് രാഹുലിന്റെ കാംപയിന്‍ തുടരുന്നത്.
ജി.എസ്.ടിയും നോട്ട് നിരോധനവുമാണ് രാഹുല്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. വര്‍ഷങ്ങളായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ അവരെ ഭരണത്തില്‍നിന്നു തുരത്താനുറച്ചാണ് ഇത്തവണ കോണ്‍ഗ്രസിന്റെ പടയൊരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."