മൂപ്പന്മാര്‍ കാടിറങ്ങി, 'പരോളി'ലെത്തിയ മമ്മൂട്ടിയെ കാണാന്‍
തൊടുപുഴ: മെഗാ സ്റ്റാറിനെ കാണാനും നന്ദി അറിയിക്കാനുമായി മൂപ്പന്‍മാര്‍ കാടിറങ്ങി. മൂന്നാറിന് സമീപത്തെ കുണ്ടളക്കുടിയിലെ കങ്കാണി മൂപ്പന്റെ നേതൃത്വത്തില്‍ 12 പേരാണു മമ്മൂട്ടിയെ കാണാന്‍ എത്തിയത്. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മൂപ്പന്‍മാരും സംഘത്തിലുണ്ടായിരുന്നു. പരസ്യസംവിധായകനായ ശരത് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമായ 'പരോളി'ന്റെ മലങ്കര അണക്കെട്ടിനു സമീപത്തെ ലൊക്കേഷനില്‍ വച്ചാണ് മൂപ്പന്‍മാര്‍ പ്രിയ താരത്തെ കണ്ടത്.
ആദിവാസി കുടികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി വരുന്ന നടന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്റെ 'പൂര്‍വികം' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു മൂപ്പന്‍മാരുടെ സന്ദര്‍ശനം. മൂന്നാറിലെ ട്രൈബല്‍ ജനമൈത്രി പൊലിസാണ് ഇവരെ മലങ്കരയില്‍ എത്തിച്ചത്.
ആദിവാസികള്‍ക്കുള്ള കാര്‍ഷിക ഉപകരണങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മമ്മൂട്ടി നിര്‍വഹിച്ചു. അഞ്ചുവര്‍ഷമായി തങ്ങളെ സഹായിക്കുന്ന പ്രിയ നടനെ കാണാനെത്തിയ മൂന്നാര്‍ കുണ്ടളക്കുടി കോളനിയിലെ മൂപ്പന്‍ ചിന്നസാമിക്കും സംഘത്തിനുമാണ് ഉപകരണങ്ങള്‍ കൈമാറിയത്. ഊരില്‍ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികള്‍ മൂപ്പന്‍ മമ്മൂട്ടിക്ക് സമ്മാനിച്ചു. സിനിമാ ചിത്രീകരണം കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മൂപ്പനെയും കൂട്ടരെയും മമ്മൂട്ടി താന്‍ അഭിനയിക്കുന്ന പരോളിന്റെ ലൊക്കേഷനില്‍ കൊണ്ടുപോയി. അവര്‍ക്കൊപ്പം ചിത്രങ്ങളും എടുത്തശേഷമാണ് അവരെ മടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."