സരിതയുടെ യഥാര്‍ഥ കത്തില്‍ 21 പേജുകള്‍ മാത്രം ലൈംഗികാരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍: ഫെനി ബാലകൃഷ്ണന്‍
തിരുവനന്തപുരം: സരിതയുടെ കത്തില്‍ നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തത് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയെന്ന് ദീര്‍ഘകാലം സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണ്.
സരിത ജയിലില്‍ വച്ച് എഴുതിയത് 21 പേജുള്ള കത്താണ്. അതില്‍ ലൈംഗികാരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജയിലിലെത്തി സരിതയില്‍നിന്ന് ആ കത്തു വാങ്ങിയത് താനാണ്. താനും ജയില്‍ സൂപ്രണ്ടും പേജുകള്‍ എണ്ണിനോക്കി രജിസ്റ്ററില്‍ രേഖപ്പടുത്തി ഒപ്പിട്ടിരുന്നു.
ജയില്‍ രേഖയിലും സൂപ്രണ്ട് കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യമുണ്ട്. എന്നാല്‍, കമ്മിഷന്‍ ഇത് കണക്കിലെടുത്തില്ല. കത്ത് സരിതയുടെ നിര്‍ദേശപ്രകാരം ഗണഷ് കുമാറിന്റെ പി.എയായ പ്രദീപിന് കൈമാറുകയായിരുന്നു. പിന്നീട് 2015 മാര്‍ച്ച് 13നാണ് കൂട്ടിച്ചേര്‍ക്കല്‍ നടന്നത്.
പ്രദീപും ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജും ഗണേഷ് നല്‍കിയ കുറിപ്പുമായി വന്ന് തന്നെയും സരിതയെയും കണ്ട് കത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കരയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ കാറിലിരുന്നാണ് കുറിപ്പ് കൈമാറിയത്.
നാലുപേരുടെയും അന്നത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. എന്തിനാണ് ഇതൊക്കെ കൂട്ടിച്ചേര്‍ക്കുന്നതെന്ന് താന്‍ അവരോടു ചോദിച്ചിരുന്നു. ഗണേഷ് കുമാര്‍ ഇനി മന്ത്രിയാവില്ലെന്ന് ഉറപ്പായെന്നും അതിനാല്‍ ചിലര്‍ക്കൊക്കെ പണി കൊടുത്തേ പറ്റൂവെന്നുമാണ് അവര്‍ പറഞ്ഞത്.
അവര്‍ നല്‍കിയ കുറിപ്പില്‍ പ്രമുഖ നേതാക്കളുടെ പേരുകളും അവര്‍ക്കെതിരേ ഉന്നയിക്കേണ്ട ആരോപണങ്ങളും ഉണ്ടായിരുന്നു. സരിത വീട്ടില്‍ വച്ച് അതു പകര്‍ത്തിയെഴുതി കത്തില്‍ ചേര്‍ക്കുകയായിരുന്നു. പിന്നീട് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ജോസ് കെ. മാണിയുടെയും പി.സി വിഷ്ണുനാഥിന്റെയും പേരുകള്‍കൂടി എഴുതിച്ചേര്‍ത്തു. അങ്ങനെയാണ് അത് 25 പേജുള്ള കത്തായത്.
കമ്മിഷന്‍ മുന്‍പാകെ അഭിഭാഷകന്‍ തന്നെ വിസ്തരിച്ചപ്പോള്‍ കത്തിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയാന്‍ ജസ്റ്റിസ് ശിവരാജന്‍ അനുവദിച്ചില്ല. അതെന്തുകൊണ്ടാണെന്ന് അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ ഫെനി അതുപറയാനല്ല ഇവിടെ ഇരിക്കുന്നതെന്നാണ് കമ്മിഷന്‍ പറഞ്ഞത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ എന്തെങ്കിലും പറയാന്‍ കമ്മിഷന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു. സര്‍ക്കാരിനെതിരേ പറയാന്‍ ജസ്റ്റിസ് ശിവരാജന്‍ സമ്മര്‍ദം ചെലുത്തിയതായി സരിതയും തന്നോട് പറഞ്ഞിരുന്നു.
ഗണേഷ്‌കുമാര്‍ ഒരിക്കല്‍ തന്നെ നേരിട്ടു കണ്ടിട്ടുണ്ട്. തന്നെ കേസുകളില്‍ നിന്നൊഴിവാക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഗണേഷ് അഭ്യര്‍ഥിച്ചതായും ഫെനി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."