കണ്ണൂര്‍ സ്വദേശികളുടെ ഐ.എസ് ബന്ധം ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു
കണ്ണൂര്‍: സിറിയയിലേക്ക് പോയ കണ്ണൂര്‍ സ്വദേശികള്‍ ഐ.എസില്‍ ചേര്‍ന്നതിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സിറിയയില്‍ കൊല്ലപ്പെട്ടവരും ഇപ്പോഴും അവിടെ തങ്ങുന്നവരേയും, തിരിച്ചെത്തി അറസ്റ്റിലായവരുടെയും ഐ.എസ് ബന്ധം തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കൊല്ലപ്പെട്ട ഏച്ചൂര്‍ കമാല്‍പീടികയിലെ ഷെജിലിന്റെ ഭാര്യ ഭര്‍തൃസഹോദരനയച്ച ഓഡിയോ ക്ലിപ്പിങും അറസ്റ്റിലായരുടെ പാസ്‌പോര്‍ട്ടും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം ഷെജിലിന്റെ നാട്ടിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാനായി പണം അയച്ചുതരാമെന്ന് പറഞ്ഞ് ഒരു പി.എഫ്.ഐ ഭാരവാഹിയെ ഇപ്പോള്‍ സിറിയയിലുളള മനാഫ് വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പിങും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വെടിയേറ്റശേഷം ഷെജില്‍ വാഹനത്തിന് സമീപം വരെ നടന്നെത്തിയെന്നും പിന്നീടാണ് മരിച്ചതെന്നും ശബ്ദ സന്ദേശത്തില്‍ ഷെജിലിന്റെ ഭാര്യ പറയുന്നുണ്ട്. ഗള്‍ഫിലുള്ള സഹോദരനാണ് ശബ്ദ സന്ദേശം അയച്ചത്. ഈ ഓഡിയോ ക്ലിപ്പുകള്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. സിറിയയില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമാണ് തങ്ങള്‍ കഴിയുന്നതെന്നും ജീവിതം ദുരിതപൂര്‍വമാണെന്നും ഈ സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഷെജിലിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ഐ.എസ് ക്യാംപിലുള്ള വളപട്ടണം സ്വദേശി മനാഫ് നാട്ടിലുള്ള ഒരാളെ വിളിച്ച് അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടതിന്റെ രേഖകളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ഇയാള്‍ അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുത്തിരുന്നില്ല. മൂന്നു ലക്ഷത്തോളം രൂപയാണ് ഷെജിലിന് കടബാധ്യതയുണ്ടായിരുന്നത്.
ഇപ്പോള്‍ സിറിയയിലുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്ന ചെക്കിക്കുളത്തെ ഖയ്യൂം ഐ.എസ് യൂനിഫോമില്‍ തോക്കുമേന്തി നില്‍ക്കുന്ന ഫോട്ടോയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ടെലിഗ്രാം എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ഈ ചിത്രമായിരുന്നു ഖയ്യൂം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലുള്ള അഞ്ചു പേരില്‍ അബ്ദു റസാഖിന്റേതൊഴികെ മറ്റുള്ളവരുടെയെല്ലാം പാസ്‌പോര്‍ട്ട് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലിസ് കസ്റ്റഡിയിലാണ്. ഇവര്‍ വിദേശത്തേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ ജില്ലയിലെ വിവിധ ട്രാവല്‍ ഏജന്‍സികളില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു.
ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത്. കുടുംബാംഗങ്ങള്‍ക്ക് പൊലിസ് സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. എന്‍.ഐ.എ, റോ ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളും ഇവരില്‍ നിന്ന് മൊഴിയെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."