വിധി ഇന്നറിയാം; തോമസ് ചാണ്ടിക്കെതിരേ നടപടിയെടുക്കാമെന്ന് എ.ജിയും
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടിയെടുക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.
ഇതോടെ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ഇടതുമുന്നണിയില്‍ ശക്തമായി. ഇന്നു ചേരുന്ന അടിയന്തര എല്‍.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. വെള്ളിയാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശം പറയുന്നു.
ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടിക്കു മന്ത്രിസ്ഥാനത്തു തുടരാനാവാത്തവിധം അദ്ദേഹത്തോടുള്ള എതിര്‍പ്പ് മുന്നണിയില്‍ ശക്തമായി. ചാണ്ടിയെ തുടരാനനുവദിക്കരുതെന്ന നിലപാട് സി.പി.എമ്മും സി.പി.ഐയും നേരത്തേ എടുത്തിരുന്നു. സി.പി.എം ഇക്കാര്യം എന്‍.സി.പി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, എന്‍.സി.പി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് ഇന്ന് എല്‍.ഡി.എഫ് യോഗം ചേരുന്നത്. മറ്റു ഘടകകക്ഷികളെല്ലാം ചാണ്ടിക്കെതിരായ നിലപാടിലെത്തിയതിനാല്‍ എന്‍.സി.പിക്കു രാജി ആവശ്യത്തിനു വഴങ്ങേണ്ടിവരും. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയ്ക്കായി വയല്‍ നികത്തിയതായി ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
2014നു ശേഷമാണ് വയല്‍ നികത്തിയത്. റിസോര്‍ട്ടിനു സമീപമുള്ള നീര്‍ച്ചാല്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടിലുണ്ട്. റിസോര്‍ട്ടിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മിച്ചത് നിയമം ലംഘിച്ചാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."