'ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം'
ലില്ലെ (ഫ്രാന്‍സ്): ജപ്പാനെതിരായ സൗഹൃദ പോരാട്ടം 3-1ന് വിജയിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് പി.എസ്.ജി സൂപ്പര്‍ താരം നെയ്മര്‍. കോച്ച് ടിറ്റെയ്‌ക്കൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് നെയ്മര്‍ വികാരം നിയന്ത്രിക്കാനാകാതെ കരഞ്ഞത്.
പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ എത്തിയ സമയം തൊട്ടുള്ള വിവാദങ്ങളില്‍ മനംമടുത്താണ് താരം വികാരം തുറന്നുപ്രകടിപ്പിച്ചത്. തന്നെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നെയ്മര്‍ അഭ്യര്‍ഥിച്ചു. പി.എസ്.ജിയില്‍ നെയ്മര്‍ അസംതൃപ്തനാണെന്നും കോച്ച് ഉനയ് എംറെയും സഹ താരം എഡിന്‍സന്‍ കവാനിയുമായും താരം സ്വരചേര്‍ച്ചയില്ലാതെയാണ് ടീമില്‍ നില്‍ക്കുന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സെപ്തംബര്‍ മാസം അരങ്ങേറിയ മത്സരത്തിനിടെ ഫ്രീ കിക്കെടുക്കുന്നത് സംബന്ധിച്ച് നെയ്മറും കവാനിയും തമ്മില്‍ മൈതാനത്ത് വച്ച് വാക്കേറ്റം നടന്നിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് വാര്‍ത്തകള്‍ വന്നത്. താരം റയല്‍ മാഡ്രിഡിലേക്ക് മാറുകയാണെന്ന് വരെ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി.
കവാനിയുമായോ കോച്ചുമായോ തനിക്ക് ഒരു പ്രശ്‌നങ്ങളുമില്ല. ഇരുവരുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കേട്ട് അസ്വസ്ഥനാണ്. ബാഴ്‌സലോണയിലുള്ളപ്പോഴും ഇപ്പോള്‍ പി.എസ്.ജിക്കൊപ്പവും പൂര്‍ണ സന്തോഷവാനാണ്. ടീമിലെ സ്ഥാനത്തെക്കുറിച്ചും ആവശ്യകതയെ പറ്റിയും തികഞ്ഞ ബോധ്യമുണ്ട്.
അപവാദങ്ങള്‍ കേള്‍ക്കാന്‍ താത്പര്യമില്ല. മാധ്യമങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് യാചിക്കുകയാണ്.
എന്താണോ ചിന്തിക്കുന്നത് അത് താന്‍ തുറന്നുപറയും. അഭിനയിക്കാനറിയില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."