കൈനിറയെ മെഡലുകള്‍; തലയ്ക്ക് മീതെ കടം
ജീവിതത്തില്‍ വിജയിക്കാനും കായിക വിജയത്തിനും രണ്ടു കൈകള്‍ വേണ്ടന്ന് തെളിയിച്ച താരമാണ് കൊട്ടാരക്കര പൊലിക്കോട് സുജല നിവാസില്‍ സുജിന. 2017 സെപ്തംബര്‍ 16,17 തിയതികളില്‍ ഹിമാചല്‍ പ്രദേശില്‍ നടന്ന ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ തയ്ക്വാണ്ടോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിലെ ഒന്‍പത് പേരില്‍ സുജിനയും അംഗമായിരുന്നു. രണ്ട് സ്വര്‍ണം ഉള്‍പ്പടെ ആറ് മെഡലുകളും നേടിയാണ് താരങ്ങള്‍ ഹിമാചല്‍പ്രദേശില്‍ നിന്ന് മടങ്ങിയെത്തിയത്. ജന്‍മനാ വലത് കൈപ്പത്തിയില്ലാത്ത സുജിന ഇടത് കൈയുടെ കരുത്തിലാണ് തയ്ക്വാണ്ടോയില്‍ വെങ്കല മെഡല്‍ നേടിയത്.
സുജിന ഉള്‍പ്പടെ താരങ്ങള്‍ ആറ് മെഡലുകള്‍ നേടിയെങ്കിലും 75000 രൂപയുടെ കടം നില്‍ക്കുകയാണ്. ഇതുവരെ കടം വീട്ടിയിട്ടില്ല. താരങ്ങളെല്ലാം വരുന്നത് ഇല്ലായ്മകളുടെ നടുവില്‍ നിന്ന്. കൂലിപണിക്കാരുടെയും സാധാരണക്കാരുടെയും മക്കള്‍. രാജസ്ഥാനില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതും കടം വാങ്ങിയാണ്. ഓരോ ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ പ്രഖ്യാപിക്കുമ്പോഴും സഹായം തേടി സര്‍ക്കാരിനെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും സമീപിക്കാറുണ്ട്.
നോക്കാം പരിഗണിക്കാം അടുത്ത തവണയാകട്ടെ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുക മാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍ സ്‌പോണ്‍സര്‍മാരെ തേടി അലയും. ഒരു വാതിലും തുറക്കപ്പെടില്ല. ഒടുവില്‍ നാട്ടുകാരുടെ സഹായവും കടം വാങ്ങിയ പണവുമൊക്കെയായി രണ്ടാം ക്ലാസ് തീവണ്ടി യാത്ര നടത്തി മത്സരങ്ങളില്‍ പങ്കെടുക്കും. മെഡലുകള്‍ വാരിക്കൂട്ടി മടങ്ങി വരുമ്പോള്‍ മാലയിട്ട് സ്വീകരിക്കുന്നതും നാട്ടുകാര്‍ മാത്രം.
2015 സെപ്തംബര്‍ 29ന് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ അസാധാരണ ഗസറ്റില്‍ വൈകല്യമുള്ളവരുടെ കായിക ഇനങ്ങളെ അംഗീകരിക്കണമെന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു. സ്വന്തം ഉത്തരവിന് സര്‍ക്കാര്‍ തന്നെ വിലകല്‍പ്പിക്കുന്നില്ലെന്നതാണ് അംഗ പരിമിതരുടെ അനുഭവം.
തരില്ല നയാപൈസ
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച ഓപറേഷന്‍ ഒളിംപ്യ പദ്ധതി 450 കോടിയുടേതാണ്. 11 കായികയിനങ്ങളില്‍ പരിശീലന പദ്ധതി. 2020, 24, 28 ഒളിംപിക്‌സുകളില്‍ മലയാളി താരങ്ങളെ മെഡല്‍ നേട്ടത്തിലേക്ക് എത്തിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പ്. പദ്ധതി പ്രായോഗികമായി നടപ്പാക്കിയാല്‍ ലക്ഷ്യം തെറ്റില്ലെന്ന് ഉറപ്പ്. ഇത്രയും കോടിയൊന്നും പാരലിംപിക്‌സ് താരങ്ങള്‍ ചോദിക്കുന്നില്ല. എല്ലാ കായിക ഇനങ്ങളിലും ശാസ്ത്രീയമായ സൗജന്യ പരിശീലനം, അതിനുള്ള സൗകര്യങ്ങള്‍. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം. ട്രാക്‌സ്യൂട്ടും ജഴ്‌സിയും. ഇത്രയും കിട്ടിയാല്‍ തന്നെ ഭിന്നശേഷി താരങ്ങള്‍ ഉയരങ്ങളിലേക്ക് പറക്കും. പക്ഷെ, ഒരു സഹായവും നല്‍കാന്‍ കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സിലും തയ്യാറല്ല.
കേരളോത്സവത്തിലും പടിക്ക് പുറത്ത്
അംഗ പരിമിതര്‍ക്ക് കേരളോത്സവത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഓരോ കേരളോത്സവം എത്തുമ്പോഴും ആവശ്യം ഉയരും. അടുത്ത തവണ പരിഗണിക്കാം എന്ന പതിവ് പല്ലവി പാടി ഒഴിവാക്കും.
മുഖ്യമന്ത്രിക്കും സാമൂഹികക്ഷേമ മന്ത്രിക്കും യുവജനക്ഷേമ ബോര്‍ഡിനും മുന്നില്‍ സമര്‍പ്പിച്ച ആവലാതികള്‍ പൊടിപിടിച്ച് കിടക്കുകയാണ്. ഭിന്നശേഷിക്കാരുടെ കായിക മികവുകള്‍ പ്രകടിപ്പിക്കാന്‍ പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നതാണ് ആവശ്യം. സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അംഗ സംഖ്യ പത്ത് ലക്ഷത്തോളം വരും. ഇവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താതെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഉപകരണങ്ങള്‍ നല്‍കി കലാ-കായിക മത്സരങ്ങളില്‍ പങ്കാളികളാക്കണമെന്ന് 2015ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പൊതുവിഭാഗത്തിനൊപ്പം വേണമെങ്കില്‍ ഭിന്നശേഷിക്കാരും മത്സരിക്കട്ടെ എന്നതാണ് അധികൃതരുടെ മനോഭാവം.
സായിയുടെ തണലില്‍ നിമിഷ
കേരളത്തില്‍ അവഗണനയുടെ ട്രാക്കിലൂടെ ഓടുന്നതിനിടെയായിരുന്നു നിമിഷ സായിയുടെ സെലക്ഷന്‍ ട്രയല്‍സിലൂടെ രക്ഷപ്പെട്ടത്. എറണാകുളം ചെല്ലാനം മറവക്കാട് സ്വദേശിയായ നിമിഷ 100, 200, 400 മീറ്ററിലെ താരമാണ്. സ്‌പോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നടത്തിയ സെലക്ഷന്‍ ട്രയല്‍സിലൂടെയാണ് നിമിഷയുടെ ട്രാക്ക് ശരിയായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നിമിഷ 2013 ല്‍ കണ്ണൂരില്‍ നടന്ന സ്‌പെഷല്‍ സ്‌കൂള്‍ മീറ്റില്‍ 400 മീറ്ററില്‍ വെള്ളിയും 200 മീറ്ററില്‍ വെങ്കലവും നേടിയ താരമാണ്.
ട്രയല്‍സില്‍ വിജയിച്ചതോടെ ഗുജറാത്തിലെ സായി സെന്ററില്‍ പ്രവേശനം ലഭിച്ചു. 100 മീറ്ററില്‍ 14.14 സെക്കന്‍ഡും 200 ല്‍ 31.00 സെക്കന്‍ഡുമാണ് നിമിഷയുടെ പേഴ്‌സണല്‍ ബെസ്റ്റ് സമയം. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വരുന്ന നിമിഷ അടുത്ത ടോക്യോ പാരാലിംപിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിലാണ്.
suprabhaatham series on Paralympics players
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."