കിരീടം @ 19
ഭോപാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി കേരളം. തുടര്‍ച്ചയായ പത്തൊന്‍പതാം ചാംപ്യന്‍ പട്ടമാണ് ഭോപാലിലെ ഗോരഗാവ് സായി കോംപ്ലക്‌സ് മൈതാനത്ത് കേരളത്തിന്റെ കൗമാരം ഉയര്‍ത്തിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് 116 പോയിന്റുമായി കേരളം കപ്പുയര്‍ത്തിയത്. 1999ല്‍ തിരുവനന്തപുരത്ത് തുടങ്ങിയ കേരളത്തിന്റെ പടയോട്ടത്തെ തടയാന്‍ ഭോപാലിലും എതിരാളികള്‍ക്കായില്ല. തമിഴ്‌നാട് 41 പോയിന്റുമായി റണ്ണറപ്പായി. 30 പോയിന്റ് നേടി വിദ്യാഭാരതിയാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കേരളം തന്നെയാണ് ചാംപ്യന്‍മാര്‍. 79 പോയിന്റാണ് പെണ്‍കുട്ടികള്‍ കേരളത്തിന് സമ്മാനിച്ചത്. ആണ്‍കുട്ടികള്‍ 37 പോയിന്റും നേടി.
ആണ്‍കുട്ടികളില്‍ വിദ്യാഭാരതി 30 പോയിന്റുമായി 18 പോയിന്റുമായി ഹരിയാന മൂന്നാം സ്ഥാനത്തുമെത്തി. 38 പോയിന്റ് നേടിയ തമിഴ്‌നാടിനാണ് പെണ്‍കുട്ടികളില്‍ രണ്ടാം സ്ഥാനം. 19 പോയിന്റ് നേടിയ പഞ്ചാബാണ് മൂന്നാമത്. അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിനത്തില്‍ കേരള താരങ്ങള്‍ അഞ്ച് സ്വര്‍ണം കൂടി മെഡല്‍ ബാസ്‌ക്കറ്റില്‍ എത്തിച്ചു. 13 സ്വര്‍ണവും ഒന്‍പത് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പടെ 26 മെഡലുകള്‍ കേരളം നേടി. കഴിഞ്ഞ വര്‍ഷം 12 സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമായിരുന്നു കേരളത്തിന്റെ നേട്ടം.
ഗോരഗാവിലും കേരളത്തെ നമിച്ച് എതിരാളികള്‍
ഭോപാല്‍: ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന്റെ കൗമാരത്തെ പിടിച്ചു കെട്ടാന്‍ ഗോരഗാവിലെ സായി അത്‌ലറ്റിക് സ്റ്റേഡിയത്തിലും എതിരാളികള്‍ക്കായില്ല. ആദ്യ ദിനത്തില്‍ കിതച്ചാണ് കേരളം തുടങ്ങിയത്. രണ്ട് വെങ്കലം മാത്രം നേടിയായിരുന്നു തുടക്കം. പിന്നീട് ട്രാക്കിലും പിറ്റിലും കേരള കൗമാരം പോരാട്ട വീര്യം പുറത്തെടുത്തു. ത്രോയില്‍ മാത്രമാണ് പിന്നോക്കം പോയത്. പോരാട്ടത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ തുടര്‍ച്ചായ 19ാം കിരീടവും കേരളത്തിന്റെ ഷോക്കേസില്‍ തന്നെ.
അവസാന ദിനത്തില്‍ നടന്നത് 11 ഫൈനലുകള്‍. അഞ്ചിലും കേരളം പൊന്നണിഞ്ഞു. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പ്രിസ്‌കില്ല ഡാനിയല്‍, 200 മീറ്ററില്‍ റെക്കോര്‍ഡോടെ ആന്‍സി സോജന്റെ സ്പ്രിന്റ് ഡബിള്‍ നേട്ടം, ട്രിപ്പിള്‍ ജംപില്‍ ആകാശ് എം വര്‍ഗീസിന്റെ പൊന്നിലേക്കുള്ള ചാട്ടം, 4-400 മീറ്റര്‍ റിലേയില്‍ ഇരട്ട പൊന്ന്. 800 മീറ്ററില്‍ എ.എസ് സാന്ദ്ര, അഭിഷേക് മാത്യു, ഹൈജംപില്‍ ഗായത്രി ശിവകുമാര്‍ എന്നിവരാണ് സമാപന ദിനത്തിലെ വെള്ളി ജേതാക്കള്‍. ആണ്‍കുട്ടികളുടെ ട്രിപ്പിളില്‍ അഖില്‍ കുമാര്‍ വെങ്കലവും സമ്മാനിച്ചു.
ഒറ്റ ലാപ്പിന്റെ റിലേയിലും സുവര്‍ണ നേട്ടം
ചാംപ്യന്‍ഷിപ്പിന് സമാപനം കുറിച്ചു നടന്ന 4-400 മീറ്റര്‍ റിലേയില്‍ കേരളം ഇരട്ട പൊന്നണിഞ്ഞു. ആണ്‍കുട്ടികളില്‍ അലക്‌സ് ജോര്‍ജ്, എസ് കിരണ്‍, ജെ അശ്വിന്‍, അഭിഷേക് മാത്യു എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് 3:23.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളില്‍ മിന്നു പി റോയ്, എ.എസ് സാന്ദ്ര, സി ചാന്ദ്‌നി, പ്രസ്‌കില്ല ഡാനിയേല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം 3:55.09 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്.
സ്പ്രിന്റില്‍ ഡബിളടിച്ചു ആന്‍സി സോജന്‍
200 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി സ്പ്രിന്റ് ഡബിള്‍ തികച്ച ആന്‍സി സോജന്‍ ചാംപ്യന്‍ഷിപ്പിലെ താരമായി. ലോങ് ജംപില്‍ റെക്കോര്‍ഡിലേക്ക് ചാടി സ്വര്‍ണം നേടിയ ആന്‍സിയുടെ വേഗ കുതിപ്പിലാണ് കേരളം 4-100 റിലേയിലും റെക്കോര്‍ഡോടെ പൊന്നണിഞ്ഞത്. റിലേയില്‍ ഉള്‍പ്പടെ നാല് സ്വര്‍ണം നേടിയ ആന്‍സി സോജന്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യന്‍പട്ടവും നേടി. ആണ്‍കുട്ടികളില്‍ വിദ്യാഭാരതിയുടെ അഭിഷേക് സിങാണ് മികച്ച താരം. ഷോട് പുട്ടില്‍ റെക്കോര്‍ഡ് തിരുത്തിയ പ്രകടനമാണ് അഭിഷേകിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഡിസ്‌കസ് ത്രോയില്‍ വെള്ളിയും നേടിയിരുന്നു.
മീറ്റിലെ വേഗപ്പറവയായ ആന്‍സിയുടെ മുന്നില്‍ 200 മീറ്റിലെ റെക്കോര്‍ഡും വഴിമാറി. 24.79 സെക്കന്‍ഡിലായിരുന്നു ആന്‍സി ഫിനിഷിങ് ലൈന്‍ തൊട്ടത്. 2015 ല്‍ കേരളത്തിന്റെ തന്നെ ജിസ്‌ന മാത്യു കുറിച്ച 25.00 സെക്കന്‍ഡിന്റെ സമയമാണ് ആന്‍സി തിരുത്തിയത്. പഞ്ചാബിന്റെ ചണ്‍വീര്‍ കൗര്‍ (25.32) വെള്ളിയും ഡല്‍ഹിയുടെ പായല്‍ വോഹ്‌റ (25.46) വെങ്കലവും നേടി. കേരളത്തിന്റെ പി.ഡി അഞ്ജലി ഫോട്ടോ ഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ട്രിപ്പിള്‍ പ്രിസ്‌കില്ല
മധ്യദൂര ഒട്ടത്തിലെ ഡബിള്‍ നേടിയാണ് പ്രിസ്‌കില്ല ഡാനിയോല്‍ പോരാട്ടം പൂര്‍ത്തിയാക്കിയത്. 2:14.57 സെക്കന്‍ഡിലായിരുന്നു പ്രിസ്‌കില്ലയുടെ സുവര്‍ണ കുതിപ്പ്. എ.എസ് സാന്ദ്ര (2:15.93) വെള്ളി നേടി. മഹാരാഷ്ട്രയുടെ സംഗിത ഷിന്‍ഡെ (2:18.00) വെങ്കലവും ഉറപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു 800 മീറ്ററില്‍.
അവസാന 100 മീറ്ററിലെ അതിവേഗ കുതിപ്പില്‍ പ്രിസ്‌കില്ല സ്വര്‍ണത്തില്‍ മുത്തമിട്ടു. ആണ്‍കുട്ടികളില്‍ അഭിഷേക് 1:54.74 സെക്കന്‍ഡില്‍ വെള്ളിയിലേക്ക് ഒതുങ്ങി പോയി. ഉത്തരാഖണ്ഡിന്റെ അനുകുമാര്‍ (1:54.11) സ്വര്‍ണം നേടി. 1500 മീറ്ററിലും സ്വര്‍ണം നേടിയ അനുകുമാര്‍ ഡബിള്‍ തികച്ചു. 400 മീറ്ററില്‍ സ്വര്‍ണംം നേടിയ പ്രസ്‌കില്ല സ്വര്‍ണം നേടിയ റിലേ ടീമിലും അംഗമായിരുന്നു.
ആകാശിന്റെ സുവര്‍ണ ചാട്ടം
ട്രിപ്പിള്‍ ജംപില്‍ ആകാശ് എം വര്‍ഗീസിനെ കീഴടക്കാന്‍ ഇത്തവണയും എതിരാളികള്‍ക്കായില്ല. ദേശീയ മീറ്റിലെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ് ആകാശ് സ്വന്തമാക്കിയത്. 14.68 മീറ്റര്‍ ദൂരമാണ് ഇന്നലെ കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം 14.46 മീറ്റര്‍ ചാടിയാണ് സ്വര്‍ണത്തിന് അവകാശിയായത്. അഖില്‍ 14.02 മീറ്റര്‍ ചാടിയാണ് കേരളത്തിന് വെങ്കലം സമ്മാനിച്ചത്. ഹരിയാനയുടെ വിശാല്‍ മോര്‍ (14.30) വെള്ളി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."