അഴിമതിയില്‍ മുങ്ങി ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്: നടപടിയെടുക്കാതെ മുഖ്യമന്ത്രി
പാലക്കാട് : ഐ.ടി. ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ലിമിറ്റഡില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടി എടുക്കാതെ മുഖ്യമന്ത്രി. ക്രമവിരുദ്ധ ഇടപാടുകളും, സാമ്പത്തിക ക്രമക്കേടുകളും വ്യാപകമായി നടന്നെന്ന് അണ്ടര്‍ സെക്രട്ടറി എസ്. ശ്രീകല സര്‍ക്കാരിനെ അറിയിക്കുകയും മേയ് 27ന് കത്തു നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രധാനവകുപ്പാണ് ഐ.ടി. ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ലിമിറ്റഡ്. ആയിരം കോടി മുടക്കി സാധാരണക്കാര്‍ക്ക് വരെ വൈഫൈ ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി നടപ്പാക്കാന്‍ തയാറെടുക്കുന്ന വകുപ്പാണിത്. അതുകൊണ്ടുതന്നെ സാമ്പത്തിക തിരിമറി നടത്തുന്നവരെ പൂര്‍ണമായി ഒഴിവാക്കി മാത്രമേ പദ്ധതി തുടങ്ങാവൂ എന്ന് ഇക്കാര്യങ്ങള്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
കരാര്‍ അടിസ്ഥാനത്തിലാണ് കെ.എസ്.ഐ.ടി.എല്ലില്‍ ജീവനക്കാരെ ജോലിക്കെടുക്കുന്നത്. സ്വജനപക്ഷപാതവും, വഴിവിട്ട ഇടപാടുകളും നിര്‍ബാധം നടക്കുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കേയാണ് അണ്ടര്‍സെക്രട്ടറി റിപ്പോര്‍ട്ട് നില്‍കിയത്. സാമ്പത്തിക ക്രമക്കേടു വഴി തട്ടിപ്പുനടത്തുന്നതിന് കൂട്ടുനില്‍ക്കുന്നതായി ആരോപണമുള്ള ഫിനാന്‍സ് എക്‌സിക്യൂട്ടീവിന് സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ചുവര്‍ഷ കരാര്‍ കാലാവധി നിയമവിരുദ്ധമായി നീട്ടി നല്‍കുന്നതിനാണ് മുന്‍ എം.ഡി ശ്രമിച്ചത്. 30,000 രൂപ ശമ്പളത്തില്‍ നിന്നു ജനറല്‍ മാനേജര്‍ വാങ്ങുന്ന ശമ്പളത്തിനു തുല്യമായി വര്‍ധനയും വരുത്തി. മറ്റു കരാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന നടത്താതിരിക്കുകയും, കരാര്‍ നീട്ടി നല്‍കാതെ പുറത്താക്കുകയും ചെയ്യുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരം ക്രമവിരുദ്ധ നടപടികള്‍ കണ്ടെത്തിയതിന്റെ ഭാഗമായി മുന്‍ എം.ഡി.യെ മാറ്റി എം.ഡി. രാജമാണിക്യത്തെ തല്‍സ്ഥാനത്ത് നിയോഗിച്ചു. എന്നാല്‍, നേരത്തേ തുടര്‍ന്നുവന്ന സാമ്പത്തിക ക്രമക്കേടുകള്‍ മൂടിവെയ്ക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ട്.
കെ.ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ഓഫീസ് തുറക്കാനുള്ള ആലോചനകള്‍ നടക്കുകയാണ്. കൂടാതെ ഈ ഓഫീസിലേക്കാവശ്യമായ ജീവനക്കാരെ എടുക്കേണ്ടതുണ്ട്. ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും ഫണ്ടുകള്‍ ചെലവഴിക്കണം. നിലവില്‍ സാമ്പത്തിക ക്രമക്കേടു നടന്നിട്ടുണ്ടെന്നു കണ്ടെത്തിയ സ്ഥാപനത്തിലെ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് തന്നെയായിരിക്കും ആയിരം കോടി കൈകാര്യം ചെയ്യുക. അതിനായി ഫിനാന്‍സ് എക്‌സിക്യൂട്ടീവിനെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. മുപ്പത് വയസ്സിനു താഴെ പ്രായമുള്ളവരെ നിയമിക്കേണ്ട ഫിനാന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് മുപ്പത്തി മൂന്നു വയസ്സുള്ളവരെയാണ് നിയമിച്ചത്. ഇതും നിയമവിരുദ്ധമായിരുന്നു.
അതിനിടെ, ഫിനാന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ വഴിവിട്ട നിയമനത്തിന് ഉദ്യോഗസ്ഥ ശ്രമം നടക്കുന്നതിന്റേയും സൂചനകളുണ്ട്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഫിനാന്‍സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഇവര്‍ തുടരുകയാണ്. ഇതിന്റെ പേരില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ എം.ഡി ശ്രീറാം സാംബശിവറാവുവിനെ തല്‍സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. പകരം കെ.എസ്.ആര്‍.ടി.സി എം.ഡിയായിരുന്ന രാജമാണിക്യത്തെ കൊണ്ടുവന്നെങ്കിലും വകുപ്പില്‍ അനധികൃത നിയമനത്തിനുള്ള ചരടുവലികള്‍ സജീവമാണ്. ഇവരെ വകുപ്പില്‍ നിലനിര്‍ത്താന്‍, പ്രായപരിധിയില്‍ തിരിമറി നടത്തി ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച് ഒന്നാംറാങ്ക് നല്‍കിയെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."