തോമസ്ചാണ്ടി വിഷയം: കാനം എ.കെ.ജി സെന്ററില്‍; പിണറായിയും കോടിയേരിയും ചര്‍ച്ച നടത്തി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക ഇടതുമുന്നണിയോഗം ഉച്ചയ്ക്ക് ചേരാനിരിക്കെ കാനം രാജേന്ദ്രന്‍ എ.കെ.ജി സെന്ററിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അല്‍പ്പം മുന്‍പ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുന്നണിയോഗത്തിനു മുന്‍പ് ധാരണയുണ്ടാക്കാനാണ് സി.പി.ഐ- സി.പി.എം ഉഭയകക്ഷിയോഗത്തില്‍ ശ്രമം നടക്കുക.
അതേസമയം, രാജിക്കാര്യം തീരുമാനിക്കാന്‍ അല്‍പം കൂടി സമയം വേണമെന്ന് എന്‍.സി.പി മുന്നണിയോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച്ച ചേരുന്ന എന്‍.സി.പി നേതൃയോഗം രാജിക്കാര്യം ചര്‍ച്ചചെയ്യുമെന്ന് അറിയിക്കാനാണ് നീക്കം. കായല്‍ കൈയ്യേറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടെന്ന് തന്നെയാണ് എന്‍.സി.പി സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നത്. എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മാത്രം തോമസ് ചാണ്ടി രാജി വച്ചാല്‍ മതിയെന്ന് എന്‍.സി.പി ആക്ടിംഗ് പ്രസിഡന്റ് പീതാംമ്പരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. തിടുക്കപ്പെട്ട് വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ എന്‍.സി.പി ആവശ്യപ്പെട്ടിരുന്നു.
എ.ജിയുടെ നിയമോപദേശം തോമസ്ചാണ്ടിക്ക് എതിരായതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
വെള്ളിയാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."