ഗള്‍ഫ് പ്രതിസന്ധി: മലയാളികള്‍ ഇനി എങ്ങോട്ട്
കേരളത്തിന്റെ സാമ്പത്തികമേഖലയെ മാത്രമല്ല ഗള്‍ഫ് കുടിയേറ്റം സഹായിച്ചതും നിലനിര്‍ത്തിപ്പോന്നതും. വിശാലമായ അര്‍ഥത്തില്‍ കേരളീയന്റെ രാഷ്ട്രീയ, ഭൗതികതലങ്ങളെപ്പോലും അതു പരിപോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ ഭരണകൂടമോ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളോ വേണ്ടവിധത്തില്‍ പഠിക്കാതെപോയ മേഖലയാണിത്. ഒരു നൂറ്റാണ്ടിനു മുമ്പു കടല്‍ കടന്ന മലയാളികളുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണ് ഇന്നു നാം അനുഭവിക്കുന്ന സര്‍വ പുരോഗതിയുടെയും നല്ല പങ്കുമെന്നതില്‍ സംശയമില്ല. അങ്ങനെയുള്ള പ്രവാസസമൂഹത്തില്‍ നല്ലൊരു ശതമാനവും ഇന്നനുഭവിക്കുന്ന പ്രതിസന്ധികള്‍, അവര്‍ക്ക് വോട്ടവകാശം നല്‍കിക്കൊണ്ടുമാത്രം പരിഹരിക്കാനാവുന്നതല്ല. തൊഴില്‍ നഷ്ടപ്പെട്ടും അല്ലാതെയും ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കു തിരിച്ചുവരുന്ന ലക്ഷക്കണക്കിനു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളെല്ലാം കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.
ഗള്‍ഫില്‍നിന്നു മലയാളികള്‍ക്കു ശുഭകരമായ വാര്‍ത്തകള്‍ ഇനി പ്രതീക്ഷിക്കാനാകുമെന്നു കരുതാനാകില്ല. ത്വരിതഗതിയിലുള്ള സ്വദേശിവല്‍ക്കരണം അവിടെ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. പല രാജ്യങ്ങളും അവരുടെ പൗരന്മാരെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സര്‍വിസുകളില്‍ നിയമിച്ചു തുടങ്ങി. അതു താഴേത്തട്ടിലേക്കു വന്നുതുടങ്ങിയെന്നാണ് അവിടങ്ങളില്‍നിന്ന് തൊഴില്‍രഹിതരായി വന്നുകൊണ്ടിരിക്കുന്നവര്‍ പറയുന്നത്.
ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണു ഗള്‍ഫ് ഭരണകൂടങ്ങളെ ഇന്ന് അലോസരപ്പെടുത്തുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ പോയി വിദ്യാഭ്യാസം ചെയ്തു തിരിച്ചുവരുന്ന അറബ് യുവത്വത്തെ അവഗണിച്ചുകൊണ്ടു വിദേശികള്‍ക്കു തൊഴില്‍നല്‍കാന്‍ അവിടത്തെ ഭരണകൂടങ്ങള്‍ക്കാവില്ല. പുതിയ കണക്കനുസരിച്ച് ഗള്‍ഫ് നാടുകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഗണ്യമായ ജനസംഖ്യാവര്‍ധനവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിദേശികള്‍ക്കിടയിലും ജനസംഖ്യ ഉയരുന്നുണ്ട്.
കുവൈത്ത് എന്ന ചെറുരാജ്യം തന്നെ ഉദാഹരണം. അവരുടെ സമ്പദ്ഘടനയുടെ മാറ്റത്തിനു വിദേശരാജ്യ തൊഴിലാളികള്‍ വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് അവര്‍ വികസനത്തിന്റെ നല്ലൊരു ശതമാനവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അസംഘടിത മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മാത്രമേ ഇനിയുള്ള കാലം കുവൈത്ത് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കുറച്ചുകാലത്തേയ്‌ക്കെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയൂ. തൊഴിലില്ലാതാവുന്ന ഗള്‍ഫ് യുവത്വം മാത്രമല്ല, തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളും കുവൈത്തിന്റെ സാമൂഹികസുരക്ഷയ്ക്കു ഭീഷണിയാകുന്നതായാണു റിപ്പോര്‍ട്ട്.
ലോകത്തിനു മുന്നില്‍ സഹതാപതരംഗമുയര്‍ത്തി ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ ഗള്‍ഫിലേക്കു ധാരാളമായി വന്നുകൊണ്ടിരിക്കുകയാണ്. പല കമ്പനികളും സര്‍ക്കാരും അവര്‍ക്കു മുന്‍ഗണന നല്‍കുന്നുമുണ്ട്. ആഴ്ചയില്‍ ഒരു നേരം മാത്രം ആഹാരം കഴിക്കുന്ന ആഫ്രിക്കന്‍ വംശജര്‍ സഊദി അടക്കമുള്ള രാജ്യങ്ങളില്‍ വന്നുചേരുന്നത്, നേരിട്ടു ബാധിക്കുന്നതു മലയാളികളെയാണ്. വലിയൊരു ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചുകൊണ്ടുപോകാന്‍ പല ഗള്‍ഫ് രാജ്യങ്ങളും കഷ്ടപ്പെടുന്നുണ്ട്. പൊതുമാപ്പ് നല്‍കിയും മറ്റും അതിനെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യമാകാത്ത സ്ഥിതിയാണ്.
എണ്ണ വിലയിലുണ്ടായ ഇടിവ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തികഭദ്രതയെ ആഴത്തില്‍ ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വരുമാനത്തെ മാത്രമല്ല ഇതു ബാധിക്കുന്നത്. നിര്‍മാണമേഖല അപ്പാടെ തകരുന്ന അവസ്ഥയാണ്. കൂടാതെ ഗള്‍ഫ് ഭരണകൂടങ്ങള്‍ അവിടുത്തെ പൗരന്മാര്‍ക്കു നല്‍കുന്ന പല ആനുകൂല്യങ്ങളും പെട്രോള്‍ധനത്തിന്റെ ബലത്തിലാണു നല്‍കിവരുന്നത്. ലോകവിപണിയില്‍ എണ്ണവില കുറഞ്ഞതോടെ ഈ ആനുകൂല്യങ്ങള്‍ പലതും വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണു ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഇത് അവിടങ്ങളിലെ യുവത്വത്തെ എങ്ങനെയാവും ചൊടിപ്പിക്കുകയെന്നു പറയാന്‍ കഴിയില്ല. മുല്ലപ്പൂ വിപ്ലവം അവരുടെ മുന്നിലുള്ള ചരിത്രയാഥാര്‍ഥ്യമാണല്ലോ.
ഇതിനെയെല്ലാം തരണം ചെയ്യണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അവിടങ്ങളിലെ വിദേശതൊഴിലാളികളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണംഅടുത്ത ഏതാനും വര്‍ഷങ്ങളില്‍ 20 ലക്ഷമായി ചുരുങ്ങുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍തന്നെ തിരിച്ചെത്തുന്നവരുടെ എണ്ണം ഭീമമായി വര്‍ധിച്ചിരിക്കുന്നു. ആകെയുള്ള പ്രവാസികളുടെ എണ്ണത്തില്‍ 40.3 ശതമാനം യു.എ.ഇയിലാണുള്ളത്. സഊദിയിലും കുറവല്ല. മറ്റുള്ള രാജ്യങ്ങളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ മലയാളികളുള്ളൂ. എണ്ണ വിലയില്‍ ഉണ്ടാവുന്ന ഇടിവിനെ പ്രതിരോധിച്ചു നിര്‍ത്താന്‍ പല ഗള്‍ഫ് രാജ്യത്തും ഇപ്പോള്‍ ചെയ്യുന്നതു പുതിയ ഫീസിനങ്ങള്‍ ചുമത്തിയും തൊഴില്‍നിയമങ്ങള്‍ മാറ്റിപ്പണിതുമാണ്.
കേരളീയരുടെ ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ചു തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.സി.) നടത്തിയ പഠനമനുസരിച്ച് 2014-ല്‍ 24 ലക്ഷം മലയാളികളാണു തൊഴില്‍മേഖലയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2016-ല്‍ അത് 22 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗള്‍ഫില്‍ ഏതാണ്ട് 1.3 ലക്ഷം മലയാളികളുടെ കുറവുണ്ടായതാണ് സി.ഡി.എസിന്റെ കണ്ടെത്തല്‍. ഇവരെല്ലാം സ്വമേധയാ പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ എത്തുന്നവരല്ല. മറിച്ച് നിലനില്‍ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടയുമ്പോള്‍ ഗത്യന്തരമില്ലാതെ മണല്‍ ജീവിതം അവസാനിപ്പിച്ചവരാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ അധികാര കൈമാറ്റത്തിനു ശേഷം അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന വംശവെറിയും ആഭ്യന്തര കലാപങ്ങളും ഗള്‍ഫ് വിടാന്‍ മറ്റൊരു രാജ്യമെന്ന സ്വപ്നം മലയാളികളെ വേട്ടയാടുന്നുണ്ട്. ഐ.എസിനെ പോലുള്ള ഭീകര സംഘടനകളുടെ സാന്നിധ്യവും പലായനത്തെ തടയുന്ന ഘടകങ്ങളാണ്. ചുരുക്കത്തില്‍ തൊഴില്‍ തേടി അന്യരാജ്യങ്ങളിലേക്ക് പോയ മലയാളികള്‍ക്ക് സ്വന്തം നാട് തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ പരിരക്ഷിക്കാന്‍ പദ്ധതികള്‍ പലതും കേന്ദ്രവും കേരളവും നടപ്പില്‍ വരുത്തുന്നുണ്ടെങ്കിലും അവയൊന്നും ഫലത്തില്‍ പ്രവാസികളെ സഹായിക്കില്ല എന്നു കാണാം.
പലതും ബാങ്ക് മുഖേനയുള്ള പദ്ധതികളായതിനാല്‍ അവര്‍ക്ക് കയ്യൊഴിയാന്‍ അവസരങ്ങളുണ്ട്. പ്രവാസികളുടെ കോടിക്കണക്കിന് വരുന്ന നിക്ഷേപം വര്‍ഷങ്ങളോളം ഉപയോഗപ്പെടുത്തിയ ബാങ്കുകളാണ് ഈ കടുംകൈ അവരോട് ചെയ്യുന്നതെന്ന കാര്യം നാം മറക്കരുത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന വാണിജ്യ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 2017 ജൂണില്‍ 1,54,252 കോടിയാണെന്ന കാര്യം ഓര്‍ക്കുക. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടു മാത്രം 11,584 കോടിയുടെ വര്‍ധനവ് വിദേശ നിക്ഷേപത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഉണ്ടായിട്ടുണ്ട്. ഈ നിക്ഷേപത്തിന്റെ ചെറിയൊരു ശതമാനം മതി തൊഴില്‍രഹിത പ്രവാസികളെ സഹായിക്കാന്‍. ഭരണകൂടത്തിന് പ്രവാസികള്‍ വോട്ട് ബാങ്കല്ലാത്തതുകൊണ്ട് താല്‍പര്യങ്ങള്‍ കുറവായിരിക്കുമല്ലോ.
പക്ഷേ, കേരളത്തെ ഊട്ടിയവരാണ് പ്രവാസികള്‍. അവരെ സംരക്ഷിക്കാനുള്ള ബാധ്യത സമൂഹത്തിനും ഭരണകൂടത്തിനുമുണ്ട്. വരുംകാലങ്ങളില്‍ കേരളം അഭിമുഖീകരിക്കേണ്ടിവരുന്ന വലിയൊരു പ്രതിസന്ധി തൊഴില്‍ നഷ്ടപ്പെട്ടെത്തുന്ന പ്രവാസികളുടേതായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭരണകൂടം ഇടതെന്നോ വലതെന്നോ നോക്കാതെ ഇപ്പോഴേ മുന്നൊരുങ്ങുന്നത് നല്ലതായിരിക്കും. അതിനെങ്കിലും രാഷ്ട്രീയം കളിക്കാതിരിക്കുന്നതാവും അവരോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ഉപകാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."