ദേശീയതാ സങ്കല്‍പവും കാറ്റലോണിയ നല്‍കുന്ന പാഠവും
സ്പാനിഷ് ഭരണത്തില്‍നിന്ന് കാറ്റലോണിയ (കാറ്റലൂണ എന്നാണ് സ്പാനിഷ് ഉച്ചാരണം). സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ യൂറോപ്പിലെ ഒരു സ്വയംഭരണപ്പോരാട്ടം കൂടി അനിവാര്യമായ ഒരു ചരിത്രസന്ദര്‍ഭത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. തീര്‍ച്ചയായും ഈ നടപടിയെ ഉരുക്കുമുഷ്ടികൊണ്ടായിരിക്കും സ്‌പെയിന്‍ നേരിടുക. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അത് എത്തിച്ചേരുക ആഭ്യന്തര യുദ്ധത്തിലായിരിക്കും. ഒരു യൂറോപ്യന്‍ രാജ്യം കൂടി ശിഥിലീകരണത്തിലെത്തിച്ചേരാന്‍ കാറ്റലോണിയയിലെ സംഭവ വികാസങ്ങള്‍ നിമിത്തമായിത്തീരാം. ബാസ്‌ക് പ്രവിശ്യയില്‍ സ്വന്തം ഉപദേശീയതയിലധിഷ്ഠിതമായ മറ്റൊരു വിഘടനവാദംകൂടി സ്പാനിഷ് ഭരണകൂടത്തിന് തലവേദനയായി നില്‍ക്കുന്നുണ്ട്. ഈ അവസ്ഥയിലാണ് കാറ്റലോണിയയുടെ വേറിട്ടുപോവല്‍. അതിനാല്‍ മാഡ്രിഡിന് എങ്ങനെയും അത് തടഞ്ഞേ മതിയാവുകയുള്ളൂ. കാറ്റലോണിയന്‍ ജനതയും സ്പാനിഷ് ഭരണവും പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതെങ്ങനെ ആയിരിക്കും എന്നു കണ്ടുതന്നെ അറിയണം.
അല്‍പ്പം ചരിത്രം
ആറുലക്ഷത്തില്‍പ്പരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സ്‌പെയിനില്‍ വ്യത്യസ്ത ഭൂമിശാസ്ത്രങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ജീവിത സമ്പ്രദായങ്ങളും നിലനില്‍ക്കുന്ന പ്രദേശങ്ങളാണുള്ളത്; മാറ്റലൂണ, വലന്‍സിയ, മുര്‍സിയ, കാസ്റ്റിയ തുടങ്ങിയ ദേശങ്ങള്‍. സ്പാനിഷ്, ബാസ്‌ക്, കാറ്റലാന്‍, വലന്‍സിയന്‍,, ഗലീസിയന്‍ തുടങ്ങിയ വ്യത്യസ്ത ഭാഷകള്‍ ഈ ദേശക്കാര്‍ സംസാരിക്കുന്നു. ഈ പ്രദേശങ്ങളെ പൊതുവായി കൂട്ടിയിണക്കുന്ന സവിശേഷമായ സാംസ്‌കാരിക ഘടകങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ സ്വന്തം ഭാഷയും സംസ്‌കാരവും നിലനിര്‍ത്തുന്ന സ്വയംഭരണ പ്രദേശങ്ങളാണ് ഇവയെല്ലാം. ഇത്തരം 17 സ്വയംഭരണ പ്രദേശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സ്‌പെയിന്‍ എന്ന രാജ്യം. എല്ലാ സ്വയംഭരണ പ്രദേശങ്ങള്‍ക്കും സ്വന്തമായ പതാകയും ദേശീയഗാനവും പാര്‍ലമെന്റുമുണ്ട്. ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകള്‍ക്കുമുമ്പേ തന്നെ കാറ്റലോണിയ സ്‌പെയിനിന്റെ ആക്രമണങ്ങള്‍ക്ക് വിധേയമാവുകയും പ്രദേശത്തിന്റെ പല ഭാഗങ്ങളും സ്‌പെയിനിനോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു. 1714ല്‍ സ്‌പെയിനിലെ ബോര്‍ബോണ്‍ രാജാവ് ഫെലിപെ അഞ്ചാമന്‍ കാറ്റലോണിയ പൂര്‍ണ്ണമായും കീഴടക്കി.
അതുമായി ബന്ധപ്പെടുത്തി സെപ്റ്റംബര്‍ 11ന് ദേശീയദിനമായി ആചരിക്കുന്നവരാണ് കാറ്റലോണിയക്കാര്‍. തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരിച്ച് കിട്ടണമെന്ന അഭിവാഞ്ഛ അവര്‍ അന്നുമുതല്‍ക്കുതന്നെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. കാറ്റലന്‍ ഭാഷയും സംസ്‌കാരവും കാറ്റലോണിയക്കാര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് അതുകൊണ്ടുതന്നെയാണ്. 19ാം നൂറ്റാണ്ടില്‍ കാല്‍പ്പനിക പ്രസ്ഥാനം ശക്തമായതോടെ യൂറോപ്പിലുടനീളം സാംസ്‌കാരികത്തനിമയെക്കുറിച്ചുള്ള ആശയങ്ങള്‍ ജനങ്ങളുടെ സ്വപ്നങ്ങളില്‍ നിറപ്പകിട്ടാര്‍ജിക്കാന്‍ തുടങ്ങി. ഇക്കാലത്ത് തന്നെയാണ് കാറ്റലോണിയ വ്യാവസായികമായി വളര്‍ന്നതും. രണ്ട് ഘടകങ്ങളും ചേര്‍ന്നപ്പോള്‍ പ്രസ്തുത പ്രദേശത്ത് ദേശീയതാബോധം ശക്തമായി. മാഡ്രിഡിന്റെ നുകക്കീഴില്‍നിന്നുള്ള വിമോചനം എന്നതായിരുന്നു കാറ്റലോണിയാവാസികളുടെ സ്വപ്നം.
1930ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന് ഇതുകൂടി കാരണമായിരുന്നു. എന്നാല്‍ ജനറല്‍ ഫ്രാങ്കോയുടെ ഏകാധിപത്യവാഴ്ച എല്ലാ വിമതസ്വരങ്ങളേയും അടിച്ചമര്‍ത്തി. പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കാറ്റലോണിയയുടെ പ്രക്ഷോഭങ്ങള്‍ നിര്‍വീര്യമായി. കാറ്റലന്‍ ഭാഷ ഏറെക്കുറെ പൊതുരംഗത്തുനിന്നുതന്നെ നിഷ്‌കാസനം ചെയ്യപ്പെട്ടു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രാധിഷ്ഠിതമായ കാഴ്ചപ്പാടുകളുടെയും പേരില്‍ നിലനിന്ന ദേശീയതാബോധത്തിന് കാറ്റലോണിയന്‍ പ്രത്യക്ഷത്തില്‍ നിലനില്‍പ്പില്ലാതായി. എന്നാല്‍ ജനമനസ്സിന്റെ അടിത്തട്ടില്‍ അത് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. 1975ല്‍ ജനറല്‍ ഫ്രാങ്കോ മരിക്കുകയും സ്‌പെയിനില്‍ പുതിയൊരു ഭരണവ്യവസ്ഥ സ്ഥാപിതമാവുകയും ചെയ്തതോടെ ചിത്രം മാറി. വികേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന പ്രവിശ്യകളായി സ്‌പെയിന്‍ വിഭജിക്കപ്പെട്ടു. കാറ്റലോണിയക്കാര്‍ക്ക് ഒരളവോളം സ്വയംഭരണം ലഭ്യമായി. അതിലുപരിയായി കാറ്റലോണിയക്കാര്‍ക്ക് കുറച്ചുകൂടി പ്രബലമായ പ്രത്യേകമായ സ്വയംഭരണാവകാശം വേണമെന്ന ആവശ്യം 2010ല്‍ ഭരണഘടനാ കോടതി തള്ളുകയാണുണ്ടായത്.
സ്‌പെയിനില്‍ നിന്ന് വേര്‍പെട്ട് പോവുക എന്ന ആശയം ജനങ്ങളില്‍ വേരൂന്നാന്‍ ഒരു കാരണം മാഡ്രിഡ് ഈ പ്രത്യേക സ്വയംഭരണാവകാശം നിഷേധിച്ചതു തന്നെയാണ്. വെളുക്കാന്‍ തേച്ചത് പാണ്ടാവുക തന്നെയായിരുന്നു. സ്വന്തം രാജ്യം വേണമെന്ന ആവശ്യം കാറ്റലോണിയക്കാര്‍ പണ്ടേ മനസ്സില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെ കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലെസ് പുജിമോന്റിന്റെ കീഴിലുള്ള ഗവണ്‍മെന്റ് നടത്തിയ റഫറണ്ടത്തെ അവര്‍ സര്‍വ്വാത്മനാ പിന്തുണച്ചു. വിഘടനവാദ രാഷ്ട്രീയത്തിനാണ് കാറ്റലോണിയന്‍ മുന്‍തൂക്കം. ഈ രാഷ്ട്രീയമാണ് പുജിമോന്റിന്റെ മുന്നണി വെച്ചുപുലര്‍ത്തുന്നത്. 2015ല്‍ അധികാരത്തിലേറുന്ന കാലത്ത്, സ്‌പെയിനില്‍നിന്ന് വിട്ടുപോരാമോ എന്ന കാര്യത്തില്‍ റഫറണ്ടം നടത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഈ പ്രതിജ്ഞയാണ് ഒക്ടോബര്‍ ഒന്നിന് നടത്തിയ ഹിതപരിശോധനയിലൂടെ പാലിക്കപ്പെട്ടത്. 90 ശതമാനം പേരും വേറിട്ടുപോകണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 43 ശതമാനം പേര്‍ മാത്രമേ ഹിതപരിശോധനയില്‍ പങ്കെടുത്തിട്ടുള്ളൂ എന്നാണ് മറിയാനോ രജോയിയുടെ നേതൃത്വത്തിലുള്ള ദേശീയ ഗവണ്‍മെന്റിന്റെ വാദം. റഫറണ്ടം ഭരണഘടനാ വിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി വിധിയെഴുതിയതിനാല്‍ സ്‌പെയിനില്‍നിന്ന് വേറിട്ട് പോവുന്നതിനെ എതിര്‍ക്കുന്നവര്‍ വോട്ട് ചെയ്തിട്ടില്ലെന്ന് ഗവണ്‍മെന്റ് പറയുന്നു. അതേസമയം, ഗവണ്‍മെന്റ് ഉരുക്കുമുഷ്ടിയുപയോഗിച്ച് ഹിതപരിശോധന തടയുകയായിരുന്നു എന്നും അതിനാല്‍ അതില്‍ നിന്ന് വിട്ടുനിന്നവരും വിഘടനത്തെ അനുകൂലിക്കുന്നവരാണ് എന്നുമാണ് കാറ്റലോണിയന്‍ ദേശീയതയുടെ വക്താക്കള്‍ പറയുന്നത്. സര്‍ക്കാറിന്റെ ഭീഷണി ഗൗനിക്കാതെ റഫറണ്ടത്തില്‍ പങ്കെടുത്തവരുടെ പിന്തുണ മാത്രമല്ല തങ്ങള്‍ക്കുള്ളത് എന്നാണ് വിഘടനവാദികളുടെ ഭാഷ്യം പേടിച്ച് പങ്കെടുക്കാത്തവരും തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവര്‍ വാദിക്കുന്നു. ഇതില്‍ ശരിയുണ്ടാവാം.
2012 ജൂണില്‍ വേറിട്ടുപോകലുമായി ബന്ധപ്പെട്ട് ഒരു സര്‍വ്വേ നടത്തിയിരുന്നു. 23 ലക്ഷം പേര്‍ അതില്‍ പങ്കെടുത്തു. അവരില്‍ 51.1 ശതമാനം പേര്‍ വേറിട്ടുപോകണമെന്നാണ് അഭിപ്രായപ്പെട്ടത്. 2014 നവംബറില്‍ ഒരു സ്വതന്ത്ര ഹിത പരിശോധനയും നടന്നു. കാറ്റലോണിയയുടെ മൊത്തം ജനസംഖ്യ 75.85 ലക്ഷവും വോട്ടര്‍മാരുടെ എണ്ണം 54 ലക്ഷവുമായിരുന്നു. അതില്‍ 22.50 ലക്ഷം പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. അവരില്‍ 18.1 ലക്ഷം പേരും (80 ഞ%)സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ഈ ഹിതപരിശോധനയ്ക്ക് ഭരണഘടനാ സാധുതയില്ലെന്നും അത് പാലിക്കേണ്ടതില്ലെന്നും നേരത്തെ തന്നെ കോടതി വിധിച്ചിരുന്നു. അതുകൊണ്ടാണ് പലരും അതില്‍ പങ്കെടുക്കാഞ്ഞത്. ഇത് കണക്കിലെടുത്താണ് സ്പാനിഷ് ഗവണ്‍മെന്റ് 2015 സെപ്റ്റംബറില്‍ കാറ്റലോണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. 48 ശതമാനം പേരുടെ പിന്തുണയുമായി സ്വാതന്ത്ര്യവാദികള്‍ തെരഞ്ഞെടുപ്പ് ജയിച്ചു.
വിഘടനവാദത്തിന് പിന്തുണ കുറയുന്നു എന്ന് ഈ കണക്കുകള്‍വച്ച് വാദിക്കുന്നവരുണ്ട്; എന്നാല്‍ ഒക്ടോബര്‍ ഒന്നിന് നടന്ന ഹിതപരിശോധനയുടെ ഫലംകൂടി കണക്കിലെടുക്കുമ്പോള്‍ സ്വാതന്ത്ര്യവാദം കാറ്റലോണിയയില്‍ ശക്തമായ അടിയൊഴുക്കായി നിലനില്‍ക്കുന്നു എന്നുവേണം പറയാന്‍. ഹിതപരിശോധനയില്‍ പങ്കെടുക്കാത്തവര്‍ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവരല്ല എന്നതൊരു വസ്തുതയാണ്. ഇപ്പോഴത്തെ ഹിതപരിശോധനയും ഭരണഘടനാവിരുദ്ധമാണെന്നാണ് സ്പാനിഷ് ഭരണകൂടത്തിന്റെയും കോടതിയുടെയും ഔദ്യോഗിക നിലപാട്. പക്ഷെ ഈ നിലപാടിനെ മറികടന്നു മുന്നോട്ടു പോകണമെന്ന് തന്നെയാണ് ദേശവാസികളുടെ ഹൃദയാഭിലാഷം.
വേറിട്ടുപോയാല്‍ സംഭവിക്കുന്നതെന്ത്?
സ്‌പെയിനില്‍ നിന്ന് വേറിട്ടുപോയി കാറ്റലോണിയ ഒരു സ്വതന്ത്രരാജ്യമാവുന്നു എന്നുവയ്ക്കുക. ഈ രാജ്യത്തിന് 22114 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടാവും (ഏകദേശം കേരളത്തിന്റെ വലുപ്പം) അതായത് ഒരു ഇടത്തരം യൂറോപ്യന്‍ രാജ്യത്തിന്റെ സ്വഭാവം കാറ്റലോണിയക്കുണ്ട്. ഇങ്ങനെയൊരു രാജ്യം രൂപംകൊള്ളുകയും അതിന് യൂറോപ്യന്‍ യൂണിയനില്‍ സ്ഥാനം ലഭിക്കുകയും ചെയ്താല്‍, സ്വതവേ തന്നെ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുന്ന സ്‌പെയിനിന്റെ സ്ഥിതി എന്തായിരിക്കുമെന്ന് ആലോചിക്കേണ്ടതുണ്ട്.
ആയതിനാല്‍ എന്ത് വിലകൊടുത്തും സ്വാതന്ത്ര്യവാദത്തെ അടിച്ചമര്‍ത്തേണ്ടത് സ്പാനിഷ് ഭരണകൂടത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തി വിഘടനവാദികള്‍ക്ക് ജനപിന്തുണയില്ലെന്ന് തെളിയിക്കാന്‍ ഗവണ്‍മെന്റ് വട്ടം കൂട്ടുന്നത്. കാറ്റലോണിയയുടെ സ്വയംഭരണം എടുത്തുകളയുകയും പൊലിസ് സേനയുടെ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തുകൊണ്ട് ഏറെക്കുറെ പ്രവിശ്യയുടെ മേലുള്ള അധികാരം സ്‌പെയിന്‍ നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. സ്‌പെയിനിന്റെ ഏകത എന്ന മുദ്രാവാക്യമുയര്‍ത്തി മാഡ്രിഡില്‍ പടുകൂറ്റന്‍ ജനകീയ റാലികള്‍ നടക്കുന്നു. കാറ്റലോണിയയിലും ഈ വികാരത്തിനനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കുറെയൊക്കെ അതില്‍ അവര്‍ വിജയിക്കുന്നുമുണ്ട്. സ്വാതന്ത്ര്യവാദികളെ അടിച്ചമര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കനുകൂലമായ അന്തരീക്ഷം കാറ്റലോണിയയില്‍ സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം സാധിക്കും എന്നതാണ് അടിസ്ഥാന പ്രശ്‌നം. ഭരണഘടനയുടെ 155ാം വകുപ്പുപയോഗിച്ചുകൊണ്ടാണ് സ്പാനിഷ് ഭരണകൂടം കാറ്റലോണിയയുടെ സ്വാതന്ത്ര്യദാഹത്തെ എതിര്‍ക്കുന്നത്. പൊതുവെ നിയമത്തെ മാനിക്കുന്നവരാണ് കാറ്റലോണിയ നിവാസികള്‍. ബാസ്‌ക് പ്രവിശ്യയിലെ സ്വാതന്ത്ര്യവാദികളെപ്പോലെ അവര്‍ വിപ്ലവത്തിന്റെ വഴി തെരഞ്ഞെടുത്തിട്ടില്ല.
അതുകൊണ്ട് നിയമവിരുദ്ധമായി കാറ്റലോണിയക്കാര്‍ യാതൊന്നും ചെയ്യുകയില്ല എന്ന മാഡ്രിഡിലെ രജോയ് ഭരണകൂടം വിശ്വസിക്കുന്നു. പക്ഷേ നിയമത്തോടുള്ള ബഹുമാനമോ സ്വാതന്ത്ര്യമോഹമോ- ഏതാണ് വലുത് എന്നതാണ് ചോദ്യം. അന്തിമമായി ഹൃദയം യുക്തിയെ മറികടക്കുമെന്ന് കരുതാന്‍ തന്നെയാണ് ന്യായം. കാറ്റലന്‍ ഭാഷയും സംസ്‌കാരവുമാണ് സ്പാനിഷ് വിരുദ്ധ വികാരത്തിന് അടിത്തറയായി വര്‍ത്തിക്കുന്നതെങ്കിലും സ്വാതന്ത്ര്യദാഹത്തിന് പിന്നില്‍ സാമ്പത്തിക കാരണങ്ങളുമുണ്ട്. സ്‌പെയിനിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കാറ്റലോണിയ. സമ്പന്നമായ ഈ പ്രദേശത്തിന്റെ തലസ്ഥാനം ബാര്‍സലോണയാണ്. 1992ല്‍ ഒളിംപിക്‌സിന് വേദിയായ ഈ നഗരം ലോകത്തിലെ ഏറ്റവും സാമ്പത്തിക ഭദ്രതയും വ്യാപാരാടിത്തറയുമുള്ള നഗരങ്ങളിലൊന്നാണ്. ഫ്രാന്‍സുമായി അതിര്‍ത്തി പങ്കിടുന്ന കാറ്റലോണിയക്ക് വിശാലമായ കടല്‍ത്തീരവുമുണ്ട്. സ്‌പെയിനിന്റെ മൊത്തം ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് കാറ്റലോണിയയുടെ സംഭാവനയാണ്. വ്യവസായ വിപ്ലവത്തിനുശേഷം സ്‌പെയിനിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ചത് കാറ്റലോണിയയാണല്ലോ. പോര്‍ട്ടുഗലിന്റെ സമ്പദ് വ്യവസ്ഥക്ക് സമാനമാണ് ഈ പ്രവിശ്യയുടെ സമ്പദ് വ്യവസ്ഥ. സ്‌പെയിനിന്റെ വിനോദസഞ്ചാര വ്യവസായം ബാര്‍സലോണയെ ആശ്രയിച്ചുനില്‍ക്കുന്നു.
കഴിഞ്ഞകൊല്ലം ഈ നഗരത്തില്‍ 80 ലക്ഷം സഞ്ചാരികളാണെത്തിയത്. അതായത്, കാറ്റലോണിയയില്ലെങ്കില്‍ സ്‌പെയിനിന്റെ സാമ്പത്തികാടിത്തറയ്ക്ക് വലിയ പരിക്കേല്‍ക്കുമെന്ന് സ്പാനിഷ് ഭരണകൂടത്തിനറിയാം; തങ്ങളുടെ സമ്പത്ത് കൊള്ള ചെയ്തു ജീവിക്കുകയാണ് സ്‌പെയിന്‍ എന്ന് കാറ്റലോണിയക്കാര്‍ വിശ്വസിക്കുകയും ചെയ്യുന്നു. പ്രാദേശികമായ സ്വത്വബോധത്തോടൊപ്പം സാമ്പത്തിക ചൂഷണത്തോടുള്ള എതിര്‍പ്പുകൂടി ജനങ്ങളില്‍ രോഷം വിതച്ചതില്‍നിന്നാണ് കാറ്റലോണിയന്‍ പ്രതിസന്ധി മുളപൊട്ടുന്നത്.
മാഡ്രിഡിലെ മരിയാനോ രജോയിയുടെ ഗവണ്‍മെന്റിന് പല ആന്തരികദൗര്‍ബല്യങ്ങളുമുണ്ട്. ന്യൂനപക്ഷ ഗവണ്‍മെന്റാണത്. സ്വാതന്ത്ര്യവാദികള്‍, സ്പാനിഷ് ഗവണ്‍മെന്റിന്റെ ഈ ദൗര്‍ബല്യത്തെക്കുറിച്ച് ശരിക്കും തിരിച്ചറിഞ്ഞവരാണുതാനും. അതാണ് അവരുടെ ചങ്കുറപ്പിന്റെ മൂലഹേതു. ദേശീയതയെക്കുറിച്ചുള്ള ആലോചനകള്‍ കാറ്റലോണിയയിലെ സംഭവ വികാസങ്ങള്‍ ദേശീയതയെക്കുറിച്ചുള്ള ഗൗരവമായ ആലോചനകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ദേശീയതയെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങളുണ്ട്. മതം, ഭാഷ, ഭൂമിശാസ്ത്രപരമായ അതിരുകള്‍, സംസ്‌കാരം എല്ലാം അവയില്‍ പെടും.
സ്‌പെയിന്‍ വ്യത്യസ്ത ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ്. രാഷ്ട്രീയമായി ഏകത ബോധപൂര്‍വ്വം ഉണ്ടാക്കപ്പെട്ട പ്രദേശമാണ്; ഈ ഏകതാബോധത്തോട് കലഹിച്ചുനില്‍ക്കുന്ന ദേശീയബോധം കാറ്റലോണിയയടക്കം പല പ്രവിശ്യകളിലും പ്രബലമാണ് താനും. കാറ്റലന്‍ ഭാഷയും സംസ്‌കാരവും ശക്തമായ ഉപദേശീയതയുടെ മുദ്രകളുമായി കാറ്റലോണിയയില്‍ ഒരു ബദല്‍ സൃഷ്ടിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മതാധിഷ്ഠിത ദേശീയതയുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ രൂപപ്പെട്ട് ഏറെ വൈകുന്നതിനുമുമ്പുതന്നെ ഭാഷയുടെ അടിസ്ഥാനത്തില്‍ വളര്‍ന്ന ദേശീയബോധത്തിന്റെ ഫലമായി ബംഗ്ലാദേശ് വിട്ടുപോയല്ലോ. കശ്മിരിലെ വിഘടനവാദത്തിന് പിന്നിലുള്ളതും ഇത്തരമൊരു ദേശീയതാ സങ്കല്‍പമാണ്.
അതിനെ ഭരണകൂടത്തിന്റെ 'സാമദാന ഭേദദണ്ഡങ്ങള്‍' കൊണ്ട് ഇല്ലാതാക്കാനാവുകയില്ല. സ്പാനിഷ് ലീഗില്‍ ബാര്‍സലോണയും റിയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ട് ദേശീയതകളാണ് നേരിട്ട് മാറ്റുരയ്ക്കുന്നത്. ഈ മത്സരങ്ങളില്‍ കാണുന്ന വീറും വാശിയും ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്തേക്ക് കടന്നുചെല്ലുന്നു. ബാര്‍സലോണ ക്ലബ്ബിലെ ഫുട്‌ബോള്‍ താരങ്ങള്‍ സ്വാതന്ത്ര്യവാദത്തിന്റെ വക്താക്കളായി രംഗത്ത് വരുന്നതില്‍നിന്ന്, കേവലമായ രാഷ്ട്രീയ തന്ത്രങ്ങള്‍കൊണ്ട് മറികടക്കാനാവാത്ത ജനകീയാഭിലാഷങ്ങളുണ്ട് എന്ന് നാം തിരിച്ചറിയുകതന്നെ വേണ്ടിവരും. ബാര്‍സലോണാ ക്ലബ്ബിന്റെ ഡിഫന്‍സില്‍ കളിക്കുന്ന ജെറാര്‍ഡ് വിക്ടിനെപ്പോലെയുള്ള ശക്തരായ സ്വാതന്ത്ര്യദാഹികള്‍ കളിക്കാരുടെ കൂട്ടത്തിലുണ്ട്. സ്പാനിഷ് ഗവണ്‍മെന്റ് കാറ്റലോണിയയില്‍ നടത്തിയ അടിച്ചമര്‍ത്തലുകളും അക്രമങ്ങളും ഫുട്‌ബോള്‍ കളിക്കാരിലും സംഘാടകരിലും കായിക പ്രേമികളിലുമൊക്കെ സൃഷ്ടിച്ച ആഘാതം ചെറുതല്ല; ഫുട്‌ബോള്‍ പോലും കാറ്റലോണിയയില്‍ സ്വാതന്ത്ര്യദാഹമായാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഇതിന്റെ പൊരുള്‍. റിയല്‍ മാഡ്രിഡ് ഈ വികാരത്തിന്റെ നേരെ എതിര്‍വശത്ത് നില്‍ക്കുന്നു.
ഭാവിയെന്ത്?
എന്തായിരിക്കാം കാറ്റലോണിയയുടെ ഭാവി? ഒരുപക്ഷേ പെട്ടെന്നൊന്നും പുജിമോന്റിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം യാഥാര്‍ഥ്യമായി പരിണമിക്കണമെന്നില്ല. (അദ്ദേഹം നാടുവിട്ടുവോ?) അതേസമയം കാറ്റലോണിയയുടെ വേറിട്ടുപോക്ക് ഒഴിവാക്കാനാവും എന്നും പറഞ്ഞുകൂടാ. ഇരുകൂട്ടരെ സംബന്ധിച്ചിടത്തോളവും വിഭജനം സാമ്പത്തികാഘാതങ്ങള്‍ സൃഷ്ടിക്കും. തങ്ങളുടെ പക്കല്‍നിന്ന് എടുത്തുകൊണ്ട് പോകുന്നതിന്റെ പാതിപോലും തങ്ങള്‍ക്ക് തിരിച്ചുകിട്ടുന്നില്ല എന്ന് കാറ്റലോണിയക്കാര്‍ പരാതിപ്പെടുന്നു. സമ്പന്നമായ തങ്ങളുടെ ദേശമാണ് ദരിദ്രമായ സ്‌പെയിനിനെ തീറ്റിപ്പോറ്റുന്നത് എന്നാണ് അവരുടെ വാദം. അതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ശക്തമായ സ്‌പെയിനിന്റെ ഭാഗമായി വര്‍ത്തിക്കുന്നതാണ് കാറ്റലോണിയന്‍ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതക്ക് കാരണം എന്നാണ്. ഒരു കാര്യം തീര്‍ച്ച. രാഷ്ട്രീയമായ അസ്ഥിരത ഇപ്പോള്‍ തന്നെ കാറ്റലോണിയയില്‍ സാമ്പത്തികമാന്ദ്യം സൃഷ്ടിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരുപാട് കമ്പനികള്‍ ഇവിടെ നിന്ന് തങ്ങളുടെ ആസ്ഥാനം മാറ്റിക്കഴിഞ്ഞു.
രാഷ്ട്രീയാസ്ഥിരത തുടരുന്തോറും ഇത്തരം നടപടികളും തുടരും. അതുമൂലം കാറ്റലോണിയക്കുണ്ടാവുന്ന ദോഷങ്ങള്‍ അന്തിമമായി സ്‌പെയിനിനെയാണ് ദുര്‍ബ്ബലമാക്കുക. പിടിച്ചുനില്‍ക്കാനും സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാനും സ്‌പെയിന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ദേശീയതയുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ കാറ്റലോണിയ ഒറ്റപ്പെട്ട ഉദാഹരണമാണെന്ന് പറഞ്ഞുകൂടാ. വികസിത യൂറോപ്യന്‍ സമൂഹത്തില്‍ ഉപദേശീയതകള്‍ ജനമനസ്സില്‍ കൂടുതല്‍ ശക്തമായി വേരോട്ടം നടത്തുന്നുണ്ട്. (ഇന്ത്യയിലും സമാനമായ ചിന്താധാരകള്‍ പ്രബലമല്ലേ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മിരിലും തമിഴകത്തും രൂപപ്പെട്ടുവരുന്ന പ്രാദേശിക വാദങ്ങള്‍ ചെന്നെത്തുന്ന പരിണതികള്‍ എന്തൊക്കെയായിരിക്കും? ഗുജറാത്ത്, അസ്മിത എന്നൊക്കെപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിപോലും വളര്‍ത്തുന്ന ജനവികാരം എവിടെയായിരിക്കും എത്തിച്ചേരുക? ഖാലിസ്താന്‍ വാദം ഇനിയും മരിച്ചുകഴിഞ്ഞുവോ? ഇത്തരം ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടേ മതിയാവൂ) സ്‌കോട്ട്‌ലന്‍ഡില്‍ ഈയിടെ നടന്ന റഫറണ്ടം അതിന്റെ ഉദാഹരണമാണ്. ഇറ്റലിയിലെ ലൊംബാര്‍സി, വെനെറ്റോ എന്നീ പ്രാദേശിക മേഖലകളില്‍ ഈയിടെ സ്വാതന്ത്ര്യവാദികള്‍ റഫറണ്ടങ്ങള്‍ നടത്തുകയുണ്ടായി. സ്‌പെയിനിലേതില്‍നിന്ന് വ്യത്യസ്തമായി ഭരണഘടനാ സാധ്യതയോടുകൂടി നടത്തിയ റഫറണ്ടങ്ങളായിരുന്നു ഇവ. ഈ ഹിതപരിശോധനയുടെ ഫലമെന്തായാലും അത് പാലിക്കണമെന്ന് വ്യവസ്ഥയില്ല. ഈ മേഖലകളില്‍ വിഘടനവാദികളായ ലെഗാനോര്‍ദ് പാര്‍ട്ടി പ്രബലമാണ്.
ലൊംബാര്‍സിയിലാണ് ഇറ്റലിയുടെ സാമ്പത്തിക സിരാകേന്ദ്രമായ മിലാന്‍ സ്ഥിതി ചെയ്യുന്നത്. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥയുടെ 20 ശതമാനവും മിലാന്റെ കണക്കിലാണ് വരുന്നത്. വെനെറ്റോയിലാണ് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വെനീസ്. 1990ല്‍ സ്ഥാപിതമായ ലെഗാനോര്‍ദ് എന്ന പാര്‍ട്ടി 'ഇറ്റലിയുടെ വടക്കന്‍ പ്രദേശത്ത് ലൊംബാര്‍ഡി മുതല്‍ വെനീസ് വരെ നീളുന്ന പഡാണിയ എന്ന സ്വതന്ത്ര സ്റ്റേറ്റിനുവേണ്ടി നിലകൊള്ളുന്നു. തങ്ങളുടെ നാട്ടില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന് ആനുപാതികമായ വികസനം നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. യഥാര്‍ഥത്തില്‍ വേറിട്ടുപോവലല്ല ഇക്കൂട്ടരുടെ ലക്ഷ്യം. സ്വാതന്ത്ര്യവാദമുയര്‍ത്തിക്കൊണ്ട് റോമുമായി കൂടുതല്‍ വിശപേശല്‍ നടത്തുക എന്നതാണ്. പക്ഷേ അന്തിമമായി ഇത്തരം വിലപേശലുകള്‍ സ്വാതന്ത്ര്യവാദത്തിലേക്ക് എത്തിയേക്കാം എന്ന വാദം തള്ളിക്കളയാന്‍ വയ്യ. ദേശീയതയെക്കുറിച്ചുള്ള പുനര്‍ വിചാരങ്ങള്‍ക്ക് സ്‌പെയിനിലേതടക്കമുള്ള ഈ സംഭവ വികാസങ്ങളെല്ലാം വഴിയൊരുക്കുന്നു. പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലും തീവ്രസങ്കുചിതത്വം പുലര്‍ത്തുന്ന ദേശീയവാദത്തിന് ജനസമ്മതി ലഭിക്കുന്നത് ഇത്തരം പ്രതിഭാസങ്ങളോട് ചേര്‍ത്തുവച്ച് വായിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."