തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷല്‍ കമ്മിഷണര്‍ ഭരണത്തിലേക്ക്
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണം സ്‌പെഷല്‍ കമ്മിഷണറുടെ കീഴിലാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി രണ്ടുവര്‍ഷമാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണിത്. ശബരിമല മണ്ഡലകാലം അടുത്തിരിക്കുന്നതിനാല്‍ ഉടനടി ഒരാളെ ദേവസ്വം പ്രസിഡന്റായി നിയമിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്‌പെഷല്‍ കമ്മിഷണര്‍ ഭരണത്തെക്കുറിച്ച് ആലോചിക്കുന്നത്.
അതേസമയം, ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കിയതിനുപിന്നില്‍ അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്. അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള തീരുമാനം വ്യക്തിപരമായി എടുത്തതല്ല. ദേവസ്വം ഓര്‍ഡിനന്‍സ് ശബരിമല തീര്‍ഥാടനത്തെ ബാധിക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി വി.എസ് ജയകുമാര്‍ നടത്തിയ ക്രമക്കേടുകള്‍ സര്‍ക്കാര്‍ അന്വേഷിക്കും. ബോര്‍ഡില്‍ നടന്ന നിരവധി ക്രമക്കേടുകളില്‍ ഒന്നുമാത്രമാണത്. അദ്ദേഹത്തിന്റെ അഴിമതികള്‍ മാധ്യമങ്ങള്‍തന്നെ പുറത്തുകൊണ്ടുവന്നതാണ്. അതില്‍ അന്വേഷണം നടക്കവെയാണ് ഇത്തരമൊരു അഴിമതിക്കാരനെ ദേവസ്വം കമ്മിഷണറാക്കണമെന്ന നിര്‍ദേശം മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് സ്വകാര്യമായി തയാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."