നിയമം പിണറായി വിജയന്റെ വഴിക്കുപോകുന്നു: ചെന്നിത്തല
മലപ്പുറം: നിയമം നിയമത്തിന്റെ വഴിക്കല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ നിയമലംഘകരെ ഇത്രത്തോളം സഹായിച്ച മുഖ്യമന്ത്രി മുന്‍പ് ഉണ്ടായിട്ടില്ല. എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഒരുനീതിയും പാവപ്പെട്ടവര്‍ക്ക് മറ്റൊരു നീതിയുമാണ് നിലവിലുള്ളത്.
സോളാര്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഏല്‍പ്പിക്കുന്നതായിരുന്നു നല്ലത്. കോടിയേരിയായിരുന്നെങ്കില്‍ ഒരു സ്ത്രീയുടെ വാക്കുകേട്ട് ഇങ്ങനെയൊരു റിപ്പോര്‍ട്ടുണ്ടാക്കില്ലായിരുന്നു. ആളുകള്‍ എന്ത് വിചാരിക്കുമെന്നെങ്കിലും അദ്ദേഹം കരുതും. നല്ല ഉദ്ദേശ്യത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്. ഭരണത്തിനനുസരിച്ച് ആളുകള്‍ മാറുമെന്ന് കരുതിയില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷം നിയമപരമായ നടപടികള്‍ ആലോചിക്കും. റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം പടയൊരുക്കത്തില്‍ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിച്ചിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ജനത്തിനുള്ള വെറുപ്പാണ് ഇതു കാണിക്കുന്നത്. റേഷന്‍ കടകളിലൂടെ 20 ലക്ഷംപേര്‍ക്ക് ചുരുങ്ങിയ വിലയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അരി വിതരണം ചെയ്തിരുന്നു. ഈ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം പിണറായി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. റേഷന്‍ വിതരണമാകെ താളംതെറ്റിയിരിക്കുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം കേരള ജനതയോടുള്ള വെല്ലുവിളിയാണ്. താടിവച്ചവരെയെല്ലാം ഭീകരവാദികളാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ കേന്ദ്രവും കേരളവും തമ്മില്‍ മാറ്റമില്ല. ഗെയില്‍ സമരക്കാരെപ്പോലും തീവ്രവാദികളെന്ന് ആരോപിച്ചാണ് പൊലിസ് പിടിച്ചുകൊണ്ടുപോയത്. ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറച്ച നടപടി തെറ്റാണ്. ക്ഷേത്രങ്ങളുടെ ഭരണം പിടിച്ചടക്കാനുള്ള സി.പി.എമ്മിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."