എല്‍.ഡി.എഫ് യോഗത്തിനും തീരുമാനമെടുക്കാനായില്ല തോമസ് ചാണ്ടിയുടെ രാജി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ടുചേര്‍ന്ന എല്‍.ഡി.എഫ് യോഗം പിരിഞ്ഞത് തീരുമാനമെടുക്കാനാകാതെ. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടുകൊണ്ടാണ് യോഗം അവസാനിച്ചത്.
സി.പി.എമ്മും അന്തിമ തീരുമാനമെടുക്കുന്നതില്‍ ബുദ്ധിമുട്ടുകയായിരുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണെങ്കിലും തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കാനുള്ള കരുത്ത് സി.പി.ഐക്കില്ല. അതുകൊണ്ടുതന്നെ അവരുടെ ആവലാതി മുഴുവന്‍ മുഖ്യമന്ത്രിയുടെയടുത്തും എല്‍.ഡി.എഫ് യോഗത്തിലും അവതരിപ്പിക്കുകയായിരുന്നു.
വിവാദത്തിന്റെ തുടക്കം മുതല്‍തന്നെ സി.പി.ഐ തോമസ് ചാണ്ടിക്ക് എതിരായിരുന്നു. കായല്‍ കൈയേറ്റത്തെക്കുറിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ കുറിപ്പോടെ മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും അന്തിമ തീരുമാനമെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുനിന്നു. ജനരക്ഷാ യാത്രക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി സി.പി.ഐയുടെ ക്ഷമയുടെ അതിരുകടക്കുന്നതായി. അവരുടെ ദേശീയ ജന. സെക്രട്ടറിയെക്കൂടി തോമസ് ചാണ്ടി വിമര്‍ശിച്ചതോടെ രാജിയല്ലാതെ മറ്റൊന്നും വേണ്ടെന്ന അഭിപ്രായത്തിലേക്ക് സി.പി.ഐ സംസ്ഥാന കമ്മിറ്റിയും എത്തിച്ചേര്‍ന്നു.
എന്നാല്‍, തീരുമാനമെടുക്കേണ്ട സി.പി.എമ്മിനെ കാത്തുനിന്ന സി.പി.ഐക്ക് നിരാശപ്പെടേണ്ടിവരികയായിരുന്നു. രാജിയിലുള്ള തീരുമാനം എല്‍.ഡി.എഫിന് വിട്ടുകൊണ്ടാണ് സി.പി.എം സംസ്ഥാന സമിതി പിരിഞ്ഞത്. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തെന്ന പേര് ഒഴിവാക്കാനുള്ള ശ്രമമാണ് സി.പി.എം ഇതിലൂടെ നടത്തിയതെന്നാണ് കരുതുന്നത്. തോമസ് ചാണ്ടിയുടെ രാജി തന്നെയാണ് സി.പി.എമ്മിനും താല്‍പര്യമെങ്കിലും അത് ശക്തമായി ആവശ്യപ്പെടാന്‍ അവര്‍ തയാറായില്ല. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം അത്രയേറെ സങ്കീര്‍ണമായ പ്രശ്‌നമായി മുന്നണിക്കുള്ളില്‍ മാറുകയായിരുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."