മോദിയെ വിമര്‍ശിക്കും; പദവിയെ അവമതിക്കില്ല: രാഹുല്‍
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ പ്രധാനമന്ത്രി പദവിയെ തങ്ങള്‍ ഒരിക്കലും അവമതിക്കില്ലെന്നും അങ്ങനെ ചെയ്യാന്‍ തങ്ങള്‍ ബി.ജെ.പിക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ പാലന്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുടെ പേരിലും മറ്റും കോണ്‍ഗ്രസ് വിമര്‍ശിക്കും. എന്നാല്‍ പ്രധാനമന്ത്രി പദവിയെ അനാദരിക്കില്ല. അങ്ങനെ ചെയ്യാത്തതാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസമെന്നു പറഞ്ഞ അദ്ദേഹം, എന്നാല്‍ മുന്‍ പ്രധാനമന്ത്രിയോട് ഇത്തരത്തിലായിരുന്നില്ല മോദിയടക്കമുള്ള ബി.ജെ.പിയുടെ നിലപാടെന്നും വിശദീകരിച്ചു.
മോദിയെ വിമര്‍ശിക്കുന്നതില്‍ ബി.ജെ.പി അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. സത്യമായ കാര്യങ്ങളാണ് തങ്ങള്‍ ഉന്നയിക്കുന്നത്. അസത്യങ്ങള്‍ പറയുന്നില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രിപദവിയെ അവമതിക്കുന്നുമില്ല.
തങ്ങളുടെ വിമര്‍ശനങ്ങള്‍ ഒരു പരിധിക്കപ്പുറം പോകില്ലെന്നും മാന്യത കാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതാണ് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റായ വാക്കുകള്‍ ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രിപദവിയെ മോശമായി ചിത്രീകരിക്കരുതെന്നും പ്രവര്‍ത്തകരെ ഉണര്‍ത്തിയ രാഹുല്‍, കോണ്‍ഗ്രസിന്റെ നിലപാടുകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാനും ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുജറാത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്ത മാസമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."