ഐ.എസ് ഇന്ത്യക്ക് ഭീഷണിയല്ല: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: രാജ്യാന്തര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്ത്യക്കു ഭീഷണിയല്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകളെ അപേക്ഷിച്ച് ഇന്ത്യയിലെ മുസ്‌ലിംകളെ ഐ.എസിന് സ്വാധീനിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവ രാജ്യത്തിനു ഭീഷണിയല്ലാത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലഖ്‌നൗവില്‍ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദം, പാകിസ്താന്‍, ജമ്മുകശ്മീര്‍, റോഹിംഗ്യ, മാവോയിസ്റ്റ് ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം പ്രതികരിച്ചു.
പാകിസ്താന്‍ ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എങ്കിലും കശ്മീരില്‍ അടുത്തിടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോധവാന്‍മാരാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുമായി ബന്ധപ്പെട്ടുവരികയാണ്. പാകിസ്താന്‍ അവരുടെ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ സൈന്യത്തിന്റെ ഐക്യം കാരണം അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ജമ്മുകശ്മീരിലെ പൊലിസും അര്‍ധസൈന്യവും രഹസ്യാന്വേഷണവിഭാഗവും മികച്ചരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
1995ല്‍ സംസ്ഥാനത്ത് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 86,000 സംഭവങ്ങളുണ്ടായി. എന്നാല്‍ ഈ വര്‍ഷം അത്തരത്തില്‍ 300 സംഭവങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. സംസ്ഥാനത്തെ ജനങ്ങളോടു കേന്ദ്രസര്‍ക്കാര്‍ നേരിട്ടു സംസാരിച്ചുവരികയാണ്. കശ്മീരികള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ട് തന്നെ അവിടത്തെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. മാവോയിസ്റ്റ് ഭീഷണി നേരിടാനായി സി.ആര്‍.പി.എഫിന് മികച്ച ആയുധങ്ങളും പരിശീലനവും നല്‍കുന്നുണ്ട്. ഇതുവഴി 2022ഓടെ മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കാന്‍ കഴിയും.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാവോയിസ്റ്റ് ആക്രമണങ്ങള്‍ 55 ശതമാനവും വടക്കുകിഴക്കന്‍ മേഖലകളിലെ സംഘര്‍ഷങ്ങള്‍ 75 ശതമാനവും കുറയ്ക്കാന്‍ കഴിഞ്ഞു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില ജില്ലകളില്‍ മാത്രമായി ചുരുങ്ങിയതായും അദ്ദേഹം പറഞ്ഞു. നിലവിലെ റോഹിംഗ്യന്‍ വിഷയം വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരാണെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പശുസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന്, നിയ മംകൈയിലെടുക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയച്ചിട്ടുണ്ടെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."