പ്രവാസി പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്
മനാമ: പ്രവാസി പ്രശ്‌നങ്ങള്‍ക്കുനേരെ അധികാരികള്‍ ഇനിയും കണ്ണടക്കരുതെന്നും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ബഹ്‌റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ മതസാമൂഹിക സംഘടനകള്‍ക്ക് ഇടപെടാന്‍ പരിമിതിയുള്ള സാഹചര്യമാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വരുന്നത്. ഈ അവസരത്തില്‍ പ്രവാസികള്‍ക്കുവേണ്ടി രംഗത്തിറങ്ങാനും പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദേശിക്കാനും സര്‍ക്കാറുകള്‍ ശ്രദ്ധ ചെലുത്തണം.
അതോടൊപ്പം, തൊഴിലവസരങ്ങള്‍ റിസര്‍വ് ചെയ്യുക. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സാമ്പത്തികനിയമസാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ പ്രവാസി ക്ഷേമ കാര്യങ്ങള്‍ക്കും കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങണം.
തൊഴില്‍ പരിശീലനം, സംരംഭക പരിശീലനം എന്നിവക്കായി മടങ്ങിവരുന്ന പ്രവാസികള്‍ക്കു പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂരാണ് പ്രമേയം അവതരിപ്പിച്ചത്.
ജി.സി.സി തലത്തിലുള്ള സംഘടനാ ശാക്തീകരണ പദ്ധതികളും പ്രവാസി പ്രശ്‌നങ്ങളും പൊതുവിഷയങ്ങളും വിശദമായി ചര്‍ച്ചചെയ്ത യോഗത്തില്‍ സഊദി പ്രതിനിധികളാണ് നിലവിലുള്ള പ്രവാസി പ്രശ്‌നങ്ങളുടെ രൂക്ഷതയും സര്‍ക്കാര്‍ ഇടപെടലിന്റെ അനിവാര്യതയും ചൂണ്ടിക്കാട്ടി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ഡോ.അബ്ദുല്‍റഹിമാന്‍ ഒളവട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഷുഐബ് തങ്ങള്‍, സുബൈര്‍ ഹുദവി ജിദ്ദ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളില്‍ സംഘടന നടപ്പിലാക്കുന്ന പദ്ധതികളും ഗ്ലോബല്‍ മീറ്റിന്റെ അവസാന സെഷനില്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."