ബഹ്റൈനില്‍ എണ്ണ പൈപ്പ്ലൈനില്‍ പൊട്ടിത്തെറി; പിന്നില്‍ ഭീകരരെന്ന് ആഭ്യന്തര മന്ത്രാലയം
മനാമ: ബഹ്റൈനില്‍ എണ്ണ പൈപ്പ്ലൈനില്‍ പൊട്ടിത്തെറിച്ചുണ്ടായ വന്‍ തീപിടിത്തം പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി. തലസ്ഥാന നഗരിയായ മനാമയില്‍ നിന്നും 15 കി.മീ അകലെ ബുരി പ്രവിശ്യയിലാണ് പൊട്ടിത്തെറി. തീപിടിത്തം ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ ഉടനെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചിരുന്നു. നിരവധി കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. പൊലിസ് വാലി അല്‍ അഹമ്മദ് റോഡും അടച്ചു. ഒഴിപ്പിച്ച താമസക്കാര്‍ക്ക് നോര്‍തേണ്‍ ഗവര്‍ണറേറ്റ് പൊലിസ് താല്‍ക്കാലിക താമസമൊരുക്കി. പൈപ്പ്ലൈന് ശീതീകരണ പ്രക്രിയ പൂര്‍ത്തിയായതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇതേ തുടര്‍ന്ന് പൈപ്പ്ലൈന് വഴിയുള്ള എണ്ണ പ്രവാഹം ബഹ്റൈന്‍ പെട്രോളിയം കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്.
അതിനിടെ സംഭവത്തെ കുറിച്ച് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണം തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്നതിന് തെളിവ് ലഭിച്ചതായും അവര്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ താറുമാറാക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തനമാണിതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും അഭിപ്രായപ്പെട്ടു.
വന്‍ തീപിടിത്തമാണ് പൈപ്പ്ലൈന് പൊട്ടാന്‍ ഇടയാക്കിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈനില്‍ കൂടുതല്‍ പെട്രോളിയവും ലഭിക്കുന്നത് സഊദിയോട് ചേര്‍ന്നുള്ള അബു സഫാ എണ്ണപ്പാടത്തു നിന്നാണ്. പ്രതിദിനം 2.30 ലക്ഷം ബാരല്‍ എണ്ണയാണ് ബഹ്റൈനില്‍ ഈ പൈപ്പ്ലൈന് വഴി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."