ആദിവാസി ജീവിതം പഠിക്കാന്‍ കാടുകയറുന്ന മുത്തുലക്ഷ്മി ടീച്ചര്‍
പാലക്കാട്: കാടും മേടും കയറിയിറങ്ങി ആദിവാസി സമൂഹങ്ങളെക്കുറിച്ചു പഠിക്കാന്‍ മുത്തുലക്ഷ്മി ടീച്ചര്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടു പിന്നിടുന്നു.
കേരളത്തിലെയും, തമിഴ്‌നാട്ടിലെയുംകാടുകളില്‍ അധിവസിക്കുന്ന ഗുഹാമനുഷ്യരായ ആദിവാസികളെക്കുറിച്ചാണ് ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. ഇടുക്കി, പാലക്കാട് ജില്ലയിലെയും കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ, പൊള്ളാച്ചി, പഴനി മേഖലയിലെയും ആദിവാസികളായ മുതുവാന്മാരെക്കുറിച്ചു പഠനം നടത്തുകയും, 'മുതുവാന്മാരുടെ ജീവിതം' എന്നപേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് കലൈ ഇലക്കിയ മന്‍ട്രം, തഞ്ചാവൂര്‍ തമിഴ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന വി.ഐ സുബ്രഹ്മണ്യത്തിന്റെ പേരില്‍ നല്‍കുന്ന 2017ലെ ഏറ്റവും നല്ല ഗവേഷക പുസ്തകം എന്നീ പുസ്തകത്തിന് ലഭിച്ചിട്ടുണ്ട്.
ചിറ്റൂര്‍ ഗവ.കോളജില്‍ പഠിച്ചിരുന്ന കാലത്താണ് ഇവര്‍ മുതുവാന്‍മാരെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. മുതുവാന്മാരുടെ ജീവിതം സംഘ സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
1996ല്‍ അന്ന് കൂടെ പഠിച്ചിരുന്ന സഹപാഠികളില്‍ നിന്നുമാണ് ഇവരെക്കുറിച്ച് ടീച്ചര്‍ അറിയുന്നത്. പറമ്പിക്കുളം കാടിനകത്തെ പൂപ്പാറയിലും, ഇടുക്കിയിലെ മറയൂര്‍ മേഖലയിലുമുള്ള കൊടുംകാടുകളില്‍പോയി മാസങ്ങളോളം താമസിച്ച് അവരിലൊരാളായി നിന്നാണ് പഠനം ആരംഭിച്ചത്.
മധുര ഭാഗങ്ങളില്‍നിന്നു കുടിയേറിയവരാണ് ഇവര്‍. മറ്റു ആദിവാസികളില്‍നിന്നു വ്യത്യസ്തത പുലര്‍ത്തുന്നവരാണ് മുതുവാന്മാര്‍. വൃത്തിയിലും സംസ്‌കാരത്തിലും ഉയര്‍ന്നനിലവാരം പുലര്‍ത്തുന്ന ഇവര്‍ വനത്തിനകത്ത് കൃഷി ചെയ്താണ് ജീവിക്കുന്നത്.
കുട്ടികളെ തൊട്ടിലില്‍ കിടത്തിയുറക്കാത്ത ആദിവാസി വിഭാഗമാണ് മുതുവാന്മാര്‍. കൊടുംകാടിനാണ് മിക്ക കോളനികളും സ്ഥിതി ചെയ്യുന്നത്. കേരളത്തില്‍ പഠിച്ചതിനു ശേഷം കോയമ്പത്തൂര്‍ ജില്ലയിലെപൊള്ളാച്ചി, വാല്‍പ്പാറ മേഖലയിലുള്ള ആനമല, കാടന്‍പാറ, മഞ്ജന്‍പെട്ടി, വെള്ളിമുടി, കോട്ടയാര്‍ പരമം കടവ്, ശങ്കരങ്കുടി, കരുമുട്ടിക്കുടി എന്നിവിടങ്ങളിലുള്ള മുതുവാകുടികളില്‍ താമസിച്ചായിരുന്നു പഠനം.
കോയമ്പത്തൂര്‍ ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന പ്രാചീന ഗോത്രവര്‍ഗമായ കാടര്‍, ഇരുളര്‍, മലസര്‍, മലമലസര്‍, കാട്ടുനായ്ക്കര്‍, ഇരവാലര്‍ തുടങ്ങി എട്ടു ആദിവാസികളെക്കുറിച്ചു പഠനം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ കുറവര്‍ സമുദായത്തിന്റെ ജീവിതത്തെക്കുറിച്ചു 'കുറിഞ്ചിനിലാമും, കുറവര്‍ വാഴ്‌വും' എന്ന വിഷയത്തില്‍ പഠനം നടത്തിവരികയാണ്.
പാലക്കാട് ജില്ലയിലെ കിഴക്കന്‍ പ്രദേശമായ ആര്‍.വി.പി പുത്തൂരിലെ കര്‍ഷകരായ ഗണേഷ് തേവര്‍- ശിവകാമി ദമ്പതികളുടെ മകളായ മുത്തുലക്ഷ്മി ഇപ്പോള്‍ ചിറ്റൂര്‍ ഗവ.കോളജില്‍ തമിഴ് വിഭാഗം മേധാവിയാണ്.
ഇവരുടെ ഭര്‍ത്താവ് സെന്തില്‍ കുമാറിന്റെയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ അരവിന്ദിന്റേയും സഹായം ഇവര്‍ക്കുണ്ട്. യു.ജി.സിയുടെ സഹായത്തോടെ കുമാരനാശാന്റെയും, സുബ്രമണ്യ ഭാരതിയുടെയും കവിതകളെക്കുറിച്ചൊരു താരതമ്യ പഠനം എന്ന വിഷയത്തില്‍ ഗവേഷണവും നടത്തി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."