ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ പട്ടാപ്പകല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി. ഗുരുവായൂര്‍ നെന്മിനി വടക്കേ തല ചില്ലരിക്കല്‍ വീട്ടില്‍ പരേതനായ ശശിയുടെ മകന്‍ ആനന്ദ(26)നെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ആനന്ദന്‍ നാലുവര്‍ഷം മുന്‍പ് സി.പി.എം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ്. ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള റോഡില്‍ വച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ സുഹൃത്ത് വാടാനപ്പള്ളി സ്വദേശി വിഷ്ണുവുമൊത്ത് ബൈക്കില്‍ വീട്ടിലേക്ക് പോകവെയാണ് നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കെ.എല്‍. 46സി 81 സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. വാളുമായെത്തിയ അക്രമികളെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന വിഷ്ണുവിനോട് ആനന്ദന്‍ ഓടി രക്ഷപ്പെട്ടുകൊള്ളാന്‍ പറഞ്ഞുവത്രെ. ഇതിനിടയില്‍ ആനന്ദനെ അക്രമികള്‍ വെട്ടുകയായിരുന്നു. പരുക്കേറ്റ ആനന്ദനെ ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിനേറ്റ വെട്ടാണ് മരണകാരണമെന്ന് അറിയുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൃത്യം നിര്‍വഹിച്ച ശേഷം അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സംഭവത്തിനിടെ വീണ് പരുക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 2013 നവംബര്‍ 4ന് ഫാസില്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ആനന്ദന്‍ ഒരു വര്‍ഷം മുന്‍പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഫാസിലിന്റെ സഹോദരന്റേതാണ് അക്രമിസംഘം ഉപയോഗിച്ച കാറെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃശൂര്‍ റേഞ്ച് ഐ.ജി. അജിത്കുമാര്‍, തൃശൂര്‍ റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര, ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി.എ ശിവദാസ്, ഗുരുവായൂര്‍ ടെംപിള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.എച്ച് സുനില്‍ദാസ്, ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.ബാലകൃഷ്ണന്‍, പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ആനന്ദന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരി അംബികയാണ് ആനന്ദന്റെ മാതാവ്. അഭിഷേക് ഏകസഹോദരനാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."