അഞ്ചാം വര്‍ഷക്കാരെ തഴഞ്ഞു; 45 കഴിഞ്ഞവര്‍ക്ക് മെഹ്‌റം വേണ്ട
കൊണ്ടോട്ടി: തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളോടെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനുള്ള അപേക്ഷാ ഫോറം പുറത്തിറക്കി. കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അപേക്ഷാ ഫോറവും നിര്‍ദേശങ്ങളും പുതിയ ഹജ്ജ് നയം അടിസ്ഥാനമാക്കിയുള്ളതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 15 മുതല്‍ സ്വീകരിക്കും. ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഈ വര്‍ഷവും കരിപ്പൂരിനെ തഴഞ്ഞ് കേരളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കൊച്ചിയെ നിലനിര്‍ത്തുകയാണ് ചെയ്തത്.
70 വയസ് കഴിഞ്ഞവര്‍ക്കും ഒരു സഹായിക്കും മാത്രമാണ് ഇത്തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് പോകാനാവുക. അഞ്ചാം വര്‍ഷക്കാര്‍ക്ക് സംവരണം നിര്‍ത്തിയതോടെ മറ്റുള്ളവരോടൊപ്പം നറുക്കെടുപ്പിലൂടെ മാത്രമാകും അവസരം ലഭിക്കുക.
1947 നവംബര്‍ 15ന് മുന്‍പ് ജനിച്ചവര്‍ക്കാണ് 70 വയസിന് മുകളിലുള്ളവരുടെ മുന്‍ഗണന ലഭിക്കുക. 45 വയസിന് മുകളിലുള്ള നാലു വനിതകള്‍ ഒന്നിച്ച് തീര്‍ഥാടനത്തിന് പോവുകയാണെങ്കില്‍ മെഹ്‌റം ആവശ്യമില്ല. നേരത്തെ എല്ലാ വനിതകള്‍ക്കും മെഹ്‌റം നിര്‍ബന്ധമായിരുന്നു. ഒരു കവറില്‍ നാലുപേര്‍ക്കും രണ്ട് കുട്ടികള്‍ക്കും അപേക്ഷ നല്‍കാം. നേരത്തേ ഇത് അഞ്ചു പേര്‍ക്കും ഒരു കുട്ടിക്കും എന്നതായിരുന്നു. എഴുപത് വയസിന് മുകളിലുള്ളവരുടെ സഹായി നേരത്തെ ഹജ്ജ് ചെയ്തതാണെങ്കില്‍ വിസ സ്റ്റാമ്പിങിന് 2000 രൂപയും അധികം നല്‍കണം.
ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് 2019 ഫെബ്രുവരി 14 വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. 300 രൂപയാണ് അപേക്ഷാ ഫീസ്. എസ്.ബി.ഐയുടെയോ ഇന്ത്യന്‍ ബാങ്കിന്റെയോ ശാഖകളില്‍ നിര്‍ദിഷ്ട പേ ഇന്‍ സ്ലിപ് ഉപയോഗിച്ചാണ് ഫീസ് അടയ്‌ക്കേണ്ടത്. ഹജ്ജ് നയത്തില്‍ എല്ലാവര്‍ക്കും അസീസിയയില്‍ മാത്രം താമസസൗകര്യമെന്നാണ് ശുപാര്‍ശയെങ്കിലും ഗ്രീന്‍ വിഭാഗത്തിലും അപേക്ഷിക്കാം. അസീസിയയില്‍ രണ്ടു ലക്ഷവും ഗ്രീന്‍ വിഭാഗത്തില്‍ 2,34,000 രൂപയും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ ആദ്യഗഡുവായി 81,000 രൂപ നല്‍കണം. ഹജ്ജ് കമ്മിറ്റിയുടെ പേ-ഇന്‍ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂനിയന്‍ ബാങ്കുകളുടെ ശാഖകളില്‍ പണം അടയ്ക്കാം.
ജൂലൈ 11 മുതല്‍ ഓഗസ്റ്റ് 13 വരെയാണ് ഇന്ത്യയില്‍നിന്ന് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 26 വരെ ഹാജിമാര്‍ മടങ്ങിയെത്തും. 22 കിലോ വീതമുള്ള രണ്ട് ബാഗും 10 കിലോയുള്ള ഒരു ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിരിക്കുന്നത്.
70 ശതമാനം സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമെന്ന ഹജ്ജ് നയത്തിലെ ശുപാര്‍ശയാണ് അപേക്ഷയിലെ മാര്‍ഗനിര്‍ദേശവും പിന്തുടരുന്നത്. ഹജ്ജ് നയത്തില്‍ ഒന്‍പത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ് ശുപാര്‍ശ ചെയ്തതെങ്കിലും നിലവിലെ 21 എണ്ണം നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നേരിട്ട് അവസരം ലഭിച്ചിരുന്ന അഞ്ചാം വര്‍ഷക്കാരെ ഒഴിവാക്കിയതോടെ കേരളത്തില്‍നിന്ന് 1370 പേര്‍ക്ക് അവസരം നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."