'വിന്‍ ഗോള്‍ഡ് ഫോര്‍ ദി പാരാലിംപിക്‌സ് '
നാലാമത് ദേശീയ വീല്‍ചെയര്‍ ബാസ്റ്റക്കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചപ്പോള്‍ കേരള വനിതകള്‍ റണ്ണറപ്പായി. ഹൈദരബാദിലെ കെ.വി.ബി.ആര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ നാല് മുതല്‍ ഏഴ് വരെയായിരുന്നു പോരാട്ടം. ഏഴ് ടീമുകള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ സിനി ഫ്രാന്‍സിസിന്റെ നേതൃത്വത്തിയാലിരുന്നു പരിമിതികളെ മറികടന്ന കേരള വനിതകളുടെ പോരാട്ടം. 15 ടീമുകള്‍ പങ്കാളികളായ ചാംപ്യന്‍ഷിപ്പില്‍ സതീഷ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പുരുഷ ടീം ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തി.
നാല് വര്‍ഷമായി കേരള വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ടീം രൂപീകരിച്ച് പരിശീലനം തുടങ്ങിയിട്ട്. ഫാ. മാത്യു കിരിയാന്തന്റെ നേതൃത്വത്തില്‍ രാജഗിരി കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം. വീല്‍ചെയറില്‍ അസ്തമിച്ചു പോകുമായിരുന്ന ജീവിതങ്ങളെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലേക്ക് എത്തിച്ചത് ഫാ. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു.
കേരള വീല്‍ചെയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ രൂപീകരിച്ചെങ്കിലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം അകലെയാണ്. അംഗ പരിമിതരുടെ കായിക മത്സരങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ സഹായങ്ങളുമില്ല. ഫാ. മാത്യു സ്‌പോണ്‍സറിങിലൂടെ കണ്ടെത്തുന്ന സഹായങ്ങളും സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയുമാണ് താരങ്ങളുടെ ചാംപ്യന്‍ഷിപ്പുകളിലേക്കുള്ള യാത്ര. ട്രോഫിയുമായി തിരിച്ചെത്തിയാല്‍ അനുമോദിക്കാന്‍ കായിക രംഗം ഭരിക്കുന്നവര്‍ ഓടിയെത്തുന്നുണ്ട് എന്നത് മാത്രമാണ് ഇവര്‍ക്ക് ആശ്വാസം.
മിടുക്കരെ തേടി
ജപ്പാനിലെ ടോക്യോയില്‍ 2020ല്‍ നടക്കുന്ന പാരിലംപിക്‌സിലേക്ക് യോഗ്യത നേടാന്‍ അംഗ പരിമിത താരങ്ങളെ സജ്ജരാക്കാന്‍ ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ കേരള തുടക്കമിട്ട പദ്ധതിയാണ് 'വിന്‍ ഗോള്‍ഡ് ഫോര്‍ ദി പാരാലിംപിക്‌സ് '. അത്‌ലറ്റിക്‌സ്, നീന്തല്‍, പവര്‍ ലിഫ്റ്റിങ്, ആര്‍ച്ചറി എന്നീ നാല് മത്സര വിഭാഗങ്ങളില്‍ താരങ്ങളെ പാരാലിംപിക്‌സില്‍ മെഡല്‍ ജേതാക്കളാക്കുകയെന്നതാണ് ലക്ഷ്യം.
വിവിധ സ്ഥലങ്ങളില്‍ സെലക്ഷന്‍ ട്രെയല്‍സ് നടത്തി മിടുക്കരെ കണ്ടെത്തുക, താരങ്ങളുടെ പരിശീലനം, താമസം, ഭക്ഷണം, വിദ്യാഭ്യാസം, സ്വയം തൊഴില്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. ഏഴ് ലക്ഷമാണ് വാര്‍ഷിക ചെലവായി കണക്കാക്കിയിട്ടുള്ളത്. ഫണ്ട് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെങ്കിലും പദ്ധതി ആരംഭിച്ച് കഴിഞ്ഞു. ഒരു അത്‌ലറ്റിനെ മാത്രമാണ് പദ്ധതിയിലേക്ക് ഇതുവരെ സ്‌പോണ്‍സര്‍ ചെയ്യാനായത്. കോട്ടക്കല്‍ സ്വദേശിയായ ജംപിങ് താരം മുഹമ്മദ് അനസിനെ.
ഇവര്‍ക്കും വേണം കരുതല്‍
'വിന്‍ ഗോള്‍ഡ് ഫോര്‍ ദി പാരാലിംപിക്‌സ് ' പദ്ധതി നടപ്പാക്കാന്‍ കിഷോറിന്റെ നേതൃത്വത്തില്‍ കാര്യമായ ശ്രമങ്ങള്‍ തന്നെ നടത്തി. താരങ്ങളുടെ താമസത്തിന് വീട് വാടകയ്ക്ക് എടുത്തു. സ്വയം തൊഴിലിലൂടെ വരുമാനം കണ്ടെത്താന്‍ ഡി.ടി.പി സെന്ററും ഫുഡ് കോര്‍ട്ടും. സര്‍ക്കാര്‍ സഹായത്തോടെ ഫണ്ട് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. അംഗ പരിമിതരുടെ സ്‌പോര്‍ട്‌സ് സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ സഹായമൊന്നും ലഭിച്ചില്ല.
ഇതോടെ പദ്ധതി നടപ്പാക്കാന്‍ സ്‌പോണ്‍സറെ തേടി അലച്ചിലാണ് ഫിസിക്കലി ചലഞ്ചഡ് ഓള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. പദ്ധതിക്ക് തുടക്കമിട്ടതോടെ പ്രതിമാസം 6000 രൂപ വേണം മുഹമ്മദ് അനസിന്റെ പരിശീലനത്തിനും മറ്റുമായി. ഈ തുക സ്വന്തം പോക്കറ്റില്‍ നിന്നാണ് കിഷോര്‍ കുമാര്‍ നല്‍കുന്നത്.
മുഖം തിരിച്ച് സര്‍ക്കാര്‍
'വിന്‍ ഗോള്‍ഡ് ഫോര്‍ ദി പാരാലിംപിക്‌സ് ' പദ്ധതിയും അംഗ പരിമിതരുടെ സ്‌പോര്‍ട്‌സ് അംഗീകരിക്കണമെന്ന അപേക്ഷയും സര്‍ക്കാരിന് മുന്നിലുണ്ട്. 2015 മുതല്‍ മുഖ്യമന്ത്രിക്കും കായിക, സമൂഹികനീതി വകുപ്പ് മന്ത്രിമാര്‍ക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനും, കേരള വികലാംഗ കമ്മിഷനര്‍ക്കും പലവട്ടം അപേക്ഷ നല്‍കി.
അംഗ പരിമിതരുടെ സ്‌പോര്‍ട്‌സിന് അംഗീകാരം നല്‍കി താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനോ ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനോ ഒരു സഹായ വാഗ്ദാനവും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെന്നത് ദുഃഖകരം. തമിഴ്‌നാട് അടക്കം ഇതര സംസ്ഥാനങ്ങള്‍ അംഗ പരിമിതരുടെ സ്‌പോര്‍ട്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
ദേശീയ, രാജ്യാന്തര മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് ലക്ഷങ്ങളും കോടികളുമാണ് പ്രോത്സാഹനമായി നല്‍കുന്നത്. 2015 സെപ്തംമ്പര്‍ 22 ന് ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടിയുള്ള സംസ്ഥാന നയത്തിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
ഭിന്ന ശേഷിക്കാരുടെ ക്ഷേമം, പുനരധിവാസം, വികസനം, അവകാശ സംരക്ഷണം, അവസരസമത്വത്തിനുള്ള കരുതല്‍ നടപടി, വ്യക്തി സ്വാതന്ത്രത്തിനുള്ള തടസങ്ങള്‍ നീക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചാണ് നയം രൂപീകരിച്ചത്. ആ നയം സര്‍ക്കാര്‍ തന്നെ നടപ്പാക്കാന്‍ തയ്യാറാകാതെ വരുമ്പോള്‍ ഇവര്‍ ആരോട് പരാതി പറയാന്‍.
കോടികള്‍ ഒഴുകുന്നത് എവിടേക്ക്
കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ അംഗ പരിമിതര്‍ക്കായി നീക്കി വയ്ക്കുന്നത് കോടികളാണ്. ഈ തുക എങ്ങനെ ചെലവഴിക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. വര്‍ഷങ്ങളായി ഇതുസംബന്ധിച്ച് ഒരു ചോദ്യവും സമൂഹത്തില്‍ നിന്ന് ഉയരുന്നില്ല. ഈ കോടികളില്‍ നിന്നുള്ള ചെറിയ ശതമാനം മതി പാരാലിംപിക്‌സ് താരങ്ങളുടെ കായിക വളര്‍ച്ചയ്ക്ക് വിനിയോഗിക്കാന്‍. സര്‍ക്കാരും കായിക വകുപ്പും അതിന് തയ്യാറാകുന്നില്ല. സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പരിശീലന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും പാരാലിംപിക്‌സ് താരങ്ങള്‍ക്ക് കഴിയുന്നില്ല.
ശാരീരിക വൈകല്യമുള്ള കായിക താരങ്ങള്‍ക്ക് വോളിബോള്‍, നീന്തല്‍, പവര്‍ ലിഫ്റ്റിങ മത്സര വിഭാഗങ്ങളില്‍ പരിശീലനത്തിനായി സംസ്ഥാന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ സൗജന്യ പരിശീലനം നേടാമെന്ന് 2016 ജനുവരി ഏഴിന് അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വര്‍ഷം ഒന്ന് കഴിഞ്ഞതോടെ നിലവില്‍ ഒരിടത്തും അംഗ പരിമിതര്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഉപയോഗിക്കാനാകുന്നില്ല. ഉത്തരവ് കാലഹരണപ്പെട്ടതാണെന്നാണ് പരിശീലന സൗകര്യം തേടുന്നവര്‍ക്ക് അധികൃതര്‍ നല്‍കുന്ന മറുപടി.
suprabhaatham series on Paralympics players
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."