ശ്രീലങ്ക- പ്രസിഡന്റ്‌സ് ഇലവന്‍ ദ്വിദിനം സമനിലയില്‍ മുന്നില്‍ നിന്ന് നയിച്ച് സഞ്ജു സാംസണ്‍
കൊല്‍ക്കത്ത: കിടയറ്റ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശ്രീലങ്കയും ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനും തമ്മിലുള്ള ദ്വിദിന സന്നാഹ മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റിന് 411 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ശ്രീലങ്കക്കെതിരേ പ്രസിഡന്റ്‌സ് ഇലവന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
143 പന്തുകള്‍ നേരിട്ട് 128 റണ്‍സെടുത്ത് ടീമിന്റെ നായകന്‍ കൂടിയായ സഞ്ജു ഒറ്റയാള്‍ കരുത്തിലൂടെ പോരാട്ടം ലങ്കന്‍ ക്യാംപിലേക്ക് നയിക്കുന്ന കാഴ്ചയായിരുന്നു. 99 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ നിലയില്‍ തകര്‍ച്ചയുടെ സൂചനകള്‍ പ്രകടിപ്പിച്ച ഘട്ടത്തിലാണ് നാലാമനായി ക്രീസിലെത്തി സഞ്ജു കളം നിറഞ്ഞത്. 19 ഫോറുകളും ഒരു സിക്‌സും പറത്തി മലയാളി താരം മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോള്‍ ലങ്കന്‍ ബൗളര്‍മാര്‍ നിസഹായരായി നിന്നു. പതിനാല് ബൗളര്‍മാര്‍ മാറിമാറി പന്തെറിഞ്ഞിട്ടും സഞ്ജുവിന്റെ ബാറ്റിങിന് തടയിടാന്‍ സാധിച്ചില്ല. സമരവിക്രമയുടെ പന്തില്‍ ഡിക്ക്‌വെല്ല പിടിച്ചാണ് ഒടുവില്‍ സഞ്ജു കീഴടങ്ങിയത്. മറ്റൊരു മലയാളി താരം രോഹന്‍ പ്രേം (39), സന്ദീപ് (പുറത്താകാതെ 33) എന്നിവര്‍ നായകന് പിന്തുണ നല്‍കി. കളി അവസാനിപ്പിക്കുമ്പോള്‍ കേരള രഞ്ജി താരം ജലജ് സക്‌സേന (20) സന്ദീപിനൊപ്പം പുറത്താകാതെ നിന്നു. ലങ്കക്കായി തിരിമന്നെ രണ്ട് വിക്കറ്റ് പിഴുതു. ഈ മാസം 16 മുതല്‍ കൊല്‍ക്കത്തയിലാണ് ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."