സൂപ്പര്‍ ഫുട്‌ബോളിലെ മലയാള ശബ്ദം; 'കമന്ററി ബോക്‌സില്‍ ഞാന്‍ ഷൈജു ദാമോദരന്‍'
കൊച്ചി: 'സച്ചിനും കോപ്പലും ചേര്‍ന്ന് പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കി'. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ കാല്‍പന്തുകളി പ്രേമികള്‍ ഏറ്റെടുത്ത് ആഘോഷിച്ച വരികള്‍. ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചു കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് നടന്നു കയറിയപ്പോള്‍ ആവേശത്തിന്റെ കൊടുമുടിയേറ്റിയ വരികള്‍.
സോക്കര്‍ ലോകത്ത് പുതിയ ആവേശമായി മാറിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ജനപ്രീതിയ്‌ക്കൊപ്പം ജനങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ശബ്ദമാണ് ഷൈജു ദാമോദരന്റേത്. കളി എഴുത്തില്‍ നിന്ന് കളി പറയലിലേക്ക് വന്ന കൊച്ചിക്കാരന്‍. മലയാളവും തമിഴും കന്നഡയും ബംഗാളിയും ഉള്‍പ്പെടെ ആറ് പ്രാദേശിക ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഐ.എസ്.എല്ലില്‍ 154 മത്സരങ്ങള്‍ക്ക് ഇതിനകം ഷൈജു ദാമോദരന്‍ കളി പറഞ്ഞു. ഐ.എസ്.എല്‍ താരങ്ങള്‍ക്കൊപ്പം ജനപ്രീതി നേടിയ ശബ്ദമായി ഷൈജുവും മാറി.
പതിവ് കളി പറയല്‍ രീതികളില്‍ നിന്ന് വേറിട്ട അവതരണ ശൈലിയാണ് കമന്ററി ബോക്‌സില്‍ ഷൈജുവിനെ വ്യത്യസ്തനാക്കുന്നത്. ഓരോ താരത്തിന്റെയും കഴിവും അഴകും പ്രകടനവും വ്യത്യസ്തമായ രീതിയിലാണ് ഷൈജുവിന്റെ വാക്കുകളിലൂടെ ഒഴുകിയെത്തുന്നത്. ടെലിവിഷന് മുന്നിലിരുന്ന് കളികാണുന്നവര്‍ക്ക് ഗാലറിയില്‍ എത്തിയ അനുഭവം. ഐ.എസ്.എല്ലിന്റെ മൂന്ന് പതിപ്പിലായി റണ്ണിങ് കമന്ററി പൂര്‍ത്തിയാക്കിയത് ഷൈജു ദാമോദരന്‍ മാത്രം. മൂന്നാം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സ് - കൊല്‍ക്കത്ത കലാശപ്പോരാട്ടം ഉള്‍പ്പടെ 154 മത്സരങ്ങള്‍ക്ക് ഷൈജു ശബ്ദം നല്‍കിക്കഴിഞ്ഞു.
ജോണ്‍ ഹെം, ജോണ്‍ ഡൈക്ക്‌സ് തുടങ്ങിയ വമ്പന്‍മാരുള്ള സൂപ്പര്‍ ഫുട്‌ബോള്‍ കമന്ററി ബോക്‌സില്‍ റെക്കോര്‍ഡ് ഷൈജുവിന് മാത്രം സ്വന്തം. കളി പറയുന്നതില്‍ അവതരിപ്പിച്ച പുതിയ രീതികളാണ് ഷൈജുവിനെ ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട താരമാക്കിയത്. സോഷ്യല്‍ മീഡിയയിലെ ഫുട്‌ബോള്‍ ട്രോള്‍ ഗ്രൂപ്പുകളുടെ ഇഷ്ടതാരവും ഷൈജുവാണ്. ഐ.എസ്.എല്ലിലെ വിദേശ താരങ്ങളായ സാഞ്ചസ് വാട്ടും മൈക്കല്‍ ചോപ്രയും ബെല്‍ഫോര്‍ട്ടുമെല്ലാം മൂന്നാം സീസണില്‍ ഷൈജുവിന്റെ കമന്ററിയിലൂടെ മലയാളികള്‍ അടുത്തറിഞ്ഞു.
സൂപ്പര്‍ കമന്ററിയിലൂടെ നേടിയ ആസ്വാദക പിന്തുണ ഷൈജുവിനെ മലബാറിലെ സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളിലേക്കും എത്തിച്ചു. കോട്ടക്കലും ചെമ്മാണിയോടും മാവൂരും തുവ്വൂരുമെല്ലാം സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങള്‍ ഷൈജു ദാമോദരന്റെ കമന്ററിക്കൊപ്പം ആര്‍പ്പുവിളിച്ചു.
പാലക്കാട് നൂറണി ടര്‍ഫിന്റെ ഉദ്ഘാടനത്തിന് ബൈച്ചുങ് ബൂട്ടിയ, ഐ.എം വിജയന്‍ ടീമുകളുടെ പോരാട്ടത്തിനും ഷൈജു കളി പറഞ്ഞു. അന്തരിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ വി.പി സത്യന്റെ ജീവിതകഥ പ്രമേയമാക്കി പുറത്തിറങ്ങുന്ന 'ക്യാപ്റ്റന്‍' സിനിമയിലെ കാല്‍പന്തുകളിക്കും ഷൈജു ശബ്ദം നല്‍കിയിട്ടുണ്ട്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായ ഷൈജു കൊച്ചിന്‍ കലാഭവന്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍ കൂടിയാണ്. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ കൊച്ചിയിലെ വെന്യൂ മീഡിയ ഓഫിസറായി പ്രവര്‍ത്തിച്ചു. 20 വര്‍ഷം പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച ശേഷമാണ് ഷൈജു ദാമോദരന്‍ ഫുട്‌ബോള്‍ കമന്ററി രംഗത്തേക്ക് വന്നത്. നിരവധി കായിക മത്സരങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ ആത്മവിശ്വാസവുമായാണ് കളി പറയലിലേക്ക് ചുവടുമാറ്റിയത്. 2015 ലെ ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിനും 2017 ലെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനും ഷൈജു മലയാളത്തിലൂടെ കമന്ററി നല്‍കി.
ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി, ഫിറോസ് ഷെരീഫ്, ജിജു ജേക്കബ് എന്നിവരാണ് ഐ.എസ്.എല്ലില്‍ മലയാളം കമന്ററി നല്‍കാന്‍ ഷൈജുവിന് കൂട്ട്. മുന്‍ ഫാക്ട് ജീവനക്കാരന്‍ എ.ഐ ദാമോദരന്റെയും ലളിതയുടെയും മകനായ ഷൈജുവിന്റെ കുടുംബം കൊച്ചിയിലാണ് താമസം. ഭാര്യ ആശ അക്ബര്‍.
മക്കള്‍ അഭിനവും അഥിനവും. നാലാം പതിപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ നമ്പറുകളുമായി ഷൈജു ദാമോദരന്‍ ഇത്തവണയും കമന്ററി ബോക്‌സില്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."