പീഡനശ്രമം; അമ്മയും മകളും ട്രെയിനില്‍ നിന്ന് ചാടി
കാന്‍പൂര്‍: പീഡനശ്രമത്തിനിടെ യുവതിയും മകളും ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി. ബംഗാളില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകുന്ന ഹൗറ- ജോധ്പൂര്‍ എക്സ്പ്രസില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
പരുക്കേറ്റ ഇരുവരെയും ഉത്തര്‍പ്രദേശ് കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോകുകയായിരുന്നു നാല്‍പ്പതുകാരിയായ യുവതിയും പതിനഞ്ച് വയസുള്ള മകളും.
ട്രെയിന്‍ ഹൗറ വിട്ടയുടന്‍ കംപാര്‍ട്ട്മെന്റിലെത്തിയ പതിനഞ്ചോളം പേര് ഇവരെ ശല്യപ്പെടുത്താന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതെ റെയില്‍വേ പൊലിസില്‍ പരാതിപ്പെട്ടതോടെ പൊലിസെത്തി ഇവരില്‍ മൂന്നുപേരെ പിടികൂടി. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്നവര്‍ പൊലിസിന് കൈക്കൂലി നല്കി ഇവരെ മോചിപ്പിച്ചു.
കംപാര്‍ട്ട്മെന്റില്‍ തിരിച്ചെത്തിയ ഇവര്‍ അമ്മയെയും മകളെയും ഉപദ്രവിക്കാന്‍ തുടങ്ങി. ഉത്തര്‍പ്രദേശിലെ ചന്ദാരി-കാന്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ശുചിമുറിയിലേക്ക് പോയ മകളെ അക്രമികള്‍ കയറിപ്പിടിക്കുകയായിരുന്നു. പിടിവലിയില്‍ മകളുടെ വസ്ത്രങ്ങള്‍ കീറിയിരുന്നു. ഗത്യന്തരമില്ലാതെ ഇരുവരും ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. വീഴ്ചയില്‍ രണ്ടുമണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു ഇരുവരും. ബോധം വീണ്ടുകിട്ടിയ ഇരുവരും നടന്ന് ചന്ദാരി റെയില്‍വേ സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. റെയില്‍വെ അധികൃതരും ചില യാത്രക്കാരും ചേര്‍ന്നാണ് ആംബുലന്‍സില്‍ യുവതിയെയും മകളെയും ആശുപത്രിയില്‍ എത്തിച്ചത്. റെയില്‍വേ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കാന്‍പൂര്‍ ആര്.പി.എഫ് സ്റ്റേഷന് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."