ശിശുദിനത്തില്‍ മുദ്രാവാക്യങ്ങള്‍ മാത്രം മതിയോ?
കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ചാച്ചാ നെഹ്‌റു.., സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍.., 17 വര്‍ഷക്കാലം ഇന്ദ്രപ്രസ്ഥം ഭരിച്ച ആ മഹാനുഭാവന്‍ കടന്നുപോയിട്ട് 53 വര്‍ഷമാവുന്നു. ഇന്ത്യ ആദ്യമായി ഭാരതരത്‌ന ബഹുമതി നല്‍കി ആദരിച്ച ആ ലോകനേതാവിന്റെ 128 ാം ജന്മദിനമാണ് നവംബര്‍ 14.
നാം ഈ ദിവസം പതിവുപോലെ ശിശുദിനമായി ആഘോഷിക്കുമ്പോള്‍ പുതിയ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി നമുക്കൊരു പുതിയ മുദ്രാവാക്യം എറിഞ്ഞുതന്നിരിക്കുന്നു.
'ബേട്ടി ബചാവോ, ബേട്ടി പഠാവോ'.
പെണ്‍കുഞ്ഞുങ്ങളെ വളര്‍ത്താനും രക്ഷിക്കാനും പഠിപ്പിക്കാനുമായി 100 കോടി രൂപയുടെ പദ്ധതി.
'ബി ബി ബി പി' എന്ന ഈ മുദ്രാവാക്യം പ്രധാനമന്ത്രി കടംകൊണ്ടതാണെന്ന പരാതി അധികമാരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. രാജസ്ഥാനിലെ ഉദയപൂരില്‍ പൊലിസ് ഇന്‍സ്‌പെക്ടറായിരുന്ന ചേത്‌നാ ഭട്ടി 2011 ല്‍ നാഗൂറില്‍ ഉദ്യോഗത്തിലിരിക്കെ ഉയര്‍ത്തിയതാണത്രെ അത്. 2015 ല്‍ ഹരിയാനയിലെ പാനിപറ്റില്‍ പ്രധാനമന്ത്രി മോദി അത് ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നും ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചരിത്രത്തിലും ഇംഗ്ലീഷിലും ബിരുദങ്ങളുള്ള ചേത്‌നാ ഭട്ടിയെന്ന വനിതാ ഇന്‍സ്‌പെക്ടര്‍ നേരത്തെ അധ്യാപികയായിരുന്നു. അവര്‍ കവയിത്രി കൂടിയാണ്.
അതിന്റെയൊക്കെ യാഥാര്‍ഥ്യമെന്തായാലും ആഘോഷിക്കുമ്പോള്‍ തീവ്രശ്രദ്ധയില്‍ വരേണ്ടവിധം പരിതാപകരമാണ് നമ്മുടെ നാട്ടിലെ ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും സ്ഥിതി.
അഭയാര്‍ഥിപ്രവാഹത്തിനിടെ വെള്ളത്തില്‍ മരിച്ചുകിടക്കുന്ന സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതുപോലുള്ള ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍ ഇന്ത്യയില്‍ നിന്നു പുറത്തുവന്നിട്ടില്ല എന്നതു നേര്. എന്നാല്‍, ഒരു പ്രവാസി മലയാളി ബിഹാറില്‍നിന്നു ദത്തെടുത്ത ഷെറിന്‍ മാത്യൂസ് എന്ന വളര്‍ച്ചാ വൈകല്യമുള്ള മൂന്നുവയസ്സുകാരിയുടെ മൃതദേഹം അമേരിക്കയിലെ ടെക്‌സസില്‍ അവരുടെ വീടിന്റെ പിന്നിലെ ഓടയില്‍നിന്നു കണ്ടെത്തിയെന്ന വാര്‍ത്ത കേട്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല.
അതേസമയം, പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദ് ആശുപത്രിയില്‍ ഒരൊറ്റ ദിവസം 11 നവജാതശിശുക്കളാണു മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടതു 15 ശിശുക്കളാണ്.
കണക്കുകള്‍ പറയുന്ന ഇത്തരം കണ്ണീര്‍ക്കഥകളോടൊപ്പം വ്യാപകമായി കുട്ടികള്‍ അപ്രത്യക്ഷരാകുന്ന കഥകള്‍ വേറെയും വരുന്നു. ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ കാണാതാവുന്നുണ്ടെന്ന ദേശീയ വനിതാ കമ്മിഷന്‍ അംഗം സുഷമ സാഹുവിന്റെ പ്രസ്താവന നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. കാണാതാകുന്നവരില്‍ 71 ശതമാനവും പെണ്‍കുട്ടികളാണെന്നും അവര്‍ പറയുന്നു.
നമ്മുടെ കൊച്ചുകേരളത്തില്‍ തന്നെ 2014 നും 2017 നുമിടയില്‍ കാണാതായ 15 വയസ്സില്‍ താഴെയുള്ള 50 കുട്ടികളെപ്പറ്റി ഇനിയും വിവരമൊന്നുമില്ലെന്നു സംസ്ഥാന പൊലിസാണ് കേരള ഹൈക്കോടതിയെ അറിയിച്ചത്. വീടിനുസമീപം കളിച്ചുകൊണ്ടിരിക്കെ 2005 ല്‍ കാണാതായ ഏഴുവയസ്സുകാരന്‍ രാഹുലിനെപ്പറ്റി പത്തുവര്‍ഷങ്ങളായി നാം ഇരുട്ടില്‍ തപ്പുകയാണ്.
പത്താംക്ലാസില്‍ പഠിക്കുന്ന ബധിരനും മൂകനുമായ മകന്‍ നിസാമുദ്ദീനെ നാലുമാസമായി കാണാനില്ലെന്ന വാര്‍ത്ത രക്ഷിതാക്കള്‍ കേരള ഹൈക്കോടതിയില്‍ പരാതിപ്പെട്ടപ്പോഴാണ് നാം അറിയുന്നത്.
അര്‍ഥമറിയാത്ത പ്രേമബന്ധങ്ങളില്‍ കുടുങ്ങിയാണു പെണ്‍കുട്ടികളിലേറെയും അപ്രത്യക്ഷമാകുന്നതെങ്കില്‍ ഭിക്ഷാടനം മുതല്‍ അവയവക്കച്ചവടംവരെയും ബാലവേല മുതല്‍ ലൈംഗികപീഡനം വരെയുമാണ് ആണ്‍കുട്ടികളുടെ തിരോധാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന വെളിപ്പെടുത്തലുകള്‍ ബന്ധപ്പെട്ട രക്ഷാകര്‍ത്താക്കളുടെ വേദന മാത്രമായി നാം കണ്ടാല്‍ മതിയോ. മാനസിക സംഘര്‍ഷങ്ങള്‍ മുതല്‍ ബ്ലൂവെയില്‍ പരാക്രമങ്ങള്‍വരെ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്.
അതേസമയം, രോഗഗ്രസ്ഥരായി മരിച്ചുവെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുട്ടികളുടെ ശരീരത്തില്‍പ്പോലും ജീവന്റെ തുടിപ്പു ബാക്കിയുണ്ടാകുന്നുവെന്ന ഭീകരയാഥാര്‍ഥ്യം നാം തിരിച്ചറിയുന്നു. ശ്മശാനത്തില്‍ കൊണ്ടുവന്ന ഒരു കുട്ടിയുടെ മൃതദേഹത്തില്‍ ജീവന്‍ തുടിക്കുന്നതു കണ്ട് ആശുപത്രിയിലേയ്ക്കു തിരിച്ചുകൊണ്ടുപോയെന്ന വാര്‍ത്ത കഴിഞ്ഞമാസമാണല്ലോ കോഴിക്കോട്ടുനിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ലോകമാകെ ശിശുമരണനിരക്കുകള്‍ കുറയുമ്പോഴും 2016 ല്‍ ഒന്‍പതുലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ മരിച്ചെന്നു വാഷിങ്ടണ്‍ സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 1920 ല്‍ ആഗോളതലത്തില്‍ 1.64 കോടിയായിരുന്ന ശിശുമരണം അരക്കോടിയിലേയ്ക്കു താണപ്പോഴും ഒന്‍പതുലക്ഷം മരണങ്ങളുമായി നൈജീരിയയ്ക്കും കോങോക്കും മുന്നില്‍ നില്‍ക്കുകയാണു വിദ്യാഭ്യാസ യോഗ്യത ഏറെയുള്ള നമ്മുടെ നാട്.
നമ്മുടെ കുട്ടികള്‍ എവിടെ പോകുന്നുവെന്ന ഒരു നീണ്ട അന്വേഷണയാത്രയുമായി ഭാരതപര്യടനം നടത്തിയ നൊേബല്‍ ജേതാവായ കൈലാഷ് സത്യാര്‍ഥി, കേരളമടക്കമുള്ള 23 സംസ്ഥാനങ്ങളില്‍ 35 ദിവസം പര്യടനം നടത്തിയശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം നല്‍കി. അതില്‍ കുട്ടികളുടെ ദയനീയാവസ്ഥയുടെ നേര്‍ചിത്രങ്ങളുണ്ട്.
കുട്ടികളുടെ സംരക്ഷണകാര്യത്തില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം എന്തുമാത്രം പുരോഗതിയുണ്ടായെന്നു പറയേണ്ടതു നാടു ഭരിക്കുന്നവരും സാമൂഹികസംഘടനകളുമാണ്. കുരുന്നുകളുടെ ഒളിച്ചോട്ടങ്ങളുടെയും ബാലപീഡനങ്ങളുടെയും വാര്‍ത്തകളില്ലാതെ ഒരു പത്രവും ഒരുനാളും ഇറങ്ങുന്നില്ല.
കുടുംബബന്ധങ്ങളില്‍ ചെറിയപ്രശ്‌നങ്ങളില്‍ തുടങ്ങുന്ന വിള്ളലുകള്‍ വലുതാക്കി മാറ്റുന്നതും ഓണ്‍ലൈന്‍ ഗെയിമുകളില്‍ കുടുങ്ങി കൗമാരക്കാര്‍ ആത്മഹത്യ ചെയ്യുന്നതും സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട വന്‍തിന്മകളാണ്. പഠനകേന്ദ്രങ്ങളാവേണ്ട സ്‌കൂളുകളും ആശ്രയസ്ഥാനമാവേണ്ട വീടുകളും കുഞ്ഞുങ്ങളുടെ പീഡനകേന്ദ്രങ്ങളാകുന്നതില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളുമല്ലേ കുറ്റക്കാര്‍.
കുഞ്ഞിക്കാലു കാണാനുള്ള സ്വപ്‌നവുമായി കുട്ടിയെ ദത്തെടുക്കാന്‍ 1200 കുടുംബങ്ങള്‍ അതിന് അംഗീകാരമുള്ള 17 സ്ഥാപനങ്ങളുടെ മുമ്പില്‍ മാസങ്ങളായി കാത്തിരിക്കുന്ന സംസ്ഥാനമാണു നമ്മുടേത്. എന്നിട്ടും ബാലനീതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പൊലിസുപോലും കുട്ടികളോടു സ്വീകരിക്കുന്ന നടപടികളില്‍ മാറ്റം വരുത്തുന്നില്ല.
ആന്ധ്ര സ്വദേശിയായ നാടോടി സ്ത്രീയോടൊപ്പം സംശയാസ്പദമായി കണ്ടെത്തിയ കുട്ടിയെ കൊയിലാണ്ടി പൊലിസ് കസ്റ്റഡിയിലെടുത്തു റസ്‌ക്യൂഹോമിലേക്കയച്ച വാര്‍ത്ത മാത്രമാണെന്നു തോന്നുന്നു ഈയിടെ അല്‍പ്പം ആശ്വാസം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."