കര്‍ണാടക സ്വദേശിയുടെ കൊലപാതകം: സഹോദരങ്ങള്‍ അറസ്റ്റില്‍
കാസര്‍കോട്: മൂന്ന് മാസം മുന്‍പ് ചെര്‍ക്കളയില്‍ കര്‍ണാടക സ്വദേശിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബെല്‍ഗാം സ്വദേശികളായ സഹോദരങ്ങളെ ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ബെല്‍ഗാം സൂരേബാന്‍ ഗ്രാമത്തിലെ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33) എന്നിവരാണ് അറസ്റ്റിലായത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി (27)യെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് രാവിലെയാണ് ചെര്‍ക്കള റോഡരികില്‍ ആളൊഴിഞ്ഞ പറമ്പില്‍ രംഗപ്പയുടെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപം ചെത്തുകല്ലിന്റെ കഷണങ്ങളും കണ്ടെത്തിയിരുന്നു.
മൃതദേഹത്തില്‍ നിന്ന് കിട്ടിയ പഴ്‌സ് പരിശോധിച്ചപ്പോഴാണ് മൃതദേഹം രംഗപ്പയുടേതാണെന്ന് തിരിച്ചറിഞ്ഞത്. ചെര്‍ക്കളയിലും പരിസരത്തും കൂലിപ്പണിയെടുത്ത് വരികയായിരുന്നു ഇയാള്‍. സംഭവത്തെക്കുറിച്ച് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയതോടെ രംഗപ്പയും പ്രതികളും തമ്മില്‍ അടിപിടി ഉണ്ടായതായ വിവരം ലഭിച്ചു. അന്വേഷണ സംഘം ബെല്‍ഗാം രാംദുര്‍ഗിലെത്തി പ്രതികളുടെ വീട് കണ്ടെത്തുകയും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യപിക്കുന്നതിന് അക്കണ്ടപ്പക്ക് രംഗപ്പ പണം നല്‍കിയിരുന്നു. പിന്നീട് പണം ഇല്ലാതെ വന്നതോടെ അക്കണ്ടപ്പ പണം നല്‍കാനുണ്ടെന്നുപറഞ്ഞ് രംഗപ്പ, അക്കണ്ടപ്പയുടെ സഹോദരന്‍ വിട്ടളയെ മര്‍ദ്ദിച്ചു. ഈ വിവരം വിട്ടള അക്കണ്ടപ്പയോട് പറഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് രംഗപ്പയെ ആക്രമിച്ചത്. സംഭവസമയത്ത് മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. എസ്.ഐ.മാരായ രവീന്ദ്രന്‍, ഫിലിപ് തോമസ്, മെല്‍വിന്‍ ജോസ്, എ.എസ്.ഐമാരായ നാരായണന്‍, ബാലകൃഷ്ണന്‍, രഘൂത്തമന്‍, എസ്.സി.പി.ഒ ലക്ഷ്മി നാരായണന്‍, ബാലകൃഷ്ണന്‍, റോജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."