ശശികലയുടെ കുടുംബത്തിന് കേരളത്തിലും അനധികൃത സ്വത്തുക്കള്‍
കോയമ്പത്തൂര്‍: ശശികലയും ബന്ധുക്കളും കേരളത്തിലും സ്വത്തുവകകള്‍ വാങ്ങിക്കൂട്ടിയതായി കണ്ടെത്തി. ആദായ നികുതി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം ലഭ്യമായത്.
പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ബിനാമി പേരുകളില്‍ ഇവര്‍ സ്വത്തുവകകള്‍ വാങ്ങിച്ചത്. തോട്ടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെ രേഖകളാണ് കണ്ടെടുത്തത്.
ഓപ്പറേഷന്‍ ക്ലീന്‍ മണിയെന്ന പേരിലാണ് ആദായ നികുതി വകുപ്പ് മന്നാര്‍ ഗുഡി കുടുംബത്തില്‍ റെയ്ഡ് നടത്തിയത്. 10,000 കോടിയിലേറെ രൂപയുടെ സ്വത്തുവകകളുടെ രേഖകളാണ് കണ്ടെടുത്തത്.
ആദായനികുതി വകുപ്പിലെ 1600ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റെയ്ഡ് തമിഴ്‌നാടിന് പുറമെ പുതുച്ചേരി, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ 187 സ്ഥലങ്ങളിലായിട്ടാണ് നടന്നത്. ജയ ടി.വി, നാമതു എം.ജി.ആര്‍ എന്നീ മാധ്യമങ്ങളിലായിരുന്നു ആദ്യം റെയ്ഡ് നടന്നത്. ഇവിടെ നിന്ന് കിട്ടിയ തെളിവുകളാണ് മറ്റിടങ്ങളിലേക്കുകൂടി നീണ്ടത്.
ജയലളിതയുടെ ഭരണത്തിന്റെ മറവില്‍ ശശികലയും കുടുംബവും കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഏഴുകോടി രൂപയും അഞ്ച് കോടിയുടെ സ്വര്‍ണവും കണ്ടെടുത്തവയുടെ കൂട്ടത്തിലുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.
ചെന്നൈയില്‍ വിവേക് ജയരാജിന്റെ ഉടമസ്ഥതയിലുള്ള ജാസ് തിയറ്ററിലും റെയ്ഡ് നടന്നിട്ടുണ്ട്. ഇയാളുടെ കോടമ്പാക്കത്തെ വസതിയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകളുടെ രേഖകളാണ് പിടിച്ചെടുത്തത്.
ശശികലയുടെ പേരിലുള്ള മിഡാസ് മദ്യശാല, ശ്രീസായ് എന്റര്‍പ്രൈസസ്, ശ്രീസായ് ഗാര്‍ഡന്‍സ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു. ശശികലയുടെ സഹോദരന്‍ ദിവാകരന്റെ ഉടമസ്ഥതയിലുള്ള കോളജ് ഉള്‍പ്പെടെയുള്ള 13 സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ശശികലയുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ കള്ളപ്പണ വേട്ട ഇതാദ്യമാണെന്നാണ് വിവരം.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടന്ന റെയ്ഡിലാണ് കോടികളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിവരം കണ്ടെടുക്കാനായത്. ശശികലയുടെയും ബന്ധു ഇളവരശിയുടെ മകന്‍ വിവേക് ജയരാമന്റെയടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് പുറമെ ഇവരുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍, വിവിധ ക്ഷേത്രങ്ങളിലെ പൂജാരികള്‍, ജ്യോത്സ്യന്മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി നിരവധി രേഖകളാണ് പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."