തുടരെ തുടര്‍ചലനങ്ങള്‍; ഭീതിയൊഴിയാതെ ജനങ്ങള്‍
ടെഹ്‌റാന്‍: രാത്രി 9.18 വലിയൊരു പ്രകമ്പനം, അതില്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീണു. ഫോണ്‍, വൈദ്യുതി, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ അധികയിടങ്ങളിലും നിശ്ചലമായി. പലരും കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടും അല്ലാതെയും മരിച്ചു.
വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികള്‍വരെ ദുരന്തത്തിനിരയായി. തലനാരിഴയ്ക്കു രക്ഷപ്പെട്ടവര്‍ കെട്ടിടങ്ങള്‍ക്കു പുറത്തേക്കോടി തുറസായ സ്ഥലങ്ങളില്‍ അഭയം തേടി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇപ്പോഴും തുടരുന്നു. എന്നാല്‍, ഭൂകമ്പത്തെ പേടിച്ചു പുറത്തിറങ്ങിനില്‍ക്കുന്ന ജനങ്ങള്‍ ഇതുവരെ തിരിച്ചുകയറിയിട്ടില്ല. പലര്‍ക്കും തിരികെക്കയറാന്‍ അവരുടെ വീടുകള്‍ അവശേഷിക്കുന്നില്ലെങ്കിലും ജനങ്ങള്‍ അതിനു മുതിരാത്തതിന്റെ കാരണം അതല്ല, തുടര്‍ചലനങ്ങള്‍!. ഭൂകമ്പത്തിനു ശേഷം ഒട്ടേറെ തുടര്‍ചലനങ്ങളാണ് ഇറാനിലും ഇറാഖിലുമുണ്ടായത്. ഇത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുമുണ്ട്.
പ്രഭവകേന്ദ്രത്തില്‍ ഭൂകമ്പം 7.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇറാഖിലും ഇറാനിലും ഭൂകമ്പം കനത്ത നാശം വിതച്ചെങ്കിലും ഇറാനിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിപ്പെടാത്ത സ്ഥലങ്ങള്‍ ഇനിയുമുണ്ട്. അതിനാല്‍തന്നെ മരണസംഖ്യ കൂടുമെന്നാണ് വിവരം. ചെറിയ രീതിയില്‍ ചലനമുണ്ടായ കുവൈത്ത്, തുര്‍ക്കി, യു.എ.ഇ, ഇസ്‌റാഈല്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും ഭീതി മാറിയിട്ടില്ല.
കെട്ടിടങ്ങള്‍ക്കടിയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭൂകമ്പമുണ്ടായ ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ മലനിരയോടു ചേര്‍ന്നുള്ള ഇഷ്ടിക വീടുകള്‍ പൂര്‍ണമായും നിലംപൊത്തി. ഇതോടെ ഇവിടത്തെ ജനങ്ങള്‍ പെരുവഴിയിലായി.
ഇവര്‍ക്കു താല്‍ക്കാലികമായി ടെന്റുകള്‍ നിര്‍മിച്ചുനല്‍കാനാണ് തീരുമാനമെന്നറിയുന്നു. ദുരന്തത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഖാനഈ അനുശോചനം അറിയിച്ചിട്ടുണ്ട്.
തുര്‍ക്കിയില്‍ ദിയാര്‍ബഖിര്‍ പ്രവിശ്യയിലാണ് ഭൂമി കുലുങ്ങിയത്. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി തുര്‍ക്കി അറിയിച്ചു. ഇസ്‌റാഈലിലും ചെറിയ രീതിയില്‍ ഭൂമികുലുക്കമുണ്ടായി.
കുവൈത്തില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയ, മങ്കാഫ്, ഫര്‍വാനിയ, ഫഹാഹീല്‍ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു കുവൈത്ത് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
യു.എ.ഇയില്‍ അല്‍നഹ്ദ, റീം അയലന്റ്, ദേരയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂകമ്പമുണ്ടായതെന്നാണ് വിവരം. ഇവിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയിതിട്ടില്ല.
സഹായവുമായി തുര്‍ക്കി
ബഗ്ദാദ്: ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായ ഇറാനിലേക്കും ഇറാഖിലേക്കും സഹായവുമായി തുര്‍ക്കി. അവശ്യസാധനങ്ങളുമായി കാര്‍ഗോ വിമാനങ്ങള്‍ ദുരിതബാധിത കേന്ദ്രങ്ങളിലേക്കു പുറപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെയും തുര്‍ക്കി അയച്ചിട്ടുണ്ട്. ഇതില്‍ തുര്‍ക്കിയിലെ ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും റെഡ്ക്രസന്റ് അംഗങ്ങളും ഉള്‍പ്പെടും.
ഇറാഖിലെ സുലൈമാനിയ വിമാനത്താവളത്തിലേക്കാണ് കാര്‍ഗോ വിമാനങ്ങള്‍ അയച്ചതെന്നു തുര്‍ക്കി അധികൃതര്‍ അറിയിച്ചു. റോഡ് വഴി മറ്റൊരു സംഘത്തെയും തുര്‍ക്കി അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 5,000 ടെന്റുകള്‍, 7,000 ബ്ലാങ്കറ്റുകള്‍ എന്നിവയും തുര്‍ക്കി അയച്ചിട്ടുണ്ട്.
പ്രധാനമന്ത്രി അനുശോചിച്ചു
മനില: ഇറാനിലും ഇറാഖിലുമുണ്ടായ ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഫിലിപ്പൈന്‍സിലുള്ള പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് അനുശോചനമറിയിച്ചത്.
മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്നു സുഖംപ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
'ആദ്യം സ്‌ഫോടനമെന്നു കരുതി; പിന്നീട് എല്ലാം തകര്‍ത്തു...'
ടെഹ്‌റാന്‍: 'ഞാന്‍ റൂമിലിരിക്കുകയായിരുന്നു. സമയം രാത്രി 9.20 ആയിക്കാണും. വലിയ ശബ്ദം കേട്ടപ്പോള്‍ ഞെട്ടിയെണീറ്റെങ്കിലും സ്‌ഫോടനമാണെന്നു കരുതി, അതൊരു മിനിറ്റോളം നീണ്ടുനിന്നു. പ്രകമ്പനത്തില്‍ വീട് കുലുങ്ങുകയാണെന്നും ഇതൊരു ഭൂചലനമാണെന്നും അപ്പോഴാണെനിക്കു മനസിലായത്...'- ഇറാനിലെ ഒരു സാധാരണക്കാരന്റെ വാക്കുകളാണിത്.
ഭൂകമ്പം തങ്ങളുടെ ബന്ധുക്കളുടെ ജീവനും സ്വത്തുമെല്ലാം എടുത്തെന്ന് വിതുമ്പലോടെയാണ് അദ്ദേഹം പറഞ്ഞത്.
ഞായറാഴ്ച രാത്രി 9.17 വരെ ഇറാനിലെ ജനങ്ങള്‍ക്കും എല്ലായിടത്തെയുംപോലെ സാധാരണ രാത്രിയായിരുന്നു. 9.18ന് വീടുകളും കെട്ടിടങ്ങളും കുലുങ്ങാന്‍ തുടങ്ങി. വന്‍ ശബ്ദവുമുയര്‍ന്നതോടെ എന്തെന്നറിയാതെ ജനങ്ങള്‍ പുറത്തേക്കോടി.
തുറസായ സ്ഥലങ്ങളില്‍ എത്തിയവര്‍ക്കു കാണാനായത് നാടൊന്നിച്ചു തകര്‍ന്നുവീഴുന്നതാണ്. അതില്‍ വീടും ഓഫിസും കച്ചവട സ്ഥാപനങ്ങളുമടങ്ങുന്ന കെട്ടിടങ്ങള്‍ നിലംപൊത്തി. പലരും അതില്‍ കുടുങ്ങി. ഒരുവേള സ്തബ്ധരായവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചപ്പോഴേക്കും പിരിചിതരില്‍ പലരും മരണത്തിനു കീഴടങ്ങിയിരുന്നു.
ഭൂകമ്പം രാത്രി ഒന്‍പതിനു ശേഷമായതിതാല്‍ ദുരന്തത്തിന്റെ തോത് വര്‍ധിപ്പിച്ചു.
എന്നാല്‍, ഇറാനിലെ ചിലയിടങ്ങളിലും ഇറാഖിലും ഭൂകമ്പത്തിന്റെ തീവ്രതയ്ക്കനുസരിച്ച് ദുരന്തത്തിന്റെ വ്യാപ്തി കുറവാണ്. ആദ്യ കുലുക്കത്തില്‍തന്നെ ദുരന്തം തിരിച്ചറിഞ്ഞ പലരും കെട്ടിടങ്ങള്‍ക്കു പുറത്തേക്കോടിയിറങ്ങിയതാണ് ഇതിനുകാരണം.പ്രഭവകേന്ദ്രത്തില്‍നിന്നു 23.2 കി.മീ ചുറ്റളവില്‍ ഭൂകമ്പം വലിയ നാശംവിതച്ചിട്ടുണ്ട്. 2017ല്‍ ഭൂകമ്പമാപിനിയില്‍ ഏഴിലേറെ തീവ്രത രേഖപ്പെടുത്തുന്ന ആറാമത്തെ ഭൂകമ്പമാണിത്.
ഭൂചലന പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും: നാശനഷ്ടങ്ങളോ ആളപായമോ ഇല്ല
സലാം കൂടരഞ്ഞി
റിയാദ്: കഴിഞ്ഞ ദിവസം രാത്രി ഇറാഖ് ഇറാന്‍ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും അലയടിച്ചു. കുവൈത്തിലാണ് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. കൂടാതെ, സഊദി, യു.എ. ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി പ്രകമ്പനം സൃഷ്ടിച്ചു. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി അനുഭവസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സഊദിയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി സഊദി ജിയോളജിക്കല്‍ സര്‍വേയും വ്യക്തമാക്കി. ഉനൈസ, ബുറൈദ, അല്‍ ജൗഫ്, സകാക, ഹഫര്‍ അല്‍ ബാത്വിന്‍, ജുബൈല്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി പ്രകമ്പനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്കോടിയിറങ്ങുകയായിരുന്നു.
കുവൈത്തില്‍ സാല്‍മിയ, ജര്‍മ്മന്‍ ക്ലിനിക്ക്, അബ്ബാസിയ, ഹാവള്ളി, മംഗഫ് എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."