സഊദിയില്‍ ഇനി ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ കനക്കും
റിയാദ്: സഊദിയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി നിശ്ചിത മണിക്കൂര്‍ സമയമുള്ള നിര്‍ബന്ധിത കോഴ്‌സ് പൂര്‍ത്തിയാക്കണമെന്ന് സഊദി ട്രാഫിക് ജനറല്‍ അതോറിറ്റി വിഭാഗം അറിയിച്ചു. അപേക്ഷകര്‍ ടെസ്റ്റില്‍ പാസാക്കുന്ന പക്ഷം ഉടന്‍ തന്നെ ലൈസന്‍സ് ഇഷ്യൂ ചെയ്യുന്ന നിലവിലെ സമ്പ്രദായം നിര്‍ത്തലാക്കിയതായും പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവരില്‍ ഡ്രൈവിങ് വശമുളവര്‍ മുപ്പതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെയിനിങ് കോഴ്‌സില്‍ പങ്കെടുക്കണമെന്നും അതോറിറ്റി മേധാവി കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ബസ്സാമി അറിയിച്ചു.
സ്വകാര്യ ലൈസന്‍സ് നേടി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും മുപ്പതു മണിക്കൂര്‍ നേരമുള്ള പരിശീലനം പൂര്‍ത്തിയാക്കണം. ഡ്രൈവിങ്ങില്‍ മികച്ച നിലവാരം പുലര്‍ത്താത്തവര്‍ 90 മണിക്കൂര്‍ നീണ്ട കോഴ്‌സില്‍ ചേരേണ്ടി വരും. വാഹനം ഓടിക്കുന്നതില്‍ പ്രാവീണ്യമില്ലാത്തവര്‍ പബ്ലിക് ഡ്രൈവിങ് ലൈസന്‍സിന് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പങ്കെടുക്കണം. ഓരോ ദിവസവും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനമായാണ് നേടേണ്ടി വരിക.
എന്നാല്‍ നിലവില്‍ ലൈസന്‍സ് കൈവശമുള്ളവര്‍ പുതുക്കുന്ന വേളയില്‍ നിര്‍ബന്ധിത പരിശീലനം ബാധകമല്ല. നേരത്തെ പരിശീലനം ലഭിച്ച വനിതകള്‍ക്ക് ആറു മണിക്കൂറും അല്ലാത്തവര്‍ക്ക് തൊണ്ണൂറു മണിക്കൂറും പരിശീലനം നിര്‍ബന്ധമാണ്. ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ പരിശീലനമായാണ് ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 60 റിയാല്‍ മുതല്‍ 70 റിയാല്‍ വരെയാണ് ഫീസീടാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം, അടുത്ത മാസം മുതല്‍ രാജ്യത്തെ ഡ്രൈവിങ് സ്‌കൂളുകളില്‍ മുഴുവന്‍ ഫീസിനങ്ങളും കുത്തനെ ഉയര്‍ത്താന്‍ പദ്ധതിയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."