ഗെയില്‍ പദ്ധതി: അലൈന്മെന്റ് പുനഃപരിശോധിക്കണം എന്‍.എസ്.വി.ക്യു
ദോഹ: നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ്ലൈന് പദ്ധതിയുടെ നിലവിലെ അലൈന്മെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നെല്ലിക്കാപറമ്പ് സൗഹൃദ വേദി ഖത്തര്‍ പ്രമേയം അവതരിപ്പിച്ചു. നഗ്നമായ നിയമ ലംഘനങ്ങളാണ് സര്‍ക്കാറിന്റെ ഒത്താശയോടെ ഗെയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വളരെ സുരക്ഷിതമായി കൊച്ചിയില്‍ നിന്നും മംഗലാപുരത്തേക്ക് കടല്‍ മാര്‍ഗം ഈ പദ്ധതി നടപ്പാക്കാമെന്നിരിക്കെ, കുത്തകള്‍ക്ക് ലാഭം കൊയ്യാന്‍ പാവപ്പെട്ട ജനങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് അവര്‍ക്കും അവരുടെ ഭാവി തലമുറകള്‍ക്കും സുരക്ഷിതരായി ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷന് ഇത് കടന്നുപോകുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അവര്‍ക്കും ഇത് ഒട്ടും സുരക്ഷിതമല്ലായെന്ന് ബോധ്യപ്പെട്ടിരിക്കയാണ്. എന്നിട്ടും നീതിക്ക് വേണ്ടി സമരം ചെയ്യുന്ന സാധാരണക്കാരായ ജനതയെ തീവ്രവാദികളാക്കി, ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് രീതിയാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ നമ്മുടെ നാടിന്റെ വികസനമല്ല മറിച്ച് വിനാശമാണ് വരാന്‍പോകുന്നത് എന്ന് മനസ്സിലാക്കി മുഴുവന്‍ നാട്ടുകാരും ഒറ്റക്കെട്ടായി ഈ ജനകീയ പോരാട്ടത്തിന് ശക്തിയേകാന്‍ മുന്നോട്ട് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
നെല്ലിക്കാപറമ്പിലെയും പരിസര പ്രദേശങ്ങളായ എരഞ്ഞിമാവിലേയും സര്ക്കാര്പറമ്പിലേയും സമരംചെയ്യുന്ന നാട്ടുകാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും എന്‍.എസ്.വി.ക്യു അറിയിച്ചു. പ്രസിഡണ്ട് എ.എം സുബൈറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സജ്ന സാക്കി പ്രമേയം അവതരിപ്പിച്ചു. നൗഫല്‍ കെ.സി, ഫിറോസ്ഖാന്,സക്കീര്‍ ഹുസൈന് സി.പി, അഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."