ശാശ്വത സമാധാനമില്ലാതെ നാദാപുരം
ഒരു ഇടവേളക്ക് ശേഷം നാദാപുരം വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നതിന്റെ അലയടികള്‍ തലപൊക്കിയിരിക്കുകയാണ്. സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും കഴിഞ്ഞിരുന്ന ഇവിടത്തുകാര്‍ പകയുടേയും വിദ്വേഷത്തിന്റേയും ആളുകളായി മാറിയെന്നതാണ് ചരിത്രം. ചെറിയ ചെറിയ സംഘട്ടനങ്ങളും പ്രശ്‌നങ്ങളും രാഷ്ട്രീയ ചൊയ മാറി ഉടന്‍ വര്‍ഗ്ഗീയമായി മാറുന്ന അവസ്ഥയായി ഇന്നു മാറിയിരിക്കുന്നു. ഈ അവസരങ്ങളിലെല്ലാം സാധാരണക്കാര്‍ അനുഭവിച്ചു പോരുന്ന യാതനകളും കഷ്ടപ്പാടുകളും ചില്ലറയല്ല. സംഘര്‍ഷമുണ്ടാവുമ്പോള്‍ രാഷ്ട്രീയം നോക്കാതെ വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും വ്യാപക അക്രമമുണ്ടാവുന്നത് ഇവിടെയുള്ളവരെ വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ സമുദമായ മത സംഘടനകള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാദാപുരത്തെ ഒടുവിലത്തെ സംഭവം വ്യക്തമാക്കുന്നു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ തൂണേരിയിലെ സി.കെ ഷിബിന്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടതിന് ശേഷം നിരവധി സമാധാന ശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും നാദാപുരം വേദിയായെങ്കിലും എല്ലാം വാക്കുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നുവെന്നാണ് അസ്‌ലമിന്റെ കൊലപാതകം പറയുന്നത്. ഷിബിന്‍ വധക്കേസില്‍ തന്നെ മൂന്നാം പ്രതിയായിരുന്ന കോടതി കുറ്റവിമുക്തനാക്കിയ ആളായിരുന്നു തൂണേരിയിലെ കണ്ണങ്കൈ കാളിയ പറമ്പത് അസ്‌ലമെങ്കിലും ഇത് അംഗീകരിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ തയ്യാറായില്ല എന്ന് തന്നെയാണ് ഈ കൊലപാതകവും വിളിച്ച് പറയുന്നത്.
ഷിബിനിന്റെ വധത്തിന് ശേഷം വ്യാപക അക്രമങ്ങള്‍ക്കും കൊള്ളയ്ക്കും സാക്ഷിയായ നാദാപുരത്തിന്റെ സാധാരണ ജീവിതം വീണ്ടെടുക്കാന്‍ നാട്ടുകാര്‍ ഏറെ പണിപെട്ടെങ്കിലും മറ്റൊരു യുവാവ് കൂടെ രാഷ്ട്രീയ പകപോക്കലിന് ഇരയായത് ഇവിടെയുള്ളവരെ കുറച്ചൊന്നുമല്ല ഭീതിയിലാക്കിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിയെട്ട് വര്‍ഷമായി നാദാപുരത്തുകാര്‍ തങ്ങളുടെ ജീവനും സ്വത്തിനും ചെറുതും വലുതുമായ ഭീഷണിയുമായി ജീവിച്ച് പോരുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പകയുടെ രാഷ്ട്രീയം കളിക്കുമ്പോള്‍ ഒന്നിനുമില്ലാത്തവരുടെ ജീവനും സ്വത്തും ഇതിന്റെ ഇരയായി മാറുന്ന അവസ്ഥ. ഏറെ വികസന സാധ്യതയുള്ളതും വളര്‍ന്ന് വരുന്നതുമായ നാടാണെങ്കിലും പേടികൊണ്ട് പലരും നാദാപുരത്തെ അവഗണിക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ പ്രവാസികള്‍ ഏറെയുള്ള നാടാണെങ്കിലും നാദാപുരത്ത് തങ്ങള്‍ക്ക് ഒരു പെട്ടിക്കടപോലും തുടങ്ങാന്‍ പേടിയാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായാല്‍ പോലും അക്രമിക്കപ്പെടുന്നത് തങ്ങളുടെ ഈ സമ്പാദ്യങ്ങളായിരിക്കുമെന്നുള്ള തിരിച്ചറിവ് തന്നെ.
നാദാപുരത്തിനടുത്ത് കക്കട്ടില്‍ മണ്ണിയൂര്‍ താഴെ വെച്ച് 1988 ല്‍ നമ്പോടന്‍ ഹമീദ് എന്ന യുവാവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളാണ് പിന്നീട് നാദാപുരത്തെ ഒരു രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടാക്കി മാറ്റിയത്. അന്നത്തെ ഇടതുപക്ഷ കര്‍ഷകപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായിരുന്ന എ കണാരന് മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ നിന്ന് അക്രമം നേരിടേണ്ടി വന്നതായിരുന്നു പ്രശ്‌ന തുടക്കം. കാറില്‍ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന എ കണാരന് നേരെ കല്ലേറുണ്ടായി. ഇതിന് പൊടിപ്പും തൊങ്ങലും വെച്ച് നാദാപുരത്ത് വലിയ പ്രചാരണവും ലഭിച്ചതോടെ വ്യാപകമായ അക്രമങ്ങള്‍ക്ക് തന്നെ അന്ന് നാദാപുരം സാക്ഷിയായി. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ജീവനുകളാണ് അക്കാലത്ത് ബലി നല്‍കേണ്ടി വന്നത്. കേവലം രാഷ്ട്രീയ സംഘര്‍ഷം എന്നതിനപ്പുറം നാദാപുരം കലാപം എന്ന പേര് പോലും നാദാപുരത്തിന് ലഭിച്ചത് ഈ സംഭവത്തിന് ശേഷമാണ്. സി.പി.എം, മുസ്‌ലിംലീഗ്, എസ്.ഡി.പി.ഐ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരുപോലെ നഷ്ടത്തിന്റെ കണക്ക് പറയാനുണ്ട് ഇരുപത്തിയെട്ട് വര്‍ഷത്തെ നാദാപുരത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍. രണ്ടായിരം വരെ സംഘര്‍ഷങ്ങള്‍ക്ക് ചെറിയൊരു ഇടവേളയുണ്ടായെങ്കിലും 2001-02 കാലം നാദാപുരത്തിന് വീണ്ടും അശാന്തിയുടെ ദിനങ്ങള്‍ സമ്മാനിക്കുകയായിരുന്നു.
ഏറെ വിവാദമായ തെരുവംപറമ്പ് മാനഭംഗക്കേസുമായി ബന്ധപ്പെട്ട് കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായ ഈന്തുള്ളതില്‍ ബിനുവിന്റെ കൊലപാതകമടക്കം നിരവധി പേരുടെ ജീവനുകള്‍ ഇക്കാലത്ത് രാഷ്ട്രീയത്തിന്റെ പേരില്‍ നാദാപുരത്തിന് നഷ്ടപ്പെട്ടു. ചേരി തിരിഞ്ഞുള്ള അക്രമത്തില്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമമുണ്ടായി, വ്യാപകമായ കൊള്ളയടിക്കലിനും സാക്ഷിയായി. ഒടുവില്‍ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന ഉഷാടൈറ്റസിന് അക്രമികളെ പിരിച്ച് വിടാനായി ആകാശത്തേക്ക് വെടിവെക്കാന്‍ വരെ ഉത്തരവിടേണ്ടി വന്നു. 2008, 2009 കാലങ്ങളിലും വിവിധ അക്രമസംഭവങ്ങള്‍ നാദാപുരത്തുണ്ടായെങ്കിലും എപ്പോഴും നഷ്ടമുണ്ടായത് ഇവിടെയുള്ള സാധാരണക്കാര്‍ക്ക് തന്നെയാണ്. ബോംബ് നിര്‍മാണത്തനിടെയും ഒളിപ്പിച്ച് വെച്ച ബോംബുകള്‍ പൊട്ടിയുമെല്ലാം നിരവധി ജീവനുകള്‍ നാദാപുരത്തും പരിസര പ്രദേശത്തും പൊലിഞ്ഞെങ്കിലും 2012 ല്‍ ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതും, തുടര്‍ന്ന് 2015 ല്‍ തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതുമായിരുന്നു നാദാപുരത്തുകാര്‍ കേട്ട അവസാനത്തെ രാഷ്ട്രീയ കൊലപാതക വാര്‍ത്ത. ഷിബിന്‍ കൊലപാതകത്തിലെ 17 പ്രതികളെയും കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഏതവസരവും ആക്രമണം ഉണ്ടാകുമെന്ന പൊലിസ് ഇന്റലിജന്‍സിന്റേയും സി.പി.എം പ്രാദേശിക നേതാവ് ചാത്തുവിന്റെ ഭീക്ഷണിക്കുമിടയിലാണ് കേസിലെ മൂന്നാം പ്രതി അതിദാരുണമായി കൊലചെയ്യപെട്ടത്. പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നറിയിപ്പോടെയുള്ള ഈ കൊലപാതകത്തിന് ശേഷം നാടിന്റെ ശാശ്വത സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."