കാര്‍ഷിക വികസനം; വയനാട്ടില്‍ 2952 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു
കല്‍പ്പറ്റ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2017-18 വര്‍ഷത്തില്‍ 2952 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ കാര്‍ഷിക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് പുരോഗതി വിലയിരുത്തലും ചര്‍ച്ചയും നടന്നത്.
വയലില്‍ വാഴകൃഷി ചെയ്യുന്ന രീതി ഒട്ടും പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്‌ടോബര്‍ വരെ വിഹിതത്തിന്റെ 55 ശതമാനം ചെലവാക്കാന്‍ വകുപ്പിന് കഴിഞ്ഞതായി യോഗം വിലയിരുത്തി.
കൃഷി വകുപ്പ് നെല്‍കൃഷി വികസനത്തിനായി ജില്ലയില്‍ 426.63 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കും.
9000 ഹെക്ടര്‍ സ്ഥലത്ത് സുസ്ഥിര നെല്‍കൃഷി വികസനത്തിന് 1500 രൂപ വീതം 135 ലക്ഷം രൂപ ധനസഹായം നല്‍കും.
പാടശേഖര സമിതികള്‍ക്ക് ഗ്രൂപ്പ് ഫാമിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേഷണല്‍ സ്‌പോര്‍ട്ട് ആയി ഹെക്ടറിന് 360 രൂപ തോതില്‍ 4233 ഹെക്ടര്‍ സ്ഥലത്തേക്ക് 15.24 ലക്ഷം രൂപ ധനസഹായം അനുവദിക്കും.
പട്ടണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയടിസ്ഥാനത്തില്‍ (കുറഞ്ഞത് ഒരു ഹെക്ടര്‍) നെല്‍കൃഷി ചെയ്യുന്നതിന് ജില്ലക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പുതിയ കൃഷി ഓഫിസ് കാര്യാലയം നിര്‍മിക്കുന്നതിന് 290 ലക്ഷം രൂപ അനുവദിച്ച് പി.ഡബ്ല്യു.ഡിക്ക് കൈമാറിയതായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ അറിയിച്ചു.
കൃഷി വകുപ്പ് ജില്ലയില്‍ പച്ചക്കറി കൃഷി വികസനത്തിനായി 359.50 ലക്ഷം രൂപ അനുവദിച്ചു.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയില്‍ വീടുകളില്‍ കൃഷിക്കായി ജില്ലയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് 10 രൂപ വിലയുള്ള 70,000 പച്ചക്കറി വിത്തു പാക്കറ്റുകളും കര്‍ഷകര്‍ക്ക് 10 രൂപ വിലയുള്ള 70,000 പാക്കറ്റുകളും സൗജന്യമായി നല്‍കുന്നു.
വിദ്യാലയങ്ങളില്‍ 10 സെന്റ് വീതമുള്ള പച്ചക്കറി തോട്ടം തയ്യാറാക്കുന്നതിനായി ജില്ലയിലെ 70 വിദ്യാലയങ്ങള്‍ക്കായി 5000 രൂപ തോതില്‍ 3.5 ലക്ഷം രൂപ അനുവദിച്ചു. വിദ്യാലയങ്ങള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 50 സെന്റില്‍ കൂടുതല്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് പ്രൊജക്ട് അടിസസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നതിനായി 11 ലക്ഷം രൂപ അനുവദിച്ചു.
ഇപ്രകാരം 15 സ്ഥാപനങ്ങള്‍ക്ക് തുക അനുവദിച്ചു. പനമരം, ബത്തേരി, മാനന്തവാടി ബ്ലോക്കുകളില്‍ മൂല്യവര്‍ധിത ഉല്‍പന്ന യൂനിറ്റുകള്‍ അനുവദിച്ചു.
ഈ വര്‍ഷത്തെ വിള ആരോഗ്യ പരിപാലന പദ്ധതിയില്‍ പുതുതായി മൂന്ന് പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ കൂടി ജില്ലക്ക് അനുവദിച്ചു.
വെങ്ങപ്പള്ളി, മീനങ്ങാടി, മാനന്തവാടി എന്നിവിടങ്ങളിലാണ് പുതിയ ക്ലിനിക്കുകള്‍ തുടങ്ങുക. മൊത്തം 42.7 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി അനുവദിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷനായി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ ഷാജന്‍ തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ സുധീഷ് വി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."