അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് അംഗം രാജിവച്ചു
എടപ്പാള്‍: നേതൃത്വത്തോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുസ്‌ലീംലീഗ് പഞ്ചായത്ത് അംഗം രാജിവച്ചു. എട്ടാം വാര്‍ഡ് അംഗം പി.പി അബ്ദുല്‍നാസറാണ് രാജിവച്ചത്.
സി.പി.എം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെ ചര്‍ച്ചക്കെടുക്കാനിരിക്കെയായിരുന്നു അംഗത്തിന്റെ രാജി. ഇതോടെ യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നു. പ്രസിഡന്റും ഒന്‍പത് യു.ഡി.എഫ് അംഗങ്ങളും യോഗത്തിനെത്തിയില്ല. ഒന്‍പത് സി.പി.എം അംഗങ്ങള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതോടെ ഇന്നലെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സാധിച്ചില്ല. പ്രസിഡന്റായിരുന്ന കെ.പി സുബ്രമണ്യന് സി.പി.എം നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും അവിശ്വാസം കൊണ്ടുവരികയുമായിരുന്നു. സി.പി.എമ്മുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്വതന്ത്ര്യനായി മത്സരിച്ചാണ് കെ.പി സുബ്രഹ്മണ്യന്‍ ഭരണസമിതിയിലെത്തിയത്.
സി.പി.എം പിന്തുണ പിന്‍വലിച്ചതോടെ കെ.പി.സുബ്രഹ്മണ്യന്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. എടപ്പാളില്‍ നടന്ന പടയൊരുക്കം പരിപാടിയുടെ തവനൂര്‍ മണ്ഡലം സ്വീകരണ യോഗത്തില്‍വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും ചേര്‍ന്നാണ് സുബ്രമണ്യന് കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഇതോടെ പത്തൊന്‍പതംഗ ഭരണ സമിതിയില്‍ പത്ത് അംഗങ്ങളുടെ പിന്തുണയോടെ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ച സമയത്താണ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് മുസ് ലീം ലീഗ് അംഗം രാജിവച്ചത്. പത്ത് അംഗങ്ങളില്‍ ആറുഅംഗങ്ങളുടെ പിന്തുണയുള്ള മുസ്‌ലീം ലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന് നേരത്തെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പ്രസിഡന്റ് സ്ഥാനം കെ.പി സുബ്രഹ്മണ്യന് തന്നെ നല്‍കാന്‍ മുന്നണി യോഗം തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് സി.പി.എം പിന്തുണ പിന്‍വലിച്ചത്. തുടര്‍ന്ന് സി.പി.എമ്മിന്റെ ഒമ്പത് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. അംഗം രാജിവച്ചതിനെ തുടര്‍ന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ നിലവിലെ ഭരണ സമിതി തുടരും. ഈ തെരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും നിര്‍ണായകമാകും. ഇവിടെ ജയിക്കുന്ന മുന്നണിക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."