ദേവസ്വം ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി.സദാശിവം ഒപ്പുവച്ചു.
ഓര്‍ഡിനനന്‍സിനുള്ള സാഹചര്യവും ദേവസ്വം ആക്ട് സംബന്ധിച്ച ചില കാര്യങ്ങളില്‍ വിശദീകരണവും ചോദിച്ച് ഗവര്‍ണര്‍ ഇന്നലെ ഓര്‍ഡിനന്‍സ് മടക്കിയിരുന്നു. ഇതിനുള്ള വിശദീകരണം ഇന്നലെ വൈകുന്നേരത്തോടെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി.
ഭരണസമിതി അംഗങ്ങള്‍ക്ക് കാര്യക്ഷമതയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കെടുകാര്യസ്ഥത, ഫണ്ട് വിനിയോഗത്തിലെ അപാകത, അനാസ്ഥ എന്നീ കാരണങ്ങള്‍ കൊണ്ടാണ് ഇവരെ മാറ്റുന്നത്. മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകളും ഇതുപോലെ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഓര്‍ഡിനന്‍സ് ശബരിമല തീര്‍ഥാടനത്തെ ബാധിക്കുമെന്ന പ്രതിപക്ഷ ആരോപണവും സര്‍ക്കാര്‍ തള്ളി. ശബരിമല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും പ്രത്യേക കമ്മിഷണറായി ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷം പൂര്‍ത്തിയാവാനിരിക്കെയാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായത്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള പ്രതികാരമാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം, ഇന്നലെ രാവിലെ ശബരിമല മണ്ഡലകാലത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗത്തില്‍ പ്രയാര്‍ പങ്കെടുത്തിരുന്നു.
devaswm ordinance, governor, prayar gopalakrishnan, kerala gov
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."