തൊഴിലാളികളുടെ കൂലി വെട്ടിക്കുറച്ചു റേഷന്‍ ഡിപ്പോയില്‍ തൊഴില്‍ സ്തംഭനം
വടകര: കൂലി വെട്ടിക്കുറച്ചതിനെ തുടര്‍ന്നു വടകര താലൂക്ക് റേഷന്‍ ഡിപ്പോയില്‍ തൊഴില്‍ സ്തംഭനം. വില്യാപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോയില്‍ മൂന്നു ദിവസമായി 44 തൊഴിലാളികള്‍ ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇതേ തുടര്‍ന്ന് ഇവിടെ ലോഡ് ഇറക്കുന്നതും കയറ്റുന്നതും നിലച്ചു.
ഒരു ക്വിന്റലിന് 32 രൂപ കൂലിയുണ്ടായിരുന്നത് ഏകപക്ഷീയമായി 27 രൂപ 95 പൈസയായി കരാറുകാരന്‍ കുറച്ചതാണ് പ്രശ്‌നത്തിനു കാരണം. വില്യാപ്പള്ളിയില്‍ ഗോഡൗണ്‍ തുടങ്ങിയതു മുതല്‍ ലഭിച്ചിരുന്ന കൂലിയാണ് പൊടുന്നനെ കുറച്ചിരിക്കുന്നത്. ഒന്‍പതാം തിയതി ജോലി ചെയ്യുന്നതിനിടയിലാണ് കൂലി കുറച്ചതായി അറിയിപ്പു വന്നത്. ഇതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു സംഘടനകളില്‍പെട്ട തൊഴിലാളികള്‍ ഒന്നടങ്കം ജോലി നിര്‍ത്തിവക്കുകയായിരുന്നു. മറ്റു പ്രദേശങ്ങളില്‍ കൂലി കുറവാണെന്നു പറഞ്ഞ് ഇവിടെ കിട്ടിക്കൊണ്ടിരുന്ന തുക വെട്ടിക്കുറക്കുകയാണ് ചെയ്തത്. ഇതോടെ തൊഴിലാളിക്ക് ഒരു ദിവസം കിട്ടുന്ന പ്രതിഫലത്തില്‍ വലിയ ഇടിവ് വന്നതായും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി.
സാധനങ്ങള്‍ ഇറക്കുകയും തൂക്കം ഒപ്പിച്ച് പിന്നീട് വാഹനങ്ങളില്‍ കയറ്റുകയുമാണ് ഡിപ്പോയില്‍ നടക്കുന്നത്. സമരം കാരണം രണ്ടു ദിവസമായി റേഷന്‍ സാധനങ്ങളുടെ നീക്കം മുടങ്ങിയിരിക്കുകയാണ്. സ്തംഭനം തുടര്‍ന്നാല്‍ റേഷന്‍ വിതരണം പോലും അവതാളത്തിലാവും.
വടകര താലൂക്കിലാകെ റേഷന്‍ സാമഗ്രികള്‍ പോകുന്നത് വില്യാപ്പള്ളിയിലെ ഡിപ്പോയില്‍ നിന്നാണ്. പ്രശ്‌നം പരിഹരിക്കാന്‍ സിവില്‍ സപ്ലൈസും ലേബര്‍ വകുപ്പും കരാറുകാരനും ഇടപെടണമെന്നു തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. കെ.സി ബിനീഷ് അധ്യക്ഷനായി. വി.കെ കുഞ്ഞിമൂസ, എം. റഫീഖ്, ഹാരിസ് പറമ്പത്ത്, അഹമ്മദ് കുന്നുമ്മല്‍, കെ.വി റഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."