നരിപ്പറ്റ പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി മലയോര മേഖലയില്‍ വന്‍ കൃഷിനാശം
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ പാറവട്ടം, കമ്മായി, കുമ്പളച്ചോല പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിപ്പെടുത്തി വീണ്ടും കാട്ടാന അക്രമം. മേഖലയിലെ നിരവധി കൃഷികളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക വായ്പയെടുത്തും മറ്റും ആയിരങ്ങള്‍ മുടക്കി കൃഷിയിറക്കിയ കര്‍ഷകരാണ് ഇതു മൂലം ദുരിതത്തിലായിരിക്കുന്നത്.
മയങ്ങിയില്‍ കണ്ണന്‍, മാവുള്ള ചാലില്‍ ചന്ദ്രി, കുമാരന്‍ പാതിരിപ്പറ്റ എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിക്കപ്പെട്ടത്. രാത്രിയും പകലും വ്യത്യാസമില്ലാതെ ആന ഇറങ്ങുന്നത് കാരണം കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ഹെക്ടര്‍ കണക്കിന് ഭൂമി ഇവിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ വാങ്ങിക്കൂട്ടി കൃഷിയിറക്കാതെ കാടുകയറിയതോടെയാണ് കാട്ടാനകള്‍ കൂട്ടമായി കൃഷിഭൂമിയിലെത്തി വിള നശിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞമാസവും ഇതേ പോലെ വിള നശിപ്പിച്ചിരുന്നു.
വേനല്‍ക്കാലങ്ങളില്‍ വരള്‍ച്ച കാരണം ജലം തേടി കാടിറങ്ങുന്ന ആനക്കൂട്ടങ്ങളാണിപ്പോള്‍ ഭീഷണി ഉയര്‍ത്തുന്നത്. ആനകളുടെയും മറ്റു വന്യ ജീവികളുടെയും അക്രമം കാരണം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. വൈദ്യുത വേലികള്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തിന് ഇന്നും പരിഹാരമുണ്ടാക്കാനായിട്ടില്ല. ഈ പ്രദേശത്തെ വീടുകളില്‍ കഴിയുന്നവരും ആശങ്കയിലാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."