ഭവന്‍സ് ലോ കോളജ്: മാനേജ്‌മെന്റ് ഉറപ്പ് പാലിച്ചില്ല; വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്
ഫറോക്ക്: ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ ഉറപ്പ് മാനേജ്‌മെന്റ് പാലിക്കാത്തതിനെ തുടര്‍ന്നു രാമനാട്ടുകര ഭവന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ വീണ്ടും സമരത്തിലേക്ക്. ഇതിന്റെ മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും വിദ്യാര്‍ഥികളും ചേര്‍ന്നു രൂപീകരിച്ച സമരസമിതിയുടെ നേതൃത്വത്തില്‍ രാമനാട്ടുകരയില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി.
കോളജിനു പ്രൊട്ടക്ഷന്‍ നല്‍കിക്കൊണ്ടുള്ള കോടതിവിധി വരുന്നതുവരെ പ്രതിഷേധം ഒഴിവാക്കാന്‍ മാനേജ്‌മെന്റ് നടത്തിയ നാടകത്തിന്റെ ഭാഗമായാണു ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പെന്നു വിദ്യാര്‍ഥി നേതാക്കാള്‍ ആരോപിച്ചു.
പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 30നു ഭവന്‍സിന്റെ മുഴുവന്‍ സ്ഥാപനങ്ങളും ഉപരോധിക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ തലേദിവസം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയും ഇതിനെ തുടര്‍ന്നു ഉപരോധസമരം പിന്‍വലിക്കുകയുമായിരുന്നു. പുറത്താക്കിയ 10 വിദ്യാര്‍ഥികളില്‍ ഏഴു പേരെ തിരിച്ചെടുക്കാനും മൂന്നുപേര്‍ക്ക് കോളജില്‍ നിന്നു ട്രാന്‍സഫര്‍ വാങ്ങി പോകാനുള്ള അവസരമൊരുക്കാമെന്നുമായിരുന്നു മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ്.
സമരം പിന്‍വലിച്ചു ആഴ്ചകള്‍ പിന്നിട്ടിട്ടും ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാതെ മാനേജ്‌മെന്റ് ജനപ്രതിനിധികളെയും വിദ്യാര്‍ഥികളെയും കബളിപ്പിക്കുകയായിരുന്നുവെന്നു സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
മാനേജ്‌മെന്റിന്റെ വഞ്ചനാപരമായ നിലപാടിനെതിരേ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നത്. ഇന്നലെ നടന്ന ജനകീയ ഉപവാസം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി. നിഖില്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ രാജന്‍ പുല്‍പ്പറമ്പില്‍ അധ്യക്ഷനായി. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, സി.പി.എം ഏരിയാ സെക്രട്ടറി എം. ഗിരീഷ്, മാനുകുട്ടന്‍, ചായിച്ചുട്ടി, പി. മൊയ്തീന്‍കോയ, എന്‍.എസ് സജിത്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."