ഇന്ന് ലോക പ്രമേഹദിനം
കോഴിക്കോട്: ജീവിതശൈലീ രോഗങ്ങളാണ് പ്രമേഹം വര്‍ധിപ്പിക്കുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. സൂപ്പി കയനടത്തില്‍ വ്യക്തമാക്കി.
രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, അമിതഭാരം എന്നിവ പ്രമേഹത്തിന് ആക്കം കൂട്ടുന്നു. ഭൂരിപക്ഷം ആളുകള്‍ക്കും മാനസിക പിരിമുറുക്കം പ്രമേഹത്തിനു വഴിതുറക്കുന്നു. അതിരുവിട്ട ആഹാരരീതിയും വ്യായാമമില്ലായ്മയും പലര്‍ക്കും പ്രമേഹത്തിനു ഹേതുവാകുന്നു. ഈയിടെ നടത്തിയ സര്‍വേയില്‍ ഭക്ഷണമാണ് പ്രമേഹത്തിന് മുഖ്യവില്ലനായി വരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫാസ്റ്റ്ഫുഡ്, വിവിധങ്ങളായ പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഉപയോഗിച്ചവരിലും പ്രമേഹം കൂടിവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ചിലര്‍ക്ക് അതിയായ ക്ഷീണമാണ് അനുഭവപ്പെടുന്നത്. പ്രമേഹമുള്ളവര്‍ക്ക് മറ്റു രോഗങ്ങള്‍ പിടിപെടുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകും. ഇത്തരക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ ഡോക്ടര്‍മാരും പ്രയാസപ്പെടുന്നത് പതിവാണ്.
പ്രമേഹത്തിനുള്ള മരുന്ന് തുടര്‍ച്ചയായി കഴിക്കുന്നവര്‍ക്ക് മറ്റു രോഗങ്ങള്‍ വരുമ്പോള്‍ അവയ്ക്കുള്ള മരുന്നുകള്‍ ശരീരം സ്വീകരിക്കാതെ വരുന്ന അവസ്ഥയും ഉണ്ടാകുന്നു. നിലവില്‍ പ്രമേഹരോഗിയായ ഒരാള്‍ക്ക് അതിനുള്ള മരുന്നു നല്‍കി പ്രമേഹത്തിന്റെ അളവ് കുറച്ചു കൊണ്ടുവന്നതിനു ശേഷമേ പുതിയതായി വന്ന രോഗത്തിന്ന് മരുന്ന് നല്‍കാന്‍ കഴിയുകയുള്ളൂ. അതിരുവിട്ട ആഹാരരീതി നിര്‍ത്തലാക്കുക, വ്യായാമം വര്‍ധിപ്പിക്കുക, മാനസിക പിരിമുറുക്കം കുറക്കാനുള്ള ഇടപെടലുകള്‍ നടത്തുക എന്നീ കാര്യങ്ങളാണ് പ്രമേഹത്തെ ചെറുക്കാനുള്ള നടപടികളെന്നും ഡോ. സൂപ്പി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."