ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ പത്തു മാസങ്ങളിലായി കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളില്‍ വര്‍ധിക്കുന്നതായി ചൈല്‍ഡ്‌ലൈന്‍. ലൈംഗിക അതിക്രമത്തിന്റെ പേരില്‍ 92 കേസാണ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 109 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസത്തിലെ കണക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന് ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി മുഹമ്മദലി പറഞ്ഞു.
കൂടാതെ ജില്ലയില്‍ എട്ടു ശൈശവ വിവാഹങ്ങള്‍ നടന്നതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരിക പീഡനം 86, മാനസിക പീഡനം 89 എണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാലഭിക്ഷാടനവും ബാലവേലയും ജില്ലയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവാണ്. ബാലഭിക്ഷാടനം 10 എണ്ണവും ബാലവേല ഒന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യപരമായ പ്രശ്‌നങ്ങളില്‍പ്പെട്ട ഏഴു പേരുടെയും പാര്‍പ്പിടം ഇല്ലാത്ത 67 പേരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ചൈല്‍ഡ്‌ലൈനിന് സാധിച്ചിട്ടുണ്ട്.
കൂടാതെ മാനസികമായി പ്രയാസമനുഭവിക്കുന്ന 67 കുട്ടികള്‍ക്ക് ഇമോഷനല്‍ സപ്പോര്‍ട്ട് ഗൈഡ് ക്ലാസുകള്‍ നല്‍കി പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനും സാധിച്ചതായി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം 23 പേരെയാണ് ജില്ലയില്‍ നിന്ന് ഈ വര്‍ഷം കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വഴിതെറ്റിയെത്തിയ 19 പേരെ തിരിച്ചു സ്വദേശത്തേക്ക് എത്തിക്കാനും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ ആകെ 658 കേസുകളാണ് കഴിഞ്ഞ പത്തു മാസത്തിനിടെ ജില്ലയില്‍ രേഖപ്പെടുത്തപ്പെട്ടത്.
പോക്‌സോ നിയമത്തെക്കുറിച്ചുള്ള അവബോധമുള്ളതിനാല്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നും ഇതാണ് ഇത്തരത്തില്‍ ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ നിലവില്‍ 60 പഞ്ചായത്തുകളിലായി 'ബാലസുരക്ഷാ യാത്ര' സംഘടിപ്പിച്ചു. കൂടാതെ രക്ഷിതാക്കള്‍, അധ്യാപകര്‍, പരിശീലകര്‍, ഡോക്ടര്‍മാര്‍, പൊലിസ് എന്നിവര്‍ക്കുള്ള അവബോധ ക്ലാസുകളും ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നതായി ജില്ലാ കോഡിനേറ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."