കോടതിയും തള്ളി; ചാണ്ടിയെ തള്ളാന്‍ മുഖ്യമന്ത്രിയ്ക്കിനിയും ആയില്ല
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയത്തില്‍ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി തീരുമാനമെടുക്കാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയത്.എന്‍.സി.പി യോഗം ചേരുകയാണ്. അവരുടെ തീരുമാനം അറിയണം. ഹൈക്കോടതിയുടെ പരാമര്‍ശവും പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനമെടുക്കാന്‍ എന്‍.സി.പിയോട് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് യോഗം നിര്‍ദ്ദേശിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു.
നേരത്തെ രണ്ട് തവണ ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. കോടതി പരാമർശങ്ങളും തോമസ് ചാണ്ടിയ്ക്ക് എതിരായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
തോമസ് ചാണ്ടി രാജിവെക്കണമെന്ന നേരത്തെ തന്നെ സി.പി.ഐ നിലപാടെടുത്തിരുന്നു. അതിനു ശേഷം സി.പി.എമ്മിലും പടയൊരുക്കം ആരംഭിച്ചിരുന്നു. ഒടുവില്‍ എല്‍.ഡി.എഫ് നേതൃത്വം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
കൊച്ചിയിലെ എന്‍.സി.പി യോഗത്തില്‍ തോമസ് ചാണ്ടി രാജി വെക്കണമെന്ന പൊതുവികാരം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തോട് രാജിയ്ക്കായി അനുമതി ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."