യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു
മാനന്തവാടി: വിവാഹാഭ്യാര്‍ഥന നിരസിക്കുകയും നിരന്തരമായി സാമ്പത്തിക ചൂഷണം തുടരുകയും ചെയ്ത ഭര്‍തൃമതിയായ കാമുകിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തൊട്ടില്‍പ്പാലം പൂതംപാറ ചൂരണി സ്വദേശി മതിലകത്ത് മെല്വിന് ജോസഫ് (24) ആണ് കേസിലെ പ്രതി.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വെള്ളമുണ്ട പുളിഞ്ഞാല്‍ സ്വദേശിനിയുടെ മുഖത്താണ് പ്രതി ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയേയും ആക്രമണം തടയുന്നതിനിടെ പൊള്ളലേറ്റ മാതാപിതാക്കളേയും മാനന്തവാടി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വാഹന മെക്കാനിക് ജോലിക്കാരനായ മെല്വിന് പൂതംപാറയില്‍ നിന്നും വാങ്ങിയ ആസിഡുമായി യുവതിയുടെ വീട്ടിലെത്തി അടുക്കളയിലായിരുന്ന യുവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു.
ഇത് മാതാപിതാക്കള്‍ തടയുന്നതിനിടെ ആസിഡ് തെറിച്ച് മെല്‍വിനും നിസാര പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവുപേക്ഷിച്ച യുവതിയുമായി മെല്വിന് പ്രണയത്തിലായിരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴായി ലക്ഷക്കണക്കിന് രൂപ യുവതിയും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയതായും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
രണ്ടു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തപ്പോഴും സമ്പാദ്യമെല്ലാം ഇവര്‍ കൈക്കലാക്കിയതായും ഇയാള്‍ പൊലിസിനോട് പറഞ്ഞു. എന്നാല്‍ വിവാഹത്തിനോ സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനോ ഇവര്‍ തയാറായില്ല. ഇതിലുള്ള പ്രതികാരമായാണ് യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്.
ആസിഡ് ഒഴിച്ച ശേഷം ഇയാള്‍ നേരെ മാനന്തവാടി പൊലിസ് സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചുമതലയുള്ള ബത്തേരി സി.ഐ എം.ഡി സുനിലാണ് കേസ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."