ഹരജി ഹൈക്കോടതിയില്‍; അടുത്തയാഴ്ച പരിഗണിക്കും
മലപ്പുറം: മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കുന്നതിനെതിരേ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്കി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച കേസ് പരിഗണിക്കും. ഈ മാസം 17ന് മലപ്പുറം പാസ്പോര്‍ട്ട് ഓഫിസ് പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസിലെ അന്തിമ വിധി വരുന്നത് വരെ താല്കാലിക സ്റ്റേ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. എന്നാല്‍ അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോള്‍ വിശദമായ സത്യവാങ്മൂലം നല്കാന് കോടതി കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടു.
മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തരുതെന്ന ആവശ്യവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കുഞ്ഞാലിക്കുട്ടി സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് കാണിച്ച് മന്ത്രി എം.പിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2006 ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി ഫയല്‍ ചെയ്തത്. കേന്ദ്ര മന്ത്രി സുഷമ സ്വരാജില്‍ നിന്ന് ലഭിച്ച കത്തിന്റെ പകര്‍പ്പം അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു.
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള ജില്ല എന്ന നിലക്ക് മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കുന്നത് തന്റെ മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാക്കുമെന്നാണ് അഡ്വ. കെ.ഐ അബ്ദുല്‍ റഷീദ് മുഖേന സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടി ബോധിപ്പിച്ചത്. 11 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തോളം പാസ്പോര്ട്ടുകള് ഇവിടെ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ മലപ്പുറം പാസ്പോര്‍ട്ട് ഓഫിസിലൂടെ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."