കൂട്ട പ്രസവശസ്ത്രക്രിയ: അന്വേഷണം പൂര്‍ത്തിയായി
കരുനാഗപ്പള്ളി(കൊല്ലം): കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട പ്രസവശസ്ത്രക്രിയ വിവാദമായതോടെ, ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണം പൂര്‍ത്തിയായി. രണ്ടുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊല്ലം ഡി.എം.ഒക്ക് കൈമാറും. പ്രസവശസ്ത്രക്രിയ പരമാവധി കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ആരോഗ്യവകുപ്പിനെ ഞെട്ടിച്ച സംഭവം.
ഇക്കഴിഞ്ഞ ഏഴിനായിരുന്നു ഇവിടെ 11 പ്രസവശസ്ത്രക്രിയ നടത്തിയത്. രാവിലെ ആറും പിന്നീട് മൂന്നും രാത്രിയില്‍ രണ്ടെണ്ണവും എന്ന നിലയ്ക്കായിരുന്നു ശസ്ത്രക്രിയ. ഇതേക്കുറിച്ച് അന്നുതന്നെ പരാതികള്‍ ഉയര്‍ന്നതോടെ സംഭവത്തെക്കുറിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെകൂടി നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ.മാരായ ഡോ. കൃഷ്ണവേണി, ഡോ. മണികണ്ഠന്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍ എന്നിവര്‍ തെളിവെടുപ്പിനായി ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാരില്‍നിന്നും ആശുപത്രി സൂപ്രണ്ടില്‍നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഇത്രയധികം പ്രസവശസ്ത്രകിയ നടന്നതില്‍ അസ്വാഭാവികതയുണ്ടോയെന്നും സംഘം വിശദമായി പരിശോധിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയാറായില്ല. നേരത്തേ ഇവിടെ ചികിത്സക്കെത്തിയ ഗര്‍ഭിണിയായ യുവതിക്ക് ആളുമാറി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."