സാങ്കേതികവിദ്യയോടു പുറംതിരിയുന്നത് വളര്‍ച്ച തടയും: മുഖ്യമന്ത്രി
കോഴിക്കോട്: നൂതന സാങ്കേതിക വിദ്യയോടു പുറംതിരിഞ്ഞു നിന്നാല്‍ അതു സഹകരണ മേഖലയുടെ വളര്‍ച്ചയെ പിറകോട്ടുവലിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റലൈസേഷന്‍ വഴി സഹകരണമേഖലയിലെ ഒറ്റപ്പെട്ട അഴിമതിയും ധൂര്‍ത്തും തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനികവത്കരണത്തിനു പ്രാധാന്യം നല്‍കിയാണു സഹകരണമേഖല പ്രവര്‍ത്തിക്കേണ്ടത്. കാര്യക്ഷമതയുള്ള ജീവനക്കാരെ സഹകരണമേഖലയില്‍ നിയോഗിച്ചില്ലെങ്കില്‍ വളര്‍ച്ചയില്‍ പ്രതിബന്ധമുണ്ടാകും.
സഹകരണ മേഖല കോര്‍ ബാങ്കിങ് സംവിധാനത്തിലേക്കു മാറാത്തതും ന്യൂനതയാണ്. ആധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളാനാവാത്തവരും നാട്ടിലുണ്ട്. ഇതു ഡിജിറ്റല്‍ സാക്ഷരതയിലൂടെ പരിഹരിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു കഴിയണം. സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടലാണു ബാങ്കുകളെ ജനകീയമാക്കിയത്. കേരളത്തിലെ സഹകരണ മേഖലയില്‍ വലിയ നിക്ഷേപമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. എം.പി വീരേന്ദ്രകുമാര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ വിജയന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ടി. സിദ്ദീഖ്, മനയത്ത് ചന്ദ്രന്‍, എസ്. ലളിതാംബിക, പി.കെ പുരുഷോത്തമന്‍ സംസാരിച്ചു. ബീച്ചില്‍ നിന്നു മുതലക്കുളത്തേക്കു ഘോഷയാത്രയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."