ഫെര്‍ഗൂസന്റെ തത്വങ്ങളും മാഞ്ചസ്റ്ററിന്റെ ശൈലിയുമായി റെനെയുടെ ബ്ലാസ്റ്റേഴ്‌സ് റെഡി
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പോരിനിറങ്ങുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അതേ ശൈലിയുമായി. അലക്‌സ് ഫെര്‍ഗൂസന്റെ തത്വങ്ങള്‍ പരിശീലന രംഗത്തും കളിക്കളത്തിലും നടപ്പാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകന്‍ റെനെ മ്യുളെന്‍സ്റ്റീന്‍. ഐ.എസ്.എല്‍ പ്രീ സീസണ്‍ പരിശീലനത്തിനിടെ പരുക്കേറ്റ് മറ്റ് ടീമുകളുടെ പല താരങ്ങളും മടങ്ങുമ്പോഴും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കരുത്തോടെ നില്‍ക്കുന്നത് അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ റെനെ മ്യുളെന്‍സ്റ്റീന്‍ നടപ്പില്‍ വരുത്തിയതിനാലാണ്. പരുക്കില്ലാതെ അവസാന ഘട്ടം വരെ ടീമിനെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. പതിയെ തുടങ്ങി ക്രമാനുഗതമായി പരിശീലനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തന്ത്രമാണ് റെനെ മ്യുളെന്‍സ്റ്റീനും പിന്തുടരുന്നത്.
ജയിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. കാണികള്‍ക്ക് മികച്ച ഓര്‍മകള്‍ സമ്മാനിക്കണം. അതിനുള്ള കളി തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുമെന്ന് മധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തില്‍ മ്യുളെന്‍സ്റ്റീന്‍ വ്യക്തമാക്കി. ഗോള്‍ അടിച്ചു ജയിക്കുക മാത്രമല്ല. ഗോള്‍ വഴങ്ങാതെ പ്രതിരോധിച്ചും വിജയിച്ചാലേ കിരീടം നേടാന്‍ കഴിയൂ. ഫെര്‍ഗൂസന്റെ ഈ തത്വമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് നടപ്പാക്കുകയെന്നും മ്യുളെന്‍സ്റ്റീന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സാഹചര്യങ്ങളിലേത് ഉള്‍പ്പടെ കടുത്ത പരിശീലനം എ.ടി.കെയുടെ റോബികീന്‍ ഉള്‍പ്പടെയുള്ള പല വിദേശ താരങ്ങള്‍ക്കും സമ്മാനിച്ചത് പരുക്കാണ്. ഇതോടെ സീസണിന് കിക്കോഫ് ആകും മുന്‍പേ കീന്‍ ഉള്‍പ്പടെ താരങ്ങള്‍ ഇന്ത്യ വിട്ടത് പല ടീമുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. അലക്‌സ് ഫെര്‍ഗൂസന്റെ തത്വങ്ങള്‍ പിന്തുടര്‍ന്നതോടെ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പരിശീലന തന്ത്രങ്ങള്‍ നടപ്പാക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശൈലിയിലേക്ക് ബ്ലാസ്റ്റേഴ്‌സിനെ എത്തിക്കാന്‍ റെനെക്ക് കഴിഞ്ഞു. 2016 സീസണിലെ ഫൈനലിസ്റ്റുകളും റണ്ണേഴ്‌സ് അപ്പും എന്ന വിലയിരുത്തലുകള്‍ക്ക് പുതിയ സീസണില്‍ സ്ഥാനമില്ലെന്നാണ് മ്യുളെന്‍സ്റ്റീന്‍ പക്ഷം. പുതിയ സീസണില്‍ കളത്തിലിറങ്ങുന്നത് പുതിയ ടീമാണ്. പ്രധാന താരങ്ങളും പരിശീലകരുമെല്ലാം മാറി വരുന്ന പുതിയ തന്ത്രങ്ങളാണ് പരിശീലിക്കുന്നത്. ടീമുകള്‍ തമ്മിലുള്ള വിലയിരുത്തലുകള്‍ക്കോ താരതമ്യത്തിനോ ഈ ഘട്ടത്തില്‍ പ്രസക്തിയില്ലെന്നും റെനെ വ്യക്തമാക്കുന്നു. എ.ടി.കെയുമായുള്ള ആദ്യ പോരാട്ടം മുതല്‍ കലാശപ്പോരാട്ടം വരെ ജയിക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സും പരിശീലകനും ലക്ഷ്യം വയ്ക്കുന്നത്. ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം തുടങ്ങിയ അനുഭവ സമ്പത്ത് ഏറെയുള്ള വിദേശ താരങ്ങളും അരാറ്റ ഇസുമി, സി.കെ വിനീത് പോലുള്ള കരുത്തുറ്റ ഇന്ത്യന്‍ താരങ്ങളും പുതുമുഖങ്ങളും ചേരുന്ന ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മ്യുളെന്‍സ്റ്റീന് വലിയ പ്രതീക്ഷയാണ്. ബ്ലാസ്റ്റേഴ്‌സിന് കാണികള്‍ നല്‍കുന്ന മികച്ച പിന്തുണ തിരിച്ചറിയുന്ന റെനെ കൊച്ചിയില്‍ ഉള്‍പ്പടെ ആ പിന്തുണ പ്രതീക്ഷിക്കുന്നു.
വിദേശത്ത് പന്ത് തട്ടുന്നതിന്റെ ആഹ്‌ളാദത്തില്‍ വെസ് ബ്രൗണ്‍
ആദ്യമായി വിദേശ പുല്‍ത്തകിടിയില്‍ പന്ത് തട്ടുന്നതിന്റെ ആഹ്‌ളാദത്തിലും ആവേശത്തിലുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ ശക്തന്‍ വെസ് ബ്രൗണ്‍. 20 വര്‍ഷത്തോളമായി ഇംഗ്ലണ്ടില്‍ മാത്രം കളിച്ച താരമാണ് വെസ്. ആദ്യമായാണ് ഈ ഇംഗ്ലീഷ് ഫുട്‌ബോളര്‍ വിദേശത്ത് കളിക്കാന്‍ എത്തുന്നത്. ഐ.എസ് എല്ലില്‍ കളിക്കാന്‍ നല്ല തയ്യാറെടുപ്പുകള്‍ തന്നെ നടത്തിയെന്ന് വെസ് ബ്രൗണ്‍ വ്യക്തമാക്കി. കൊച്ചിയില്‍ ചൂട് കൂടുതലാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് വരികയാണ്. ഇന്ത്യന്‍ താരങ്ങള്‍ മികച്ച സഹകരണമാണ് നല്‍കുന്നത്. ബെര്‍ബറ്റോവ് ഉള്‍പ്പടെ വിദേശ താരങ്ങളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചതായും ഇന്ത്യന്‍ സാഹചര്യങ്ങളിലെ വെല്ലുവിളി മികച്ച പരിചയ സമ്പത്താണ് നല്‍കുന്നതെന്നും വെസ് ബ്രൗണ്‍ പറഞ്ഞു.
ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം സുരക്ഷിതം: ജിയോറ ആന്‍ഡ്മന്റെ
നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോ ള്‍മുഖം സുരക്ഷിതമാണ്. 'പോരാട്ടത്തില്‍ വിജയം മാത്രം ലക്ഷ്യമെങ്കില്‍ ഗോള്‍ വഴങ്ങാം. കിരീടം ഉയര്‍ത്തുകയാണ് ലക്ഷ്യമെങ്കില്‍ സ്‌കോര്‍ ബോര്‍ഡില്‍ ഏറ്റവും കുറവ് ഗോള്‍ മാത്രമേ ഉണ്ടാകാവു'. കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പിങ് പരിശീലകന്‍ ജിയോറ ആന്‍ഡ്മന്റെയുടെ പക്ഷമിതാണ്. മത്സരങ്ങളേറെയുള്ള നീണ്ട സീസണില്‍ ക്ലീന്‍ ഷീറ്റോടെ മുന്നേറുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്നും ഇസ്രഈല്‍ മുന്‍ ദേശീയ താരവും ഗോള്‍ കീപ്പിങ് കോച്ചുമായിരുന്ന ആന്‍ഡ്മന്റെ വ്യക്തമാക്കി. ഗോള്‍ വല ലക്ഷ്യമിട്ട് എത്തുന്ന എതിരാളികളുടെ ഷോട്ടുകളെ പിടിച്ചെടുത്ത് താരങ്ങളിലേക്ക് അതിവേഗം കൈമാറിയുള്ള പ്രത്യാക്രമണ ശൈലിയാകും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍മാര്‍ നടപ്പാക്കുക. അനുഭവ സമ്പത്തുള്ള ഗോള്‍കീപ്പറാണ് സന്ദീപ് നന്ദി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലീഡ്‌സ് യുനൈറ്റഡ്, ബ്ലാക്ക്പൂള്‍ ക്ലബുകളിലെ അനുഭവ സമ്പത്തുമായി ഇംഗ്ലണ്ടിന്റെ പോള്‍ റചുബ്കയും കൂട്ടായുണ്ട്. ഇരുവര്‍ക്കുമൊപ്പം അവസരത്തിനൊത്ത് ഉയരാന്‍ പ്രാപ്തിയുള്ളവരാണ് സുഭാശിഷ് ചൗധരിയും സുജിത്തുമെന്നും ജിയോറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."